ഈരാറ്റുപേട്ട ∙ മിനി സിവിൽ സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ടു ഇടതു വലതു മുന്നണികൾ കൊമ്പു കോർക്കുന്നു. സിവിൽ സ്റ്റേഷൻ നിർമാണത്തിന് പൊലീസ് സ്റ്റേഷൻ വക സ്ഥലമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ആഭ്യന്തര വകുപ്പ് പല കാരണങ്ങൾ പറഞ്ഞു സ്ഥലം വിട്ടു നൽകുന്നത് വൈകിപ്പിക്കുകയാണ്. മിനി സിവിൽ സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ ഭിന്നതയുണ്ടെന്നും ഇതിനു ശേഷം അനുവദിച്ച പല സ്ഥലങ്ങളിലും പണികൾ തുടങ്ങാനുള്ള സാഹചര്യമായെന്നും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ പ്രാരണങ്ങളും ഉയർന്നു. ഇതോടെയാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ ഇടതു നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തിയത്.
സംസ്ഥാന ബജറ്റിൽ 10 കോടി രൂപ അനുവദിച്ചു. ഭരണാനുമതി ലഭ്യമായ മിനി സിവിൽ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കുമെന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലുള്ള 2 ഏക്കർ 82 സെന്റ് സ്ഥലത്തു നിന്നും ഇതിന് ആവശ്യമായ സ്ഥലം റവന്യു വകുപ്പിനു കൈമാറണമെന്ന് അഭ്യർഥിച്ചു സർക്കാരിലേക്കു കത്ത് നൽകിയിട്ടുണ്ട്. വിഷയം സർക്കാർ പരിഗണിച്ച് വരികയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിട്ടുണ്ട്.
പൊലീസ് സ്റ്റേഷൻ കോംപൗണ്ടിൽ സ്ഥലം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇവിടെ സ്ഥലം ലഭ്യമാകാതെ വന്നാൽ മറ്റ് സ്ഥലം കണ്ടെത്തി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കും. 2023 ൽ തന്നെ സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗിക നടപടികളിലേക്കു കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത്100 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഈരാറ്റുപേട്ട നഗരസഭയിൽ മാത്രം നടത്തിയതെന്നും നേതാക്കൾ പറഞ്ഞു. ഇടതുമുന്നണി സർക്കാർ ഈരാറ്റുപേട്ടയോടു വിവേചനം കാണിക്കുന്നു എന്ന തരത്തിൽ നടത്തുന്ന പ്രചാരണങ്ങൾ ഇവിടെ വികസനം നടത്തരുതെന്ന് ആഗ്രഹിക്കുന്നവരാണെന്നും മുൻകാലങ്ങളിലും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എൽഡിഎഫ് നേതാക്കളായ ജോയി ജോർജ്, ഇ.കെ.മുജീബ്, പി.ബി.ഫൈസൽ, ജയിംസ് വലിയവീട്ടിൽ, റെഫീഖ് പട്ടരുപറമ്പിൽ എന്നിവർ പറഞ്ഞു.