കോട്ടയം ∙ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ പൊലീസ് നടത്തിയ പരിശോധനയിൽ, വാറന്റ് കേസുകളിൽ ഒളിവിലായിരുന്ന 277 പേരെ അറസ്റ്റ് ചെയ്തു. ലഹരിവസ്തുക്കൾ കൈവശം വച്ചതിന് 14 കേസും മദ്യപിച്ചും അലക്ഷ്യമായും വാഹനം ഓടിച്ചത് ഉൾപ്പെടെ 192 കേസും റജിസ്റ്റർ ചെയ്തു. ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപനയും തടയുന്നതിനും വാറന്റ് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമായിരുന്നു പൊലീസിന്റെ പരിശോധന.
ശനിയാഴ്ച രാവിലെ ആരംഭിച്ച പരിശോധന ഇന്നലെ വെളുപ്പിന് 5 വരെ നീണ്ടുനിന്നു. ലോഡ്ജുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. വിവിധ സ്റ്റേഷനുകളിൽ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടവരും ക്രിമിനൽ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയവരും ഉൾപ്പെടെ 300 പേരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.
ജില്ലയിലെ ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് മഫ്തി പൊലീസ് പരിശോധനയും ബൈക്ക് പട്രോളിങ്ങും നടത്തി. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജില്ലയിലെ ഡിവൈഎസ്പിമാർ, എസ്എച്ച്ഒമാർ എന്നിവർ പങ്കെടുത്തു.