കുറവിലങ്ങാട് ∙ കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിൽ 9 വർഷം മുൻപ് ഒരു കോടിയിലേറെ രൂപ മുടക്കി നിർമിച്ച കെട്ടിടം ആർക്കും വേണ്ടാത്ത അവസ്ഥയിൽ. വിത്ത് സംസ്കരണ കേന്ദ്രത്തിനായി നിർമിച്ച കെട്ടിടമാണ് നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നത്. 1.25 കോടി രൂപ ആയിരുന്നു അന്നു മുടക്കിയത്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തു കൃഷി മന്ത്രിയായിരുന്ന വി.എസ്.സുനിൽകുമാർ കെട്ടിടത്തിന്റെ കാര്യത്തിൽ ഇടപെട്ടെങ്കിലും തുടർനടപടി ഉണ്ടായില്ല. ലക്ഷക്കണക്കിനു രൂപയുടെ യന്ത്രങ്ങൾ തുരുമ്പെടുത്തു നശിക്കുന്നു. ഓരോ മണിക്കൂറിലും 2 ടൺ വിത്ത് സംസ്കരിക്കാൻ ശേഷി ഉണ്ടായിരുന്ന യൂണിറ്റിൽ നിന്ന് ഇതുവരെ ഒരു വിത്ത് പോലും പുറത്തു വന്നിട്ടില്ല.
കെട്ടിട നിർമാണം പൂർത്തിയായപ്പോൾ ഇവിടേക്ക് വൈദ്യുതി കണക്‌ഷൻ ലഭിച്ചിരുന്നുവെങ്കിലും നിരക്ക് അടയ്ക്കാത്തതിനാൽ വിഛേദിച്ചു. കൃഷിത്തോട്ടത്തിൽ ഉദ്യോഗസ്ഥർക്കായി നിർമിച്ച ക്വാർട്ടേഴ്സ് കെട്ടിടങ്ങളും ഉപയോഗശൂന്യം. പലതും പൂർണമായി തകർന്നു. ചിലത് അസ്ഥികൂടം പോലെ ബാക്കി നിൽക്കുന്നു. സർക്കാർ ഭൂമിയിലെ കെട്ടിടം ആയതിനാൽ പൊളിച്ചു നീക്കാൻ നടപടികൾ ഒട്ടേറെ.