പടിഞ്ഞാറൻ മേഖലയിലെ റോഡരികിൽ അപകടഭീഷണിയായി ട്രാൻസ്ഫോർമറുകൾ
Mail This Article
കുമരകം ∙ പടിഞ്ഞാറൻ മേഖലയിലെ പല ട്രാൻസ്ഫോമറുകളും നാട്ടുകാർക്കു അപകട ഭീഷണി ഉയർത്തുന്നു. പ്രധാന റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോമറുകളാണ് അപകട സാധ്യത കൂട്ടുന്നത്. ചെങ്ങളം മഹിളാ സമാജം റോഡരികിലെ ട്രാൻസ്ഫോമറിന്റെ ഫ്യൂസ് കത്തി തീപ്പൊരി സമീപത്തുകൂടി പോകുന്ന യാത്രക്കാരുടെ ദേഹത്തു വീഴുന്നു. റോഡരികിൽ യാതൊരു സുരക്ഷ സംവിധാനവും ഏർപ്പെടുത്താതെയാണ് ട്രാൻസ്ഫോമർ സ്ഥാപിച്ചിരിക്കുന്നത്.
പലയിടത്തും ട്രാൻസ്ഫോമറിനു സംരക്ഷണ വേലി ഉണ്ടെങ്കിലും മഹിളാ സമാജം ട്രാൻസ്ഫോമറിനെ ഒഴിവാക്കി. നൂറുകണക്കിനു യാത്രക്കാർ കടന്നു പോകുന്ന ഭാഗത്താണ് ട്രാൻസ്ഫോമർ സ്ഥിതി ചെയ്യുന്നത്. കാറ്റും മഴയും ഉണ്ടാകുന്ന സമയങ്ങളിൽ ഫ്യൂസിന്റെ ഭാഗത്ത് തീപ്പൊരി ചിതറുന്നതു കാണാം. ട്രാൻസ്ഫോമറിന് സംരക്ഷണ വേലി ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനം ഏർപ്പെടുത്തണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും കെഎസ്ഇബി പരിഗണന നൽകുന്നില്ല.
കുമരകം റോഡിൽ കവണാറ്റിൻകര ബാങ്കുപടിക്ക് സമീപത്തെ ട്രാൻസ്ഫോമറും സംരക്ഷണ വേലിയില്ലാതെ നാട്ടുകാർക്കും വാഹനയാത്രക്കാർക്കും ഭീഷണിയായി . നൂറുകണക്കിനു വാഹനങ്ങൾ പോകുന്ന റോഡ് വശത്താണു ട്രാൻസ്ഫോമർ നിൽക്കുന്നത്. വാഹനങ്ങൾ സൈഡ് നൽകി പോകുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ അപകട സാധ്യതയുണ്ട്. ഇവിടെയും സംരക്ഷണ വേലി കെട്ടണമെന്നാണു നാട്ടുകാരുടെ ആവശ്യം.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local