5 മണിക്കൂർ കനത്ത മഴ; പെയ്തിറങ്ങി ആശങ്ക, മീനച്ചിലാർ പല സ്ഥലങ്ങളിലും കരകവിഞ്ഞു

Mail This Article
തീക്കോയി ∙ തീക്കോയി, തലനാട് പഞ്ചായത്തുകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണമായതു വാഗമൺ മലനിരകളിൽ 5 മണിക്കൂർ പെയ്ത കനത്ത മഴ. ഇന്നലെ ഉച്ചയ്ക്കു 2 മുതൽ വൈകിട്ട് 7 വരെ കനത്ത മഴയാണു പെയ്തത്.വൈകിട്ട് അഞ്ചോടെയാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ഇതു ജനവാസ കേന്ദ്രങ്ങൾക്കു പുറത്തായതിനാൽ അപകടം ഒഴിവായി. രാത്രിയോടെ മഴ ശമിച്ചെങ്കിലും ചില പ്രദേശങ്ങളിൽ പെയ്യുന്നുണ്ട്.തീക്കോയി ഭാഗത്ത് മീനച്ചിലാർ പല സ്ഥലങ്ങളിലും കരകവിഞ്ഞു. മീനച്ചിലാറിന്റെ ഈരാറ്റുപേട്ട ഭാഗം മുതൽ താഴേക്കു വെള്ളമെത്തിയെങ്കിലും മുന്നറിയിപ്പുനില കടന്നിട്ടില്ല. ജില്ലയിൽ മറ്റു ഭാഗങ്ങളിൽ മഴനാശമില്ല.
ആറ്റിൽ വെള്ളമുയർന്നു
തീക്കോയി പഞ്ചായത്തിലെ ചാത്തപ്പുഴ, തലനാട് പഞ്ചായത്തിലെ മേസ്തിരിപ്പടി എന്നിവിടങ്ങളിൽ മീനച്ചിലാർ കരകവിഞ്ഞ് വെള്ളം കയറി. ഈ ഭാഗങ്ങളിൽ വീടുകളിലും വെള്ളം കയറി. തീക്കോയി –ത്രായം റോഡിൽ തീക്കോയി പള്ളിവാതിലിൽ പാലത്തിൽ വെള്ളം കയറിയെങ്കിലും വേഗത്തിൽ ഇറങ്ങി.വെള്ളികുളം സ്‌കൂളിൽ ക്യാംപ് തുറന്നെങ്കിലും മഴയ്ക്ക് ശമനമായതോടെ ക്യാംപിൽ എത്തിയവർ മടങ്ങി.

വ്യാപക മണ്ണിടിച്ചിൽ
തീക്കോയി പഞ്ചായത്തിലെ ഇഞ്ചപ്പാറ, തലനാട് പഞ്ചായത്തിലെ ആനിപ്ലാവ്, വെള്ളാനി എന്നിവടങ്ങളിൽ ഉരുൾപൊട്ടിയതിനു പിന്നാലെ തലനാട് അട്ടിക്കളം ഭാഗത്തും തീക്കോയി വെള്ളികുളം ഭാഗത്തും വ്യാപക മണ്ണിടിച്ചിലുണ്ടായി. ഈരാറ്റുപേട്ട– വാഗമൺ റോഡ്, മംഗളഗിരി– ഒറ്റയീട്ടി റോഡ്, വെള്ളാനി– ആനിപ്ലാവ് റോഡ് എന്നിവിടങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. രാത്രിയോടെ മണ്ണുമാന്തി യന്ത്രമെത്തിച്ച് വാഗമൺ റോഡിലെ തടസ്സം നീക്കി കുടുങ്ങിക്കിടന്ന വാഹനങ്ങൾ കടത്തിവിട്ടു.

ഈരാറ്റുപേട്ട– വാഗമൺ റോഡിലെ ഗതാഗതം നിരോധിച്ച സാഹചര്യത്തിൽ പൊലീസ് പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തി. വെള്ളാനി – ആനിപ്ലാവ് റോഡിൽ മണ്ണിടിഞ്ഞതോടെ വെള്ളാനി ടോപ്പിൽ 5 വീടുകൾ ഒറ്റപ്പെട്ടു. വെള്ളികുളം കുളങ്ങര സോജി, കാരികാട് കുന്നേൽ അപ്പച്ചൻ എന്നിവരുടെ വീടിന്റെ സംരക്ഷണഭിത്തിയിടിഞ്ഞ് അപകടാവസ്ഥയിലായി.

രക്ഷാപ്രവർത്തകർ സ്ഥലത്ത്
അഗ്നിരക്ഷാ സേനയും പൊലീസും സന്നദ്ധപ്രവർത്തകരും ക്യാംപ് ചെയ്യുന്നുണ്ട്. കലക്ടർ വി. വിഘ്നേശ്വരി, മീനച്ചിൽ തഹസിൽദാർ കെ.എം. ജോസുകുട്ടി, തീക്കോയി വില്ലേജ് ഓഫിസർ ജെസി ചാണ്ടി എന്നിവർ സ്ഥലത്തെത്തി.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
