വെള്ളൂത്തുരുത്തി സ്കൂളിലെ ഇരുമ്പു മേൽക്കൂര; എപ്പോൾ വേണമെങ്കിലും തകർന്ന് വീഴാം

Mail This Article
വെള്ളൂത്തുരുത്തി ∙ സ്കൂൾ മുറ്റത്തേക്ക് പറന്നു വീഴുന്ന ഇരുമ്പു മേൽക്കൂരകൾ. അപകട ഭീതിയിൽ വിദ്യാർഥികളും അധ്യാപകരും. വെള്ളൂത്തുരുത്തി ഗവ. യുപി സ്കൂളിന്റെ രണ്ടാം നിലയിലെ ഓഡിറ്റോറിയത്തിന്റെ മേൽക്കൂരയാണ് ഭീഷണിയാവുന്നത്. തുരുമ്പെടുത്ത് അടർന്ന മേൽക്കൂരയുടെ ഭാഗങ്ങൾ ചെറിയ കാറ്റിൽ പോലും താഴേക്കു പതിക്കുകയാണ്. മൂർച്ചയേറിയ ഇരുമ്പ് ഷീറ്റിന്റെ ഭാഗങ്ങൾ ശരീരത്തിൽ പതിക്കാതിരിക്കാൻ ജീവൻ കയ്യിൽ പിടിച്ചാണ് വിദ്യാർഥികൾ നടക്കുന്നത്.
അപകട ഭയന്ന്് വിദ്യാർഥികളെ ഒഴിവുസമയം പുറത്തേക്ക് വിടുന്നില്ലെന്ന് അധ്യാപകർ പറയുന്നു. 500ലധികം വിദ്യാർഥികളാണ് സ്കൂളിലുള്ളത്. ദ്രവിച്ച ഷീറ്റിന്റെ ഭാഗങ്ങൾ പൊടിഞ്ഞു വീഴുന്നതു പതിവാണ്. കഴിഞ്ഞ ദിവസം പൊട്ടിപ്പൊളിഞ്ഞ മേൽക്കൂരയ്ക്കടിയിലുള്ള ഓഡിറ്റോറിയത്തിലാണ് സെമിനാർ നടത്തിയത്. മഴ പെയ്താൽ കുട ചൂടി നിന്ന് പരിപാടി നടത്തേണ്ട ഗതികേടിലാണ് വിദ്യാർഥികൾ
ശക്തമായ കാറ്റിലും മഴയിലും ഷീറ്റിന്റെ ഭാഗം സമീപത്തെ വീടുകളിലേക്കും പരിസരത്തേക്കും പറന്നു വീഴുന്നതിനാൽ വീടുകളും അപകട ഭീഷണിയിലാണ്. പിടിഎ ഭാരവാഹികളും അധ്യാപകരും പനച്ചിക്കാട് പഞ്ചായത്ത് അധികൃതരെ ഒട്ടേറെ തവണ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. പണമില്ലെന്നും തൊഴിലാളികളെ കിട്ടാനില്ലെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം. പഞ്ചായത്ത് അധികൃതരുടെ ചുവപ്പുനാടയ്ക്കും സാങ്കേതിക തടസ്സങ്ങൾക്കുമെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പിടിഎ.