ADVERTISEMENT

കുടക്കച്ചിറ ∙ ഇടുങ്ങിയ റോഡിൽ പാറമടയിൽ നിന്നു കല്ലുമായി വന്ന ടിപ്പർ ലോറി മറിഞ്ഞു ഡ്രൈവർക്കു പരുക്കേറ്റു. കുടക്കച്ചിറ-സെന്റ് തോമസ് മൗണ്ട് റോഡിൽ ഇന്നലെ ഉച്ചയ്ക്ക് 12നാണു ടിപ്പർ ലോറി മറിഞ്ഞത്. പാറഖനനത്തിനെതിരെ സമരരംഗത്തുള്ള നാട്ടുകാർ പഞ്ചായത്ത് അധികൃതർ സ്ഥലത്ത് എത്തണമെന്ന് ആവശ്യപ്പെട്ട് ടിപ്പറും കല്ലും റോഡിൽ നിന്നു മാറ്റാനുള്ള ശ്രമം തടഞ്ഞു. കല്ലുകൾ റോഡിൽ ചിതറിക്കിടക്കുകയാണ്. മറിഞ്ഞ ടിപ്പർ ലോറിയുടെ ഡ്രൈവർ വള്ളിച്ചിറ സ്വദേശി ബേബിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടര മീറ്റർ മാത്രം വീതിയുള്ള റോഡിലൂടെയാണു ടിപ്പറുകളുടെ നിരന്തരമുള്ള പാച്ചിൽ. ജനങ്ങളുടെ മുന്നറിയിപ്പിനെയും സമരത്തെയും അവഗണിച്ചാണ് ഇവിടെ പാറഖനനം നടത്തുന്നത്. വീതി കുറഞ്ഞ റോഡിൽക്കൂടി കുടക്കച്ചിറ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥികൾ ജീവൻ പണയം വച്ചാണു യാത്ര ചെയ്യുന്നത്. ടിപ്പർ ലോറികളെ പേടിച്ച് സ്വന്തം വാഹനങ്ങളിൽ 4 കിലോമീറ്ററോളം കൂടുതൽ യാത്ര ചെയ്താണു നാട്ടുകാർ വീടുകളിലെത്തുന്നത്. സെന്റ് തോമസ് മൗണ്ടിനു താഴെ കുത്തനെ ചെരിവുള്ള പ്രദേശത്തെ പാറഖനനം നിർത്തണമെന്നാവശ്യപ്പെട്ടു സർവകക്ഷി പ്രതിഷേധസമരം കരൂർ പഞ്ചായത്ത് ഓഫിസിനു മുൻപിൽ നടത്തിയിരുന്നു.

കുടക്കച്ചിറ പള്ളി വികാരി ഫാ.തോമസ് മഠത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്ത സമരത്തിൽ പാറമടയ്‌ക്കെതിരെ വൻപ്രതിഷേധവുമായി നൂറുകണക്കിനു നാട്ടുകാർ പങ്കെടുത്തിരുന്നു. പാറഖനനം സമീപത്തുള്ള സെന്റ് ജോസഫ്സ് ഹൈസ്‌കൂളിലെ കുട്ടികളെ ദോഷകരമായി ബാധിക്കുന്നതിനാൽ നിർത്തണമെന്നു ബാലാവകാശ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ അവഗണിച്ചു. കുടക്കച്ചിറ ഒന്നാം വാർഡിനെ ഇല്ലാതാക്കാൻ അധികാരികൾ ശ്രമിക്കുകയാണെന്നു മുൻ പഞ്ചായത്തംഗം ജോർജ് പുളിങ്കാട് പറഞ്ഞു. പാറമടയുടെ സമീപത്തുള്ള വീടുകൾക്കും സെന്റ് തോമസ് മൗണ്ട് പള്ളിക്കും വിള്ളൽ സംഭവിച്ചിട്ടുണ്ടെന്നു നാട്ടുകാർ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com