പാലാ ∙ പാലായിലും പരിസര പ്രദേശങ്ങളിലുമുള്ള ലഹരി സംഘത്തിനെതിരെ 'ഓപ്പറേഷൻ ഡ്രിങ്ക്സ്' പരിശോധനയിൽ 2 ദിവസത്തിനിടെ വീണ്ടും 15 പേർകൂടി പൊലീസിന്റെ പിടിയിലായി. ഇടമറ്റത്ത് പൊതുസ്ഥലത്ത് മദ്യപിച്ച 4 പേർ കൂടി പിടിയിലായിട്ടുണ്ട്. നാട്ടുകാരുടെ വാഹനം തടഞ്ഞു നിർത്തുകയും മദ്യപിച്ചശേഷം മദ്യക്കുപ്പി റോഡിലെറിയുകയും ചെയ്ത സംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
'ഓപ്പറേഷൻ ഡ്രിങ്ക്സ്' സ്പെഷൽ സ്ക്വാഡ് പാലാ, പൈക, ഇടമറ്റം, പ്രവിത്താനം, പാമ്പൂരാംപാറ, കരൂർ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണു മദ്യപിച്ചു ബഹളം വച്ചതിനും അനുബന്ധ കുറ്റകൃത്യങ്ങൾക്കുമായി 15 കേസുകൾ റജിസ്റ്റർ ചെയ്തത്. പൊതുസ്ഥലത്ത് മദ്യപിച്ചതിനു 6, മദ്യപിച്ചു വാഹനം ഓടിച്ചതിനു 5, മദ്യപിച്ചു ബഹളം വച്ചതിന് 2, കഞ്ചാവ്, ഹാൻസ് ഉപയോഗത്തിന് ഒന്നു വീതം കേസുകളാണ് റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം 21 പേർ പൊലീസ് പിടിയിലായിരുന്നു.
'ഓപ്പറേഷൻ ഡ്രിങ്ക്സ്' സ്പെഷൽ സ്ക്വാഡിന്റെ ഹെൽപ് ലൈൻ നമ്പറിലേക്ക് കഴിഞ്ഞ 2 ദിവസം കൊണ്ട് 25 ഫോൺ സന്ദേശങ്ങളാണ് വന്നതെന്ന് എസ്എച്ച്ഒ കെ.പി.തോംസൺ പറഞ്ഞു.