പ്രവർത്തിച്ചുകൊണ്ടിരുന്ന ടിവി പൊട്ടിത്തെറിച്ചു; തീപിടിച്ച് മേശയും ജനലും നശിച്ചു
Mail This Article
വൈക്കം ∙ പ്രവർത്തിച്ചുകൊണ്ടിരുന്ന ടിവി പൊട്ടിത്തെറിച്ചു. തീ പടർന്ന് മേശയും വീടിന്റെ ജനലും നശിച്ചു. ഹോട്ടൽ തൊഴിലാളി ഉല്ലല തലയാഴം പഞ്ചായത്ത് 14–ാം വാർഡിൽ മണമേൽത്തറ ഉണ്ണിയുടെ വീട്ടിലെ ടിവിയാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാത്രി 7.10നാണു സംഭവം. ഉണ്ണിയുടെ ഭാര്യ ഗീതയും മൂത്ത മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ഇടയ്ക്ക് ഇടയ്ക്കു കറന്റ് പോയി വരുന്നതിനിടെയാണ് ടിവി പൊട്ടിത്തെറിച്ചത്.
ഉടൻ തീ ആളി കത്തി. വീട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി വീട്ടിലേക്കുള്ള വൈദ്യുത ബന്ധം വിഛേദിച്ച ശേഷം വെള്ളം ഒഴിച്ച് തീ കെടുത്തി.വൈക്കത്തു നിന്നു സീനിയർ ഫയർ ഓഫിസർ വി.മനോജിന്റെ നേതൃത്വത്തിൽ അഗ്നിശമന സേന എത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തൊട്ടടുത്ത മുറിയിൽ ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നെങ്കിലും ഇതിലേക്കു തീ പടരാതിരുന്നത് വൻ അപകടം ഒഴിവാക്കി. 50,000രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു