വെള്ളൂർ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് കേന്ദ്ര ഏജൻസി അന്വേഷിക്കണം: കോൺഗ്രസ്

Mail This Article
തലയോലപ്പറമ്പ് ∙ വൈക്കം താലൂക്കിലെ 785-ാം നമ്പർ വെള്ളൂർ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നു കോൺഗ്രസ് വെള്ളൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കരുവന്നൂർ ബാങ്ക് അടക്കം ഇടതുപക്ഷം ഭരിക്കുന്ന ഇതര ബാങ്കുകളിൽ നടന്നിട്ടുള്ള അഴിമതി പുറത്തുവന്ന സാഹചര്യത്തിൽ വെള്ളൂർ സർവീസ് സഹകരണ ബാങ്കിൽ നടന്നിട്ടുള്ള ക്രമവിരുദ്ധ പ്രവർത്തനങ്ങൾ ഇഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. വെള്ളൂർ പഞ്ചായത്തിലേക്ക് നൽകാനുള്ള ഒരു കോടിയോളം വരുന്ന തുക എത്രയും പെട്ടെന്ന് തിരികെ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്തിന്റെ ഗ്രാമീണ റോഡുകൾ തകർന്നു കിടക്കുന്നതും, വഴിവിളക്കുകൾ പ്രകാശിക്കാത്തതും വികസന ഫണ്ടിന്റെ അപര്യാപ്തതയാണ്. ഈ ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള സിപിഎമ്മിന്റെ ഉന്നതർക്ക് അവരുടെ നിക്ഷേപം തിരികെ നൽകിയെന്നാണ് അറിയാൻ കഴിയുന്നതെന്നും എന്നിട്ടും പഞ്ചായത്തിന്റെ പണം തിരികെ നൽകാത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും കമ്മിറ്റി ആരോപിച്ചു. കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് എം.കെ.ഷിബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കുര്യാക്കോസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. എൻ.എം.താഹ, പി.പി.സിബിച്ചൻ, എം.ആർ.ഷാജി, കെ.പി.ജോസ്, വി.സി.ജോഷി, ആദർശ് രഞ്ജൻ എന്നിവർ പ്രസംഗിച്ചു.