ലോട്ടറി ടിക്കറ്റിന്റെ വില മാത്രമല്ല സമ്മാനത്തിന്റെ വിഹിതവും കൊണ്ടുവന്നയാൾ; ഇങ്ങനെയുമുണ്ട് ആളുകൾ....

Mail This Article
കോട്ടയം ∙ ‘ഭാഗ്യം വിൽക്കുന്നതു തന്നെ ഭാഗ്യമല്ലേ’ – വാകത്താനം മണികണ്ഠപുരത്തു ലോട്ടറി ടിക്കറ്റ് വിൽക്കുന്ന കെ.പി.ശാന്തക്കുട്ടിയുടെ മുഖത്ത് നിറചിരി. ഒരു ലോട്ടറി അടിച്ചിട്ടു വേണം ഇങ്ങനെ ചിരിക്കാൻ എന്ന ഭാവത്തിൽ രണ്ടു വഴിയാത്രക്കാർ കടന്നുപോയി. ‘ഭാഗ്യദിനത്തിൽ’ അവസാന നിമിഷത്തെ ഭാഗ്യാന്വേഷികളെ കാത്ത് ശാന്തക്കുട്ടിയുടെ കയ്യിൽ ഓണം ബംപർ. കടുവാക്കുളത്ത് വഴിയരികിൽ ലോട്ടറി വിൽക്കുന്ന ശിവദാസപ്പണിക്കർക്ക് തന്റെ മുന്നിൽ വന്നു പോയ സത്യസന്ധനായ ഒരാളെ ഇപ്പോഴും ഓർമയുണ്ട്.
കടം വാങ്ങിക്കൊണ്ടു പോയ ലോട്ടറിക്ക് 5,000 രൂപ സമ്മാനം അടിച്ചു. പൈസ പോയെന്നാണു കരുതിയത്. പക്ഷേ പിറ്റേന്ന് ലോട്ടറി പൈസയും സമ്മാനത്തിന്റെ ചെറുവിഹിതവും കൊണ്ടുത്തന്നു. 32 വർഷത്തെ വിൽപനയ്ക്കിടെ ഇങ്ങനെ ഒരുപാടു മനുഷ്യർ ശിവദാസപ്പണിക്കർക്കു മുന്നിലൂടെ പോയി. വിൽപന ഇപ്പോൾ പഴയ പോലെയല്ല. ശക്തമായ ‘കോംപറ്റീഷനാണ്’. കോവിഡ് കാലത്തിനു ശേഷം ലോട്ടറി കച്ചവടക്കാരായി മാറിയ ഒട്ടേറെപ്പേർ വഴിയരികിലുണ്ടെന്നു മല്ലപ്പള്ളിക്കുന്നിൽ ലോട്ടറി വിൽക്കുന്ന ജയപ്രകാശ് പറയുന്നു.
ഉപേക്ഷിച്ചു പോയ ഭാഗ്യം തിരിച്ചു കിട്ടിയ രസകരമായ അനുഭവം ചെറുവള്ളിയിൽ ടിക്കറ്റ് വിൽക്കുന്ന എം.ആർ.ബാബുവിനുണ്ട്. വഴിയരികിൽ ടിക്കറ്റ് വിൽക്കുന്ന ബാബുവിന്റെ സമീപം ഒരു യുവാവ് എത്തി സമ്മാനമില്ലെന്നു കണ്ടു ബാബുവിന്റെ കൈവശം തന്നെയുള്ള കൂടിൽ ടിക്കറ്റ് ഇട്ടിട്ടു പോയി. ഒന്നു രണ്ടു മാസമൊക്കെ കഴിഞ്ഞാണു ബാബു ഉപയോഗശൂന്യമായ ടിക്കറ്റ് എല്ലാംകൂടി നശിപ്പിക്കുന്നത്. അഞ്ചാറു ദിവസം കഴിഞ്ഞ് ചെറുപ്പക്കാരൻ ഓടിപ്പിടച്ചെത്തി.
