ടോണി വർക്കിച്ചന്റെ നല്ല മനസ്സ്; രമേശന് ഇനി കടങ്ങൾ വീട്ടാം

Mail This Article
കടുത്തുരുത്തി ∙ ടോണി വർക്കിച്ചന്റെ നല്ല മനസ്സ്;രമേശന് ഇനി കടങ്ങൾ വീട്ടാം. അംഗപരിമിതനായ കെ.കെ.രമേശന്റെ പെട്ടിക്കടയിൽ നിന്നു മോഷണം പോയ പണത്തിനു പകരമായി സഹായം നൽകി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ. രമേശന്റെ സങ്കടാവസ്ഥയെക്കുറിച്ച് ‘മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ശരിക്കു നടക്കാൻ പോലും കഴിയാത്ത രമേശൻ പെട്ടിക്കടയ്ക്കു മുൻപിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ നിന്നാണ് ലോട്ടറി വിൽപന നടത്തുന്നത്. കടുത്തുരുത്തി ഗവ. സ്കൂളിനു മുൻ വശമാണ് പെട്ടിക്കട.
തിങ്കളാഴ്ചയാണ് 45,000 രൂപയും എടിഎം കാർഡുകളും അടങ്ങിയ ബാഗ് കടയിൽ നിന്നു മോഷണം പോയത്. ചിട്ടി പിടിച്ച വകയിൽ ലഭിച്ച 82,000 രൂപയിൽ ആവശ്യങ്ങൾക്കു ചെലവായ ശേഷം ബാക്കിവന്ന തുകയാണിത്.മരുന്നും 2 എടിഎം കാർഡും കടയുടെ താക്കോലും കുടയും വസ്ത്രങ്ങളും ബാഗിൽ ഉണ്ടായിരുന്നു. ഓണത്തിനു കച്ചവടം നടത്താനായി സ്വർണം പണയം വച്ച് ലോട്ടറി വാങ്ങിയിരുന്നു. ഇതു തിരികെയെടുക്കാനും മരുന്നു വാങ്ങാനും മറ്റുമായി സൂക്ഷിച്ച പണമാണു നഷ്ടമായത്.