ഏന്തയാർ ഇൗസ്റ്റ് ∙ മലയോര മേഖലയിൽ നാട് താവളമാക്കിയ കാട്ടുപന്നികൾ മനുഷ്യരെ ആക്രമിക്കാൻ തുടങ്ങിയതോടെ ജനം ഭീതിയിൽ. ഏന്തയാർ ഇൗസ്റ്റ്, വെംബ്ലി, കൊക്കയാർ തുടങ്ങിയ സ്ഥലങ്ങളിൽ പകൽ സമയങ്ങളിൽ പോലും വിജനമായ റോഡുകളിൽ യാത്ര സുരക്ഷിതമല്ല. കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രമണത്തിൽ, ബൈക്കിൽ സഞ്ചരിച്ച കൂട്ടിക്കൽ സ്വദേശിയായ യുവാവിന് പരുക്കേറ്റതാണ് ഒടുവിലത്തെ സംഭവം.
കോവിഡ് കാലത്തിനു തൊട്ടുമുൻപാണ് ഇൗ മേഖലയിൽ കാട്ടുപന്നികളുടെ ശല്യം ആരംഭിച്ചത്. 2020 മാർച്ചിൽ ഇളംകാട് ഭാഗത്ത് റോഡരികിൽ എത്തിയ കാട്ടുപന്നി ജനങ്ങളെ ആക്രമിക്കുകയും കയ്യാലയിൽ നിന്നു വീണ് ചാകുകയും ചെയ്ത സംഭവത്തോടെയാണ് തുടക്കം. ഏന്തയാർ ഭാഗത്ത് വിറക് ശേഖരിക്കാൻ പോയ വീട്ടമ്മ അരുവിയുടെ സമീപം മരിച്ചു കിടന്ന സംഭവത്തിലും കാട്ടുപന്നിയുടെ ആക്രമണം സംശയിക്കുന്നു. തുടർന്ന് പന്നികളുടെ ശല്യം കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിച്ചു.
പന്നിയെ കൂടാതെ ഒരു മാസം മുൻപ് കൊക്കയാർ വെംബ്ലി ഭാഗത്ത് 2 തവണ പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. എന്നാൽ ഇത് പൂച്ചപ്പുലി ആണെന്നാണ് വനം വകുപ്പിന്റെ നിഗമനം. കാട്ടുപോത്തിന്റെ ശല്യവും മേഖലയിലുണ്ട്. ഉറുമ്പിക്കര വനാതിർത്തിയിൽ നിന്നാണ് ഇവ ജനവാസ മേഖലയിൽ എത്തുന്നത്. ടാപ്പിങ് നടത്താതെ കാട് കയറി കിടക്കുന്ന തോട്ടങ്ങളിലാണ് കാട്ടുപന്നികളുടെ താവളം. നാട്ടിലെത്തി തിരികെ പോകാത്ത ഇവ പെറ്റു പെരുകി വലിയ കൂട്ടമായി മാറിക്കഴിഞ്ഞു.
മുൻ കാലങ്ങളിൽ രാത്രി മാത്രമായിരുന്നു ഇവയുടെ ശല്യം. എന്നാൽ നാട്ടിൽ തന്നെ കഴിയാൻ തുടങ്ങിയതോടെ ഇവയ്ക്ക് മനുഷ്യരെ പേടിയില്ലാതായി. ഇതോടെ പകൽ സമയങ്ങളിലും ഇവ കൂട്ടമായി ജനവാസ മേഖലയിൽ എത്തുന്നുണ്ട്. കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള നടപടി വേണമെന്നും മറ്റു മൃഗങ്ങൾ നാട്ടിൽ ഇറങ്ങാതിരിക്കാനുള്ള സുരക്ഷ ഒരുക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.