ജനറൽ ആശുപത്രി സൂപ്രണ്ടിനെതിരെ പാലാ നഗരസഭ കൗൺസിൽ

പാലാ ജനറൽ ആശുപത്രിയുടെ പുതിയ മന്ദിരം
പാലാ ജനറൽ ആശുപത്രി. (ഫയൽ ചിത്രം)
SHARE

പാലാ ∙ ജനറൽ ആശുപത്രി സൂപ്രണ്ടിനെതിരെ നഗരസഭ കൗൺസിൽ പ്രമേയം പാസാക്കി. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും മാനേജിങ് കമ്മിറ്റി തീരുമാനങ്ങൾ നടപ്പാക്കാത്തതുമായ സൂപ്രണ്ടിനെ മാറ്റണമെന്നാവശ്യപ്പെട്ടാണ്  പ്രമേയം പാസാക്കിയത്. നേരത്തെ ആശുപത്രി മാനേജിങ് കമ്മിറ്റിയും ഇതേ ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കിയിരുന്നു. ഇതു സംബന്ധിച്ച യോഗ തീരുമാനങ്ങളുടെ മിനിറ്റ്സിൽ ഭേദഗതികൾ നിർദേശിച്ച് നഗരസഭാധ്യക്ഷ സൂപ്രണ്ടിനു കൈമാറിയിട്ടും മിനിറ്റ്സ് സൂപ്രണ്ട് ഒപ്പിട്ട് നഗരസഭാധ്യക്ഷയ്ക്കു തിരികെ നൽകിയിട്ടില്ല.

മാനേജിങ് കമ്മിറ്റി വിളിച്ചു ചേർക്കണമെന്നുള്ള നഗരസഭാധ്യക്ഷയുടെ നിർദേശവും നടപ്പാക്കുന്നില്ലെന്ന് കൗൺസിൽ ആരോപിച്ചു.ആശുപത്രി സുരക്ഷാ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനു കൂടിക്കാഴ്ച നടത്തി ഉണ്ടാക്കിയ ലിസ്റ്റിൽ കൃത്രിമം നടത്തി പേരുകൾ തിരുകി കയറ്റിയതിനെ തുടർന്ന് നിയമനം നടത്തിയിട്ടില്ല. രോഗനിർണയ കേന്ദ്രത്തിലേക്ക്‌ ഉപകരണങ്ങൾക്കായി ലഭ്യമാക്കിയ കോടികൾ കഴിഞ്ഞ ഒരു വർഷമായി ചെലവഴിക്കാതെ കിടക്കുകയാണ്.

സർക്കാർ അംഗീകൃത കമ്പനികളുടെ ലിസ്റ്റിലുള്ള ഉപകരണങ്ങൾ വാങ്ങണമെന്ന നിർദേശവും അവഗണിച്ചു. ആശുപത്രിയുടെ ഡിജിറ്റൽ എക്സ്റേ യൂണിറ്റ് കേടായിട്ട് നാളുകളായി.നഗരസഭയുടെ പദ്ധതി വിഹിതം ചെലവഴിക്കുന്നതിനായി ആശുപത്രി അധികൃതരും നഗരസഭ എൻജിനീയറിങ് വിഭാഗവും ചേർന്നു നടത്തിയ ചർച്ചയിലെ തീരുമാനങ്ങളും നടപ്പാക്കിയിട്ടില്ല. 

തീരുമാനങ്ങൾ നടപ്പാക്കാതെ നിഷേധാത്മക സമീപനം തുടരുന്ന സാഹചര്യത്തിലാണ് സൂപ്രണ്ടിനെ മാറ്റണമെന്ന് നഗരസഭ കൗൺസിൽ പ്രമേയം പാസാക്കിയതെന്ന് നഗരസഭാധ്യക്ഷ ജോസിൻ ബിനോ പറഞ്ഞു. കൗൺസിലർ ജോസ് ചീരാംകുഴി പ്രമേയം അവതരിപ്പിച്ചു. സ്ഥിരം സമിതി ചെയർമാൻ സാവിയോ കാവുകാട്ട് പിന്തുണച്ചു. ഇതു സംബന്ധിച്ച് പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഷമ്മി രാജൻ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS