മീനച്ചിൽ തോട്ടിലെ വെള്ളപ്പൊക്കം തടയാൻ പദ്ധതി ആഴംകൂട്ടൽ ജോലികൾ ആദ്യ ഘട്ടം പൂർണം

Mail This Article
പാലാ ∙ മീനച്ചിലാറിന്റെ പ്രധാന കൈവഴിയായ മീനച്ചിൽ തോട്ടിലെ തുടരെയുള്ള വെള്ളപ്പൊക്കം തടയുന്നതിനുള്ള ജോലികൾ ആദ്യ ഘട്ടം പൂർത്തിയായി. കുറ്റില്ലം മുതൽ ഇടയാറ്റ് പാലം വരെയുള്ള ഒരു കിലോമീറ്ററോളം തോടിന്റെ ആഴം കൂട്ടുന്ന ജോലികളാണു പൂർത്തിയായത്. 82 ലക്ഷം രൂപ ചെലവഴിക്കുന്ന പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 8 ലക്ഷം രൂപയുടെ ജോലികളാണു പൂർത്തിയായിരിക്കുന്നത്. മീനച്ചിൽ തോട്ടിലെ വെള്ളപ്പൊക്കം സംബന്ധിച്ചു മനോരമ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.
എമർജൻസി മൺസൂൺ പ്രെപർഡ്നെസ്-2023 എന്ന പദ്ധതിയിൽപെടുത്തി നടത്തുന്ന മീനച്ചിൽ തോട് പുനരുദ്ധാരണ പദ്ധതിയിൽ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്തു. മീനച്ചിൽ തോട്ടിലെ വെള്ളത്തിന്റെ ഒഴുക്ക് സുഗമമായി നടക്കാൻ തോട്ടിൽ അടിഞ്ഞു കൂടിയിരിക്കുന്ന മൺതിട്ടകളും വലിയ മരങ്ങളും നീക്കം ചെയ്തിട്ടുണ്ട്. തോട്ടിലെ നീരൊഴുക്ക് പുന:സ്ഥാപിക്കുന്നതിനുള്ള ജോലികളാണ് നടത്തിയത്.മൂവാറ്റുപുഴ-പുനലൂർ ഹൈവേയിൽ കടയം മുതൽ പൂവരണി വരെയുള്ള റോഡിൽ വർഷത്തിൽ പല തവണയാണ് വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നത്. പ്രധാന ശബരിമല പാത കൂടിയാണിത്.
നൂറുകണക്കിനു വീടുകളിലാണു വെള്ളപ്പൊക്കം പ്രതിസന്ധി സൃഷ്ടിക്കുന്നത്. കുമ്പാനി മുതൽ പാലക്കയം വരെയാണ് വെള്ളപ്പൊക്ക ഭീഷണി ഏറെയുള്ളത്. തോട് നവീകരണ ജോലികൾ ജോസ് കെ.മാണി എംപി വിലയിരുത്തി. ബ്ലോക്ക് മെംബർ റൂബി ജോസ്, ടോബിൻ കെ.അലക്സ്, മാത്തുക്കുട്ടി ചേന്നാട്ട്, രൺദീപ് ജി.മീനാഭവൻ, ഷാജി വില്ലൻകല്ലേൽ, സതീഷ് വളയത്തിൽ, സിബി ഓടയ്ക്കൽ, സുമോദ് എസ്.വളയത്തിൽ, സന്തോഷ് ചിറമുഖത്ത്, വിനയകുമാർ മാനസ, അർജുൻ കൊമ്പനാൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.