അയർലൻഡിൽ ശരീരസൗന്ദര്യ താരമായി പുതുപ്പള്ളി സ്വദേശി

Mail This Article
കോട്ടയം ∙ അയർലൻഡിലെ ശരീരസൗന്ദര്യ മത്സരത്തിൽ തിളങ്ങി പുതുപ്പള്ളിക്കാരൻ. ന്യൂറോസിൽ വേൾഡ് നാച്വറൽ ബോഡി ബിൽഡിങ് ഫെഡറേഷൻ ചാംപ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ സ്വർണം നേടിയാണ് ഇരവിനല്ലൂർ വാവള്ളിൽ കരോട്ടു വീട്ടിൽ റോഷൻ വി.കുര്യാക്കോസ് (42) താരമായത്. കഴിഞ്ഞ വർഷം നേടിയ രണ്ടാം സ്ഥാനം ഇക്കുറി സ്വർണമാക്കിയായിരുന്നു റോഷന്റെ പ്രകടനം. യുഎസിൽ നടക്കുന്ന ഓൾ വേൾഡ് മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പിൽ അയർലൻഡിനെ പ്രതിനിധീകരിക്കാനും റോഷനു സാധിക്കും.
വാട്ടർഫോഡ് കില്ലൂർ ബ്രിജ് നഴ്സിങ് ഹോമിൽ നഴ്സിങ് ഡയറക്ടറായ റോഷൻ പരേതനായ കെ.കെ. കുര്യാക്കോസിന്റെയും ചിന്നമ്മയുടെയും മകനാണ്. ഭാര്യ ജോബി റോഷൻ വാട്ടർഫോഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സാണ്. വിദ്യാർഥികളായ ജൊഹാൻ, റിയാന എന്നിവരാണു മക്കൾ. മിസ്റ്റർ എംജി സർവകലാശാല ജൂനിയർ, മിസ്റ്റർ കോട്ടയം റണ്ണറപ് എന്നിവ നേടിയിരുന്നു. പ്രകടനം വർധിപ്പിക്കാനുള്ള മരുന്നുകൾ ഉപയോഗിക്കാതെയുള്ള മത്സരമാണു നാച്വറൽ ബോഡി ബിൽഡിങ്ങിൽ നടക്കുന്നത്.