പാമ്പാടിയിലെ മോഷണം; അന്വേഷണം ഊർജിതമാക്കി പൊലീസ്
Mail This Article
പാമ്പാടി ∙ ജില്ലയിലെ 2 മോഷണക്കേസുകളുമായി പാമ്പാടിയിലെ മോഷണത്തിന് ബന്ധം. മൂന്നിടങ്ങളിലും മോഷണം നടത്തിയത് ഒരേ സംഘമെന്നു പൊലീസ് നിഗമനം. വീട് കുത്തിതുറന്ന് ഡയമണ്ട് ആഭരണങ്ങളും 6 പവൻ സ്വർണവും അരലക്ഷം രൂപയും കവർന്നത് പ്രഫഷണൽ മോഷ്ടാക്കൾ തന്നെയെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു. പാമ്പാടി മീനടം പുത്തൻപുരപ്പടി കുഴിയാത്തുകടുപ്പിൽ മാത്യു സ്കറിയ (സണ്ണി)യുടെ വീട്ടിലാണ് ഞായറാഴ്ച രാവിലെ മോഷണം നടന്നത്. രാവിലെ 7.15നു കുർബാനയ്ക്ക് പള്ളിയിലേക്കു പോയി. 10.45നാണു മടങ്ങിവന്നത്.
വീട്ടുകാർ മുൻവാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മുൻവാതിൽ പുറത്ത് നിന്നും പൂട്ടിയിട്ടാണ് പള്ളിയിലേക്ക് പോയത്. വാതിൽ താക്കോലിട്ടു തുറക്കാൻ പറ്റാതെ വന്നതോടെ ആശങ്കയായി. തുടർന്ന് പിൻവശത്തെ അടുക്കള വാതിൽ തുറന്ന് വീട്ടിലേക്ക് കയറാൻ നോക്കിയപ്പോൾ വാതിൽ കുത്തിത്തുറന്നിട്ട നിലയിൽ കണ്ടെത്തി. വീടിനകത്ത് കയറിയപ്പോൾ മുൻവശത്തെ വാതിൽ അകത്ത് നിന്നു കുറ്റിയിട്ട നിലയിലും കണ്ടെത്തി. വീടിനകത്ത് നടത്തിയ പരിശോധനയിലാണ് അലമാരയിലെ പണവും സ്വർണാഭരണങ്ങളും ഡയമണ്ട് കമ്മലുകളും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
മോഷണ സംഘം മുൻവശത്തെ വാതിലിന്റെ അരികിലെ ജനാല കർട്ടൻ നീക്കിയ ശേഷം പുറത്തുനിന്ന് ആളെത്തുന്നത് നിരീക്ഷിച്ചിരുന്നു. ഇവിടെയിരുന്നാണ് മോഷ്ടാക്കൾ കവർച്ച മുതൽ ശേഖരിച്ചത്. മോഷ്ടാക്കൾ ഗ്ലൗസ് ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. പ്രതികളെ കണ്ടെത്താൻ പാമ്പാടി സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണത്തിലാണ്.