അപകടങ്ങൾ വിട്ടൊഴിയുന്നില്ല; ഈ വളവ് ഒന്ന് നിവർത്തിക്കൂടെ?
Mail This Article
കാഞ്ഞിരപ്പാറ ∙ അപകടങ്ങൾ വിട്ടൊഴിയാത്ത കാഞ്ഞിരപ്പാറ ജംക്‌ഷനിലെ കൊടും വളവ് ഡ്രൈവർമാരുടെ പേടിസ്വപ്നം. ചങ്ങനാശേരി - വാഴൂർ റോഡും കാനം - ചാമംപതാൽ റോഡും സംഗമിക്കുന്ന കാഞ്ഞിരപ്പാറ ജംക്‌ഷൻ സ്ഥിരം അപകടമേഖലയാണ്. ചങ്ങനാശേരി നിന്നു കാനം ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ജംക്‌ഷനിലെ വളവ് കടന്നു കിട്ടാൻ കുറച്ച് ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
പ്രധാന കാരണം കൊടുംവളവ്
ചങ്ങനാശേരി - വാഴൂർ റോഡിലെ ഏറ്റവും വലിയ വളവുകളിലൊന്നാണ് കാഞ്ഞിരപ്പാറയിലേത്. ഇവിടെ നിന്നാണ് കാനം, ചാമംപതാൽ ഭാഗത്തേക്ക് തിരിയുന്നതും. ചങ്ങനാശേരി ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ കാനം റോഡിലേക്ക് പ്രവേശിക്കുമ്പോഴാണ് പതിവായി അപകടം ഉണ്ടാകുന്നത്. അതോടൊപ്പം കാനം റോഡിൽ നിന്ന് വാഴൂർ റോഡിലേക്ക് പ്രവേശിക്കുമ്പോഴും അപകടം പതിവാണ്. വളവായതിനാൽ എതിർദിശയിൽ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതാണ് പ്രശ്നം വളവ് നിവർത്തുകയോ ഡിവൈഡറുകൾ സ്ഥാപിക്കുകയോ വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്.
വാഹനാപകടങ്ങൾ കണ്ട് മടുത്ത് ഓട്ടോ ഡ്രൈവർമാർ
അപകടങ്ങൾ കണ്ടു മനസ്സ് മടുത്തു നിൽക്കുകയാണ് കാഞ്ഞിരപ്പാറ ജംക്‌ഷനിലെ ഓട്ടോ ഡ്രൈവർമാർ. അപകടങ്ങൾ ഉണ്ടാകുമ്പോൾ ആദ്യം ഓടി എത്തുന്നതും ആശുപത്രിയിൽ എത്തിക്കുന്നതും വാഹന ഗതാഗതം തടസ്സപ്പെടാതെ നോക്കുന്നതും ഇവരാണ്.
വളവ് നിവർത്താൻ ഓടിയത് മിച്ചം
കാഞ്ഞിരപ്പാറ ജംക്‌ഷനിലെ വളവ് നിവർത്താൻ ഓടി നടന്നതു മാത്രമാണ് മിച്ചമുള്ളതെന്ന് പൗരസമിതി പ്രവർത്തകൻ കാഞ്ഞിരപ്പാറ പൂവത്തുംമണ്ണിൽ മാമ്മൻ വർഗീസ് പറയുന്നു. കെ.നാരായണക്കുറുപ്പ് വാഴൂർ എംഎൽഎ ആയിരുന്ന കാലം തൊട്ട് നിരവധി തവണ നിവേദനങ്ങളും പരാതികളും നൽകിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മകൻ ഡോ.എൻ.ജയരാജ് എംഎൽഎ ആയപ്പോഴും നിവേദനങ്ങൾ നൽകിയിരുന്നു. സ്വകാര്യ വ്യക്തികൾ സ്ഥലം വിട്ടു നൽകിയാൽ വളവ് നിവർത്താമെന്ന് പിഡബ്ല്യുഡി റോഡ് വിഭാഗം പറയുന്നു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local