നേരിട്ട് അറസ്റ്റ് ചെയ്യുന്നതിനു പകരം സ്റ്റേഷനിലേക്ക് വിളിപ്പിച്ചു; പ്രധാന പ്രതി മുങ്ങാൻ കാരണം പൊലീസിന്റെ വീഴ്ച

Mail This Article
കോട്ടയം ∙ എംസി റോഡിൽ കുറിച്ചി മന്ദിരം കവലയിലെ സുധ ഫിനാൻസ് മോഷണക്കേസിലെ പ്രതി പൊലീസിന്റെ മൂക്കിൻതുമ്പിൽ നിന്നു കടന്നത് തൊണ്ടിമുതലുമായി. ഗൗരവമുള്ള കേസിലെ പ്രതിയായിരുന്നിട്ടും നേരിട്ടുപോയി അറസ്റ്റ് ചെയ്യാതെ സ്റ്റേഷനിലേക്കു വരുത്താനുള്ള കൂടൽ പൊലീസിന്റെ തീരുമാനമാണു രക്ഷപ്പെടാൻ അവസരം ഒരുക്കിയത്. മോഷണത്തിൽ ഇയാളുടെ സഹായിയായിരുന്നയാളെ അറസ്റ്റ് ചെയ്ത പൊലീസ് പ്രധാന പ്രതിയാണെന്നു തെറ്റിദ്ധരിച്ച് പത്രസമ്മേളനം നടത്തി. പ്രധാന പ്രതി വലയിൽ നിന്നു കടന്നയാളാണെന്ന് അറിഞ്ഞതോടെ നെട്ടോട്ടത്തിലാണ് പൊലീസ്.
കേസിലെ പ്രധാന പ്രതി പത്തനംതിട്ട കലഞ്ഞൂർ അനീഷ് ഭവനത്തിൽ അനീഷ് ആന്റണി (25)യെ അറസ്റ്റ് ചെയ്തെന്നാണു പൊലീസ് മാധ്യമങ്ങളെ അറിയിച്ചത്. ഇയാൾ സഹായി മാത്രമായിരുന്നുവെന്നും പ്രധാന പ്രതിയാണു സ്റ്റേഷൻ പരിസരത്തു നിന്നു മുങ്ങിയതെന്നും അനീഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് അറിഞ്ഞത്. ബൈക്കിൽ എത്തിയാണു മോഷണം നടത്തിയതെന്ന് അനീഷ് പൊലീസിനോടു സമ്മതിച്ചു.
അനീഷിനെ എറണാകുളത്തു നിന്ന് അറസ്റ്റ് ചെയ്ത ഉടൻ കൂട്ടാളിയെ ‘പൊക്കുന്നതിനായി’ പത്തനംതിട്ട ജില്ലയിലെ കൂടൽ പൊലീസിനു സന്ദേശം കൈമാറിയിരുന്നു. സ്റ്റേഷനിൽ നിന്നു പ്രതിയുടെ ഫോണിലേക്കു വിളിച്ച് സ്റ്റേഷനിലെത്താൻ ആവശ്യപ്പെടുകയായിരുന്നു. 15 കേസുകളിൽ പ്രതിയാണ് ഇയാൾ. നിലവിലുള്ള കേസിന്റെ ഭാഗമായാണ് വിളിപ്പിച്ചതെന്നു കരുതിയാണ് ഇയാൾ എത്തിയത്. സ്റ്റേഷനു മുന്നിലെത്തിയപ്പോൾ അനീഷിന്റെ ഫോണിലേക്കു വിളിച്ചു. ഫോൺ സ്വിച്ച്ഡ് ഓഫാണെന്നു കണ്ടതോടെ സംശയം തോന്നി ഉടൻ മുങ്ങി. ബൈക്കിലാണ് ഇയാൾ സ്റ്റേഷനിലേക്കു വന്നത്.
മോഷണമുതൽ പ്രധാന പ്രതിയുടെ കയ്യിലാണെന്നും ചെറിയൊരു തുക മാത്രമാണ് നൽകിയതെന്നും സ്വർണം വിറ്റ ശേഷം ‘ഷെയർ’ നൽകാമെന്നാണ് ഉറപ്പുനൽകിയതെന്നും അനീഷ് പൊലീസിനോടു പറഞ്ഞു. തൊണ്ടിമുതലും പ്രധാന പ്രതിയുമില്ലാതെ കേസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തതിനാൽ സംസ്ഥാനമാകെ വല വിരിച്ചുള്ള അന്വേഷണത്തിലാണു പൊലീസ്. കുഴിമറ്റം പാറപ്പുറം പരമാനന്ദാലയത്തിൽ എ.ആർ.പരമേശ്വരൻ നായരുടെ സുധ ഫിനാൻസിൽ നിന്നു 4.05 കിലോഗ്രാം സ്വർണവും 8 ലക്ഷം രൂപയുമാണു കവർന്നത്. കഴിഞ്ഞ മാസം ഏഴിനാണു മോഷണവിവരം പുറത്തറിഞ്ഞത്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local