അജ്ഞാത വാഹനം ഇടിച്ച് സൂസിക്ക് ദാരുണാന്ത്യം; ഏഴ് മക്കൾ സുരക്ഷിത കരം തേടുന്നു
Mail This Article
മണിമല ∙ പിറന്നു വീണു കണ്ണു തുറക്കും മുൻപേ അമ്മ വേർപിരിഞ്ഞു; അനാഥമായി 7 നായ്ക്കുട്ടികൾ. മണിമല വലിയ പാലത്തിന്റെ തൂണിനു ചുവട്ടിൽ 3 ദിവസം മുൻപ് പിറന്നു വീണ നായ്ക്കുട്ടികൾക്കാണ് അമ്മ ‘ സൂസിയെ ’ നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം അജ്ഞാത വാഹനം ഇടിച്ചാണു സൂസി ചത്തത്. മഴ ശക്തമായതോടെ മണിമലയാറ്റിൽ വെള്ളം കയറുമെന്ന പേടിയിൽ പാലത്തിന്റെ അടിയിൽ കഴിഞ്ഞിരുന്ന നായ്ക്കുട്ടികളെ സമീപത്തു ഹോട്ടൽ നടത്തുന്നവർ എടുത്തു താൽക്കാലികമായി സംരക്ഷിച്ചിരിക്കുകയാണ്.
ഇവയെ സ്ഥിരമായി സംരക്ഷിക്കാൻ പറ്റാത്ത സാഹചര്യത്തിലാണു ഹോട്ടൽ ഉടമ. നായ്ക്കുട്ടികൾക്കു പാൽ നൽകുന്നുണ്ട്. വർഷങ്ങൾക്കു മുൻപ് ടൗണിലെത്തിയ ശല്യക്കാരിയല്ലാത്ത പെൺനായ കടകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഭക്ഷണമാക്കിയാണ് കഴിഞ്ഞിരുന്നത്. നല്ല ഇനത്തിൽ പെട്ടതിനാൽ പലരും ഇതിനെ പിടികൂടാൻ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല. ഇടയ്ക്ക് എപ്പോഴോ ലഭിച്ച സൂസി എന്ന പേരിലാണു നായ ടൗണിൽ അറിയപ്പെട്ടിരുന്നത്. ആവശ്യക്കാർ ആരെങ്കിലും എത്തി നായ്ക്കുട്ടികളെ കൊണ്ടു പോകുമെന്ന പ്രതീക്ഷയിലാണു ഹോട്ടൽ ഉടമയും കുടുംബവും.