പിന്നീട് നോക്കിയപ്പോൾ ഉപേക്ഷിച്ച ടിക്കറ്റിനു സമ്മാനമുണ്ട്. 3000 രൂപ സമ്മാനം. പ്രായഭേദമില്ലാതെ ലോട്ടറി എടുക്കാൻ ആളുകൾ എത്തുന്നുണ്ടെന്നു വള്ളിച്ചറയിൽ ലോട്ടറി വിൽക്കുന്ന വർക്കിയും കടപ്ലാമറ്റത്തെ മോഹനനും പറയുമ്പോൾ ഭാഗ്യത്തിനു പ്രായഭേദമില്ലെന്ന് ഉറപ്പിക്കാം. അതിഥിത്തൊഴിലാളികൾ നേരത്തേ ലോട്ടറി ധാരാളം എടുത്തിരുന്നെങ്കിലും ഇപ്പോൾ അവർ വിൽപനക്കാരായി പരമ്പരാഗതമായി ലോട്ടറി വിൽക്കുന്നവർക്കു ‘ഭീഷണി’യായെന്നാണു കുറവിലങ്ങാട്ടു ടിക്കറ്റ് വിൽക്കുന്ന എം.അർജുനന്റെ സങ്കടം. ഇവരിൽ പലരും സ്വന്തം നിലയ്ക്ക് ഓഫർ കൂടി നൽകുമ്പോൾ മറ്റുള്ള കച്ചവടക്കാർ വലയും.
ലോട്ടറി വിൽപനയിലും ന്യൂജനറേഷൻ ടെക്നിക്കുകൾ എത്തിത്തുടങ്ങി. ടിക്കറ്റുകൾ വാട്സാപ് വഴി ‘ബുക്ക്’ ചെയ്യുന്നവർ ഒട്ടേറെ. വേണ്ട നമ്പർ നോക്കി ടിക്കറ്റ് ബുക്ക് ചെയ്യും. ഇതു വിൽപനക്കാരൻ മാറ്റിവയ്ക്കും. ഇതിന്റെ തുക ഓൺലൈൻ പേയ്മെന്റ് വഴി നൽകും. ടിക്കറ്റ് വാങ്ങിയയാൾക്കു തന്നെ നൽകുമെന്നതു വിൽപനക്കാരിലുള്ള വിശ്വാസം!
ബംപറെടുത്ത മിക്കവരും പ്രാർഥിച്ച ശേഷമാണു ടിക്കറ്റ് വാങ്ങിയതെന്നു വെള്ളികുളത്തു വിൽപന നടത്തുന്ന ശിവൻ. അവർക്കു സമ്മാനം അടിക്കണമെന്ന പ്രാർഥന ടിക്കറ്റ് കൊടുക്കുമ്പോൾ തനിക്കുമുണ്ടെന്നും ശിവന്റെ മനോഗതം. ആലപ്പുഴ മുട്ടാർ സ്വദേശി വി.ടി.ജോസ് ഇന്നലെ തിരുനക്കരയിലാണു ടിക്കറ്റ് വിറ്റത്. ആലപ്പുഴയിൽ ഓണം ബംപർ തീർന്നതു കൊണ്ടാണു ജോസ് കോട്ടയത്തിനു വണ്ടി പിടിച്ചത്. രാവിലെ ആലപ്പുഴയിൽ നിന്ന് ബസ് കയറി തിരുനക്കരയിൽ എത്തി.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
ഇവിടെ ഏജൻസിയിൽ നിന്നു ലോട്ടറിയെടുത്ത് കാണുന്നയിടത്തൊത്തെ നടന്നു വിറ്റു. എന്നെങ്കിലും വിൽക്കുന്ന ടിക്കറ്റിന് ബംപർ അടിക്കണം. അതാണ് ആഗ്രഹം.’– ജോസിന് ഒരു ലക്ഷ്യമുണ്ട്. 30 വർഷമായി ലോട്ടറി കൊണ്ടുനടന്നു വിൽക്കുകയാണ് എരുമേലിയിലുള്ള ശശി. വെച്ചൂച്ചിറ– മുക്കൂട്ടുതറ വഴിയാണു സാധാരണ വിൽപന. എന്നെങ്കിലും ഭാഗ്യം തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചാണു നടപ്പ്. ശശിയുടെ വാക്കുകളിൽ പ്രതീക്ഷ.
