ബസുകളിൽ പോക്കറ്റടി; നാലംഗ സംഘം പിടിയിൽ
Mail This Article
കാഞ്ഞിരപ്പള്ളി∙ ബസുകളിൽ പോക്കറ്റടി നടത്തുന്ന നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന കുഞ്ഞാലിമൂട് ചെറുകോട് മുരുകൻ (51), കൊട്ടാരക്കര പുത്തൂർ അനന്തു ഭവനം സത്യശീലൻ പിള്ള (59), കോട്ടയം പെരുമ്പായിക്കാട് പറയരത്തു സുജി (55), എറണാകുളം ചേരാനല്ലൂർ ഇടയക്കുന്നം പുതുക്കാട്ടുതറ റെജി ജോർജ് (51) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവർ തിങ്കളാഴ്ച ഉച്ചയ്ക്ക് 2നു കാഞ്ഞിരപ്പള്ളി പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നു ബസിൽ കയറിയ ഇടക്കുന്നം സ്വദേശിയുടെ 18,000 രൂപ വിലവരുന്ന മൊബൈൽ ഫോണും എടിഎം കാർഡും മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. സംഘം ചേർന്ന് ബസുകളിൽ കയറി തിരക്കു സൃഷ്ടിച്ച് മോഷണം നടത്തുകയാണു രീതിയെന്നു പൊലീസ് അറിയിച്ചു. എസ്എച്ച്ഒ നിർമൽ ബോസ്, എസ്ഐമാരായ ബേബി ജോൺ, ഗോപകുമാർ, എഎസ്ഐ ബേബിച്ചൻ, സിപിഒമാരായ വിമൽ, പ്രദീപ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. കോടതി 4 പേരെയും റിമാൻഡ് ചെയ്തു.