കോട്ടയം ∙ കുറിച്ചി മന്ദിരം കവലയിലെ സുധാ ഫിനാൻസിൽ വൻകവർച്ച നടത്തിയ പ്രതികളിൽ ഒരാൾ പിടിയിൽ. മറ്റൊരു പ്രതി പൊലീസിനെ വെട്ടിച്ചുകടന്നു. പത്തനംതിട്ട കലഞ്ഞൂർ അനീഷ് ഭവനത്തിൽ അനീഷ് ആന്റണിയെ(25)യാണു ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം ജില്ലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.നാട്ടുകാരനായ കൂട്ടുപ്രതി പത്തനാപുരം ഭാഗത്തു നിന്നു കടന്നതായാണ് സൂചന. ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് പൊലീസ് വിളിച്ചുവരുത്തിയ മുഖ്യപ്രതിയാണ് കടന്നത്. കോട്ടയത്തു നിന്നു പൊലീസ് സംഘം എത്തുന്നതിന് 20 മിനിറ്റ് മുൻപു ഇയാൾ സ്റ്റേഷനിൽ നിന്നു മുങ്ങി.
പത്തനംതിട്ട, കൊല്ലം ജില്ലകളിൽ പൊലീസ് തിരച്ചിൽ തുടരുകയാണ്. കുഴിമറ്റം പാറപ്പുറം പരമാനന്ദാലയത്തിൽ എ.ആർ.പരമേശ്വരൻ നായരുടെ, എംസി റോഡരികിൽ മന്ദിരം കവലയിലെ സുധ ഫിനാൻസ് എന്ന സ്വർണപ്പണയ സ്ഥാപനത്തിൽനിന്നു 4.05 കിലോഗ്രാം സ്വർണവും 8 ലക്ഷം രൂപയും മുദ്രപ്പത്രങ്ങളുമാണു മോഷണം പോയത്. കഴിഞ്ഞ ഏഴിനാണു മോഷണ വിവരം പുറത്തറിഞ്ഞത്. തൊട്ടുമുൻപു ശനിയും ഞായറുമായിരുന്നു.
ഈ ദിവസങ്ങളിലാവാം മോഷണമെന്നാണു പൊലീസിന്റെ നിഗമനം. രണ്ടു പ്രതികൾ മാത്രമേയുള്ളൂവെന്നും പൊലീസ് കരുതുന്നു. സംഭവത്തിനു ദൃക്സാക്ഷികളോ സിസിടിവി ദൃശ്യങ്ങളോ ഇല്ല. സംഭവം അറിഞ്ഞതിന്റെ 43–ാം ദിനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസിനായി. തെളിവു നശിപ്പിക്കാൻ പ്രതികൾ സ്ഥലത്ത് സോപ്പു പൊടി വിതറിയിരുന്നു. സോപ്പു പൊടിയുടെ കവറും പൂട്ടു പൊളിക്കാനും മറ്റും ഉപയോഗിച്ച ഇലക്ട്രിക് കട്ടർ പൊതിഞ്ഞു കൊണ്ടു വന്ന പത്രക്കടലാസും അന്വേഷണത്തിൽ നിർണായകമായി.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്കിടയിലും 20 അംഗ സംഘത്തെ നിയോഗിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ മോഷണമുതൽ അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരൂവെന്നു ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. അറസ്റ്റിലായ അനീഷ് മറ്റൊരു കേസിലും പ്രതിയാണെന്ന് പൊലീസ് മേധാവി പറഞ്ഞു. കടന്നുകളഞ്ഞയാൾ 15ൽ ഏറെ കേസുകളിലെ പ്രതിയാണ്. അനീഷിനെ കോടതിയിൽ ഹാജരാക്കി.

സോപ്പ് പൊടി വിതറി; അടവു ഫലിച്ചില്ല
തെളിവുതേടി വരുന്ന പൊലീസ് നായയെ വഴി തെറ്റിക്കാനാവാം പ്രതികൾ സോപ്പ് പൊടി വിതറിയത്. സോപ്പുപൊടിയുടെ കവർ സംഭവ സ്ഥലത്തു തന്നെ ഉപേക്ഷിച്ചത് പൊലീസിനു വിലപ്പെട്ട തെളിവായി. ഇത് ആലുവയിലെ ഒരു സ്ഥാപനത്തിന്റേതായിരുന്നു. ഇലക്ട്രിക് കട്ടർ പൊതിഞ്ഞ പത്രക്കടലാസ് ആലുവ ഭാഗത്തു നിന്നുള്ളതുമാണ്. പ്രതികൾ ആലുവ കേന്ദ്രീകരിച്ചാണു മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് ഉറപ്പിച്ചു. അന്വേഷണ സംഘത്തിലെ 20 പേരെ ചെറിയ ഗ്രൂപ്പുകളാക്കി ഓരോ ദൗത്യം നൽകി. ഇതിൽ ഒരു സംഘം സംസ്ഥാനത്തെ മോഷണക്കേസുകൾ വിശദമായി പരിശോധിച്ചു. അതിലെ 6 പേരിലേക്ക് എത്തി. ഇവരിൽ എറണാകുളം ജില്ലയിൽ ഉള്ളവരെപ്പറ്റി കൂടുതൽ അന്വേഷണം നടത്തി അനീഷിലേക്കും കൂട്ടുപ്രതിയിലേക്കും എത്തി.
ഡിജിറ്റൽ വിഡിയോ റിക്കോർഡറും പ്രതികൾ കൊണ്ടുപോയി
ജില്ല കണ്ട വൻകവർച്ചകളിലൊന്നായിരുന്നു സുധാ ഫിനാൻസിലേത്. മന്ദിരം കവലയിലെ ഇരുനില െകട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സ്ഥാപനം. ലോക്കർ പൊളിച്ചായിരുന്നു മോഷണം. സ്ഥാപനത്തിന് പിറകിലുള്ള വീട്ടിൽ ആൾതാമസമില്ലാതിരുന്നതു പ്രതികൾക്കു സഹായമായി. മോഷണം നടന്ന കെട്ടിടമുള്ള പ്രദേശത്തെ ടവറിൽ സംഭവദിവസങ്ങളിൽ വന്നത് 80,000 ഫോൺ കോളുകൾ. സംശയം തോന്നിയ ഫോൺ വിളികൾ പൊലീസ് കണ്ടെത്തി. ഇതോടെ പ്രതികൾ തിരുവല്ലയിൽ എത്തിയതായി മനസ്സിലാക്കി.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
സ്ഥാപനങ്ങളിൽ സിസിടിവി ക്യാമറകളുണ്ടായിരുന്നെങ്കിലും ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ സുധാ ഫിനാൻസിലെ ഡിവിആർ (ഡിജിറ്റൽ വിഡിയോ റിക്കോർഡർ) പ്രതികൾ എടുത്തുമാറ്റിയിരുന്നു. ദൃശ്യങ്ങൾ സേവ് ചെയ്തിരുന്ന ഹാർഡ് ഡിസ്കുകളും കവർന്നു. ഇതോടെ ശൂന്യതയിൽ നിന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. കോട്ടയം മുതൽ തിരുവല്ല വരെ എംസി റോഡരികിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.