കോട്ടയം ∙ സിഎംഎസ് കോളജിൽ ചെന്നിട്ട് ‘ചിഗാറ്റോ’ എന്നു പറഞ്ഞാൽ #ട്രെൻഡിങ്ങ്1 ആണ്. ക്യാംപസിലെ ‘5 സ്റ്റാർ’ കന്റീനിൽ ചിഗാറ്റോ നിരന്നിരിപ്പുണ്ട്. തടിച്ചുരുട്ടിയ ചപ്പാത്തിയോ പൊറോട്ടയോ കുബ്ബൂസോ ഒക്കെ വെള്ള ഉടുപ്പിട്ട് സുന്ദരനായി ഇരിക്കുകയാണെന്നു തോന്നും. ഇവൻ ആളു വേറെയാണ്! അച്ഛന്റെയും അമ്മയുടെയും പേരിന്റെ അക്ഷരം ചേർത്ത് കുഞ്ഞിനു പേരിടും പോലെ ചിക്കൻ, എഗ്, പൊട്ടറ്റോ എന്നിവയുടെ ആദ്യ അക്ഷരങ്ങൾ ചേർത്ത് ഇട്ട പേരാണ് ചിഗാറ്റോ!! മെനു മാറി വരുന്ന റസ്റ്ററന്റ് പോലെയാണിപ്പോൾ സിഎംഎസ് കോളജിലെ കന്റീൻ. ചിഗാറ്റോ കൂടാതെ മറ്റൊരു ഐറ്റം കൂടി ഉടനെത്തും, ‘ബീറ്റാ ഷറീബ’!! ബീറ്റ്റൂട്ട്, പൈനാപ്പിൾ, ആപ്പിൾ, നാരങ്ങനീര് ഒക്കെ ചേർത്തുണ്ടാക്കുന്ന നല്ല സർബത്ത്.
പേരിട്ടത് കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് സി. ജോഷ്വ. ബീറ്റ എന്ന ഗ്രീക്ക് ആൽഫബെറ്റിൽ നിന്നുണ്ടായ ബീറ്റ്റൂട്ടും സർബത്തിന് ആ പേരു നൽകിയ അറബി വാക്കായ ഷറീബയും ചേർത്ത് ഇട്ടതാണ് പുതിയ പേര്. ബീറ്റാ ഷറീബയ്ക്കും പായസത്തിനും പുഡ്ഡിങ്ങിനും 30 രൂപ. ചിഗാറ്റോയ്ക്ക് 40. കന്റീനിലെ പെരുമയ്ക്കു പിന്നിൽ കോളജിലെ ഫുഡ് സയൻസ് ഡിപ്പാർട്മെന്റാണ്. എംഎസ്‍സി ഡയറ്റടിക്സ് ആൻഡ് ഫുഡ് സയൻസിലെ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് പുതിയ മെനു തയാറാക്കുന്നത്.
ഇവരുടെ ഫുഡ് ലാബിൽ പരീക്ഷിച്ചിട്ടാണ് െഎറ്റം കന്റീനിൽ എത്തുന്നത്. ഇന്ന് ക്യാംപസിൽ മില്ലെറ്റുകൾ കൊണ്ട് ഉണ്ടാക്കിയ 40 ഭക്ഷണ സാധനങ്ങളുടെ പ്രദർശനമുണ്ട്. ‘ഇൗറ്റ് റൈറ്റ്’ ഭക്ഷ്യനയത്തിന്റെ ഭാഗമായാണ് ഈ പരിപാടി. പ്രാദേശികമായി ലഭ്യമായ വസ്തുക്കൾ, ലളിതമായ പാചകരീതി, വിദ്യാർഥികൾക്ക് നല്ല ഭക്ഷണം; ഇതാണു നയം.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local