കോട്ടയത്ത് ആ റോഡ് ഇല്ലാതാകുന്നത് എങ്ങനെ? അടയുന്നത് നഗരത്തിലെ കുരുക്ക് ഒഴിവാക്കാൻ ഉപയോഗിച്ചിരുന്ന പ്രധാന സമാന്തര പാത
Mail This Article
റോഡ് ഇല്ലാതാകുന്നത് എങ്ങനെ?
നാഗമ്പടത്ത് നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷന്റെ തിരുവനന്തപുരം ഭാഗത്തെ ചെറു റെയിൽവേ മേൽപാലം വരെയുള്ള ഗുഡ്സ് ഷെഡ് റോഡിലെ പൊതുഗതാഗതം റെയിൽവേ അവസാനിപ്പിക്കുന്നു. റെയിൽവേ ഭൂമിയിലൂടെയുള്ള റോഡ് ഇനി റെയിൽവേ ഉപയോഗത്തിനു മാത്രം.
മേൽപാലം മുതൽ റബർ ബോർഡ് മേൽപാലം വരെയുള്ള മദർ തെരേസ റോഡിന്റെ ഭാഗം ഇരട്ടപ്പാത വികസനത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം മേയിൽ റെയിൽവേ പൊളിച്ചു. ഇതു പുനർനിർമിക്കാൻ നടപടിയില്ല. തിരുവനന്തപുരം എൻജിനീയറിങ് കോളജ്, പാലക്കാട് ഐഐടി എന്നിവിടങ്ങളിലെ രണ്ടു സംഘങ്ങൾ പഠനം നടത്തുകയാണെന്നു റെയിൽവേ പറഞ്ഞിട്ട് മാസങ്ങൾ. തുടർനടപടിയില്ല.
നഷ്ടം
∙ അടയുന്നത് എംസി റോഡിൽ നാഗമ്പടത്ത് നിന്ന് ദേശിയപാതയിൽ കഞ്ഞിക്കുഴിയിൽ എത്താൻ എളുപ്പവഴി. കോട്ടയം നഗരത്തിലെ കുരുക്ക് ഒഴിവാക്കാൻ ഉപയോഗിച്ചിരുന്ന പ്രധാന സമാന്തര പാത.
∙ ശബരിമല സീസണിൽ റബർ ബോർഡ് മേൽപാലത്തിൽ നിന്ന് ഇപ്പോൾ റെയിൽവേ പൊളിച്ച ഭാഗം വഴിയായിരുന്നു കെഎസ്ആർടിസി ബസുകൾ റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
∙ റെയിൽവേ ഗുഡ്സ് ഷെഡ് റോഡ് വിവിധ റോഡുകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇവർക്കു യാത്രദൂരം വർധിക്കും.
പ്രതിവിധി
പൂർണമായും റെയിൽവേയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് ഉന്നത ഇടപെടൽ ഉണ്ടായാലേ നടപടി സാധ്യമാകൂ. നിലവിൽ യാത്രാമാർഗമായി ഉപയോഗിക്കുന്ന വഴികൾ അടയ്ക്കേണ്ട എന്നതു റെയിൽവേയുടെ പ്രഖ്യാപിത നയം.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local