എരുമേലി ∙ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ മഴ. കാഞ്ഞിരപ്പള്ളി താലൂക്കിലെ മിക്ക പ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തത്. ഇന്നലെ രാവിലെ മുതൽ ഒറ്റപ്പെട്ട മഴ ചെയ്യുന്നുണ്ടായിരുന്നെങ്കിലും ഒരു മണിയോടെ ശക്തമാകുകയായിരുന്നു. തുടർന്ന് ഇടമുറിയാതെ മഴ പെയ്തു. രാത്രിവരെ മഴ തുടർന്നു. മണിമല, പമ്പ, അഴുത ആറുകളിൽ ജലനിരപ്പ് വൈകിട്ടോടെ ഉയർന്നു. എന്നാൽ വെള്ളപ്പൊക്ക ഭീഷണി നിലവിലില്ല. മല തുടർന്നാൽ കോസ്‌വേകൾ മുങ്ങുന്ന സ്ഥിതിയുണ്ടാകും. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ള ഇളങ്കാട്, ഉറുമ്പിക്കര ഭാഗങ്ങളിലും ശക്തമായ മഴ പെയ്യുന്നത്. എന്നാൽ ഇത് അപകട ഭീഷണിയിലേക്കു എത്തിയിട്ടില്ല.
എരുമേലി ∙ പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളിൽ മഴ ശക്തം. തോടുകളിലും പമ്പ,ആഴുത ആറ്റിലും ജലനിരപ്പ് ഉയരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ഇവിടെ ആരംഭിച്ച് മഴ വൈകിട്ട് ആറ് മണിക്കാണ് അൽപം ശമിച്ചത്. തോടുകളിലും ആറുകളിലും ഒഴുക്ക് ശക്തമായി. തോടുകൾ കരമുട്ടിയാണ് ഒഴുകുന്നത്.