ബംപർ വിൽപന കൊണ്ടു പിടിച്ചു നടന്നാൽ പിന്നെ ഒരു പെയ്തൊഴിയലാണെന്ന് ഇടക്കുന്നത്തെ സജി പറയുന്നു. വലിയ തുക ഉപയോഗിച്ചു ബംപർ എടുത്തവർ കുറച്ചു ദിവസത്തേക്കു ടിക്കറ്റ് എടുക്കാൻ മടിക്കും. വലിയ സ്വപ്നങ്ങൾ കണ്ടാണല്ലോ ബംപർ എടുക്കുന്നത്. അപ്പോൾ അതിന്റെ നിരാശയിൽ കുറച്ചു ദിവസത്തേക്കു ലോട്ടറിയെ വെറുക്കുന്നവരുമുണ്ട്. –ചിരിയോടെ സജി പറയുന്നു.പറ്റിക്കപ്പെട്ടതിന്റെ സങ്കടം കുറവിലങ്ങാട്ട് കച്ചവടം നടത്തുന്ന സോമശേഖരൻ നായരുടെ മനസ്സിൽ നിന്നു മായുന്നില്ല. അവസാനത്തെ രണ്ടു ഡിജിറ്റിൽ കൃത്രിമം കാണിച്ച് 5000 രൂപയാണു തട്ടിയെടുത്തത്. ആ ടിക്കറ്റ് ഒരു സങ്കടത്തുണ്ട് പോലെ സോമശേഖരന്റെ പോക്കറ്റിൽ ഇപ്പോഴുമുണ്ട്.
മണിമല സ്വദേശിക്ക് ഒരു കോടി
മണിമല ∙ ഓണം ബംപർ ലോട്ടറി 2–ാം സമ്മാനം ഒരു കോടി രൂപ മണിമല സ്വദേശിക്ക്. മണിമല മാർക്കറ്റ് ജംക്‌ഷനിലെ സ്റ്റാർ ലോട്ടറിയിൽ നിന്നെടുത്ത ടിഡി 166207 ടിക്കറ്റിനാണ് സമ്മാനം. സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ ഏൽപിച്ചു. സ്റ്റാർ ലോട്ടറിയിൽ നിന്നു ടിക്കറ്റെടുത്തു മണിമല ടൗണിൽ നടന്നു വിൽക്കുന്നയാൾ വിറ്റതാണ് ഈ ടിക്കറ്റ്. സമ്മാനം നേടിയ വ്യക്തി പേരുവിവരം പ്രസിദ്ധീകരിക്കാൻ താൽപര്യപ്പെടുന്നില്ല.
ഹാട്രിക് നേട്ടവുമായി മീനാക്ഷി ലോട്ടറീസ്
കോട്ടയം ∙ ഓണം ബംപറിൽ ഹാട്രിക് നേട്ടവുമായി ടി.മുരുകൻ മീനാക്ഷി ലോട്ടറീസ്. തിരുനക്കര ഹെഡ്പോസ്റ്റ് ഓഫിസിനു സമീപം പ്രവർത്തിക്കുന്ന ലോട്ടറീസിൽ നിന്നു വിറ്റ 3 ലോട്ടറികൾക്കാണ് രണ്ടാം സമ്മാനമായ 1 കോടി രൂപ വീതം ലഭിച്ചത്. മീനാക്ഷി ലോട്ടറീസിന്റെ പ്രധാന ബ്രാഞ്ചാണിത്. ഇവിടെ നിന്നു ടിബി റോഡിലെ മീനാക്ഷി ലോട്ടറീസ്, അടൂരിലെ മീനാക്ഷി ലോട്ടറി എന്നിവിടങ്ങളിലേക്കും ഗുരുവായൂരിലെ ചില്ലറ വിൽപനക്കാരനും നൽകിയ 3 ടിക്കറ്റുകൾക്കാണ് സമ്മാനം. വിജയികളെ കണ്ടെത്തിയിട്ടില്ല. 3 വർഷം മുൻപ് ഓണം ബംപറിന്റെ 12 കോടിയും കഴിഞ്ഞ വർഷം ഓണം ബംപറിന്റെ രണ്ടാം സമ്മാനമായ 5 കോടിയും ഇവിടെ നിന്നു വിറ്റ ടിക്കറ്റുകൾക്കായിരുന്നു.