കാഞ്ഞിരപ്പള്ളി ∙ ബ്ലോക്ക് പഞ്ചായത്തിലെ പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റിന്റെ പ്രവർത്തനം നിലച്ചതോടെ ബ്ലോക്കിനു കീഴിലെ 7 പഞ്ചായത്തുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു. വാർഡുകളിൽനിന്നു ഹരിതകർമസേന ശേഖരിച്ച് എംസിഎഫിലും വിവിധ സ്ഥലങ്ങളിലുമായി സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണു നീക്കം ചെയ്യാതെ കെട്ടിക്കിടക്കുന്നത്. ക്ലീൻ കേരള കമ്പനിയുടെ പുതുക്കിയ നിബന്ധനകളെ തുടർന്നു ഷ്രെഡിങ് യൂണിറ്റിലെ തൊഴിലാളികൾ ജോലി ഉപേക്ഷിച്ചു പോയതാണു യൂണിറ്റിന്റെ പ്രവർത്തനം നിലയ്ക്കാൻ കാരണം.
കമ്പനിയുടെ പുതുക്കിയ നിബന്ധന പ്രകാരം തൊഴിലാളികൾക്കു കൂലി കുറവും പണികൾ കൂടുതലുമാണെന്ന് ആരോപിച്ചാണ് തൊഴിലാളികൾ പണി ഉപേക്ഷിച്ചത്. ഇതോടെ കമ്പനിയുമായുള്ള കരാർ ബ്ലോക്ക് പഞ്ചായത്ത് പുതുക്കിയില്ല. ഏതാനും പഞ്ചായത്തുകളിൽനിന്നു വല്ലപ്പോഴുമാണ് ക്ലീൻ കേരള കമ്പനി പ്ലാസ്റ്റിക് മാലിന്യങ്ങൾ നേരിട്ടു ശേഖരിക്കുന്നതെന്നു പഞ്ചായത്ത് ഭരണസമിതികൾ ആരോപിക്കുന്നു. ഇതിൽ പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക്കുകൾ എടുക്കുന്നതിനു കമ്പനിക്ക് കിലോഗ്രാമിനു 9 രൂപ വീതം പഞ്ചായത്ത് നൽകണം.
ഇതോടെ മിക്ക പഞ്ചായത്തുകളിലെയും മാലിന്യനീക്കം നിലച്ച സ്ഥിതിയാണ്. ബ്ലോക്ക് പഞ്ചായത്ത് ഷ്രെഡിങ് യൂണിറ്റിൽ എത്തിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളും സംസ്കരിക്കാതെ കിടക്കുകയാണ്. ഹരിതകർമ സേനകൾ വീടുകളിൽ നിന്നു ശേഖരിച്ച് തരംതിരിച്ച് ചാക്കുകളിൽ കെട്ടിവച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണു പഞ്ചായത്തുകളിലെ എംസിഎഫുകളിലും പരിസരത്തുമായി കെട്ടിക്കിടക്കുന്നത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ പഴയ ഓഫിസ് കെട്ടിടത്തിന്റെ വളപ്പിൽ നൂറുകണക്കിനു ചാക്കുകളിലായി പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്.