കുറവിലങ്ങാട് ∙ഗവർണർമാരും മുഖ്യമന്ത്രിയും മന്ത്രിമാരും ഒട്ടേറെ തവണ കടന്നു പോകുന്ന വഴിയാണ് എംസി റോഡ്. എംസി റോഡിൽ നിന്നു പാലാ റോഡ് ആരംഭിക്കുന്നത് കുറവിലങ്ങാടിനു സമീപം കോഴാ ജംക്‌ഷനിൽ നിന്ന്. ഇവിടെ ഗതാഗത പ്രശ്നങ്ങളുടെ കേന്ദ്രമാണ്.
കോഴാ ജംക്‌ഷൻ
എംസി റോഡിൽ കുറവിലങ്ങാട് ടൗണിനു സമീപത്തെ പ്രധാന ജംക്‌ഷൻ. കോഴാ–പാലാ റോഡ് ആരംഭിക്കുന്നത് ഇവിടെ നിന്ന്. എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി ജംക്‌ഷനിൽ സ്ഥാപിച്ച ഡിവൈഡറുമായി ബന്ധപ്പെട്ടു ഒട്ടേറെ പരാതികൾ നിലവിലുണ്ട്. എംസി റോഡിൽ അപകടസാധ്യത കുറയ്ക്കുന്നതിനാണു ഡിവൈഡറുകളും മീഡിയനുകളും നിർമിക്കുന്നത്. എന്നാൽ കുറവിലങ്ങാട് കോഴാ ഭാഗത്തു ഡിവൈഡർ അപകടസാധ്യത വർധിപ്പിക്കുകയാണ്. ഡിവൈഡറിന്റെ നിർമാണം തീർന്നപ്പോൾ ഈ ഭാഗത്ത് വീതി കുറഞ്ഞു. വാഹനാപകടങ്ങളുടെ എണ്ണം വർധിച്ചു.
ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും തെളിഞ്ഞിട്ടു മാസങ്ങളായി. അപകടസാധ്യത കൂടിയ മേഖലയാണിത്. പാലാ റോഡ് ആരംഭിക്കുന്ന ഭാഗത്തു വീതി കുറവാണ്. ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ല. സമീപത്തു അപകടവളവുമുണ്ട്. ജംക്‌ഷനിലെ അപകടസാധ്യത കുറയ്ക്കുന്നതിനു നടപടി വേണമെന്നാണ് നാടിന്റെ ആവശ്യം.