ADVERTISEMENT

കുറവിലങ്ങാട് ∙ ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റി നിർമാണം ആരംഭിച്ചത് 2014 ഫെബ്രുവരി 2ന്. 10 വർഷം പൂർത്തിയാകാൻ മാസങ്ങൾ മാത്രം. ആദ്യഘട്ടം ഉടൻ തുറക്കുമെന്ന് അധികൃതർ പറഞ്ഞു തുടങ്ങിയതിന്റെ വാർഷികം തന്നെ പല തവണ കഴിഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന ജോലി പോലും പൂർത്തിയായിട്ടില്ല. കോടിക്കണക്കിനു രൂപയുടെ കെട്ടിടങ്ങൾ നിർമിച്ചു. പലതും പൂർത്തിയായിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ മന്ത്രി ആർ.ബിന്ദു നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. പക്ഷേ വഞ്ചി ഇപ്പോഴും തിരുനക്കരയിൽ തന്നെ എന്ന അവസ്ഥയിലാണ് കാര്യങ്ങൾ.

നിർമാണം മുടങ്ങിയിട്ട് 6 മാസം

നിർമാണ സ്ഥലത്ത് 6 മാസമായി ഒരു തൊഴിലാളി പോലും ഇല്ല. ജോലികൾ പൂർണമായി മുടങ്ങി. ഉപകരണങ്ങൾ പലതും തുരുമ്പെടുത്തു. കോടികൾ മുടക്കി നിർമിച്ച കവാടം, ചുറ്റുമതിൽ, തുറന്ന വേദി എന്നിവ കാട് പിടിച്ചു കിടക്കുന്നു. കവാടം കടന്നുചെന്നാൽ 30 ഏക്കർ സ്ഥലം അനാഥമായ അവസ്ഥയിലാണ്. കൊൽക്കത്ത നാഷനൽ കൗൺസിൽ ഫോർ സയൻസ് മ്യൂസിയത്തിന്റെ മേൽനോട്ടത്തിൽ നിർമിച്ച് കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനു കൈമാറിയ സയൻസ് സെന്റർ പൂർത്തിയായി. പക്ഷേ, ഇതിനു ചുറ്റിനും സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങൾ, പ്രതിമകൾ തുടങ്ങിയവ നാശത്തിന്റെ വക്കിലാണ്. പരിസരമാകെ പുല്ല് പിടിച്ചു കിടക്കുന്നു. കൃത്യമായി ശുചീകരണം നടത്താൻ ആരുമില്ല.

സാങ്കേതിക തടസ്സങ്ങളിൽ കുടുങ്ങിസ്പേസ് സെന്റർ

കുറവിലങ്ങാട് കേരള സയൻസ് സിറ്റിയുടെ കവാടവും എ‍ൻട്രൻസ് പ്ലാസയും കാടുകയറിയ നിലയിൽ.
കുറവിലങ്ങാട് കേരള സയൻസ് സിറ്റിയുടെ കവാടവും എ‍ൻട്രൻസ് പ്ലാസയും കാടുകയറിയ നിലയിൽ.

ഐഎസ്ആർഒയുടെ സഹകരണത്തോടെ നിർമിക്കുന്ന സ്പേസ് സെന്റർ ഇപ്പോൾ അസ്ഥികൂടം പോലെയാണ്. സാങ്കേതിക തടസ്സം മൂലം നിർമാണം മുടങ്ങിക്കിടക്കുന്ന സ്പേസ് സെന്റർ കെട്ടിടത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചു എന്നാണ് മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്. എൻട്രൻസ് പ്ലാസ, മോഷൻ സിമുലേറ്റർ കെട്ടിടം, ആംഫി തിയറ്റർ, യുജി സംപ് ടാങ്ക്(ഭൂഗർഭ സംഭരണി), ജലസംഭരണി, ഫുഡ് കോർട്ട്, ചുറ്റുമതിൽ, വഴികൾ എന്നിവ പൂർത്തിയായി വരുന്നതായി മന്ത്രി പറഞ്ഞു. കൂറ്റൻ ജലസംഭരണി ഏകദേശം പൂർത്തിയായി. പക്ഷേ പണം നൽകാത്തതിനാൽ കരാറുകാർ ജോലി നിർത്തി.

സ്പേസ് സെന്ററിനു വേണ്ടി യന്ത്രഭാഗങ്ങൾ വിദേശത്തു നിന്ന് എത്തിച്ചു. കോടികൾ വിലമതിക്കുന്ന ഉപകരണങ്ങളാണ് എത്തിയത്. കൂറ്റൻ ടെലിസ്കോപ് ഉൾപ്പെടെ ഇപ്പോഴും മുറികളിലെ ഇരുട്ടിൽ വിശ്രമിക്കുന്നു. പൊട്ടിച്ചു പരിശോധിച്ചിട്ടു പോലുമില്ല. വർഷങ്ങൾക്കു മുൻപ് എത്തിച്ച ഉപകരണങ്ങൾ ഇനി ഉപയോഗിക്കാൻ സാധിക്കുമോ എന്നു സാങ്കേതിക വിദഗ്ധർക്കു പോലും സംശയം. കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം, ഐഎസ്ആർഒ എന്നിവയുടെ നേതൃത്വത്തിൽ നിർമിക്കുന്ന സ്പേസ് തിയറ്ററിൽ സ്ഥാപിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ഡോം (താഴികക്കുടം). പക്ഷേ കെട്ടിടത്തിനു മുകളിൽ വലിയ പന്ത് പോലെ എന്തോ നിർമിച്ചതൊഴിച്ചാൽ മൈക്രോ കോൺക്രീറ്റിങ് ഉൾപ്പെടെ എല്ലാ ജോലികളും നിലച്ചു.

അടിസ്ഥാന സൗകര്യങ്ങൾ എവിടെ?

ഏതു പ്രധാന പദ്ധതിക്കും ആദ്യം ഒരുക്കേണ്ടത് അടിസ്ഥാന സൗകര്യങ്ങളാണ്. പക്ഷേ ഇവിടെ ആദ്യം നിർമിച്ചത് കോടിക്കണക്കിനു രൂപയുടെ കെട്ടിടങ്ങൾ. കെട്ടിടങ്ങൾക്കു മാത്രമായി 70 കോടി മുടക്കിയെന്നാണ് അനൗദ്യോഗിക കണക്ക്. കുറവിലങ്ങാട് കെഎസ്ഇബി സബ് സ്റ്റേഷൻ മുതൽ സയൻസ് സിറ്റി വരെ മികച്ച നിലവാരത്തിലുള്ള എബിസി കേബിൾ സ്ഥാപിച്ചു. പക്ഷേ, സയൻസ് സിറ്റിയിലെ കെട്ടിടങ്ങളിലേക്കു വൈദ്യുതി എത്തിയില്ല. വൈദ്യുതീകരണ ജോലികളുടെ കരാർ കെഎൽ എന്ന കമ്പനി ഏറ്റെടുത്തത് 2021ൽ. കെഎൽ ഉപകരാർ നൽകി.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

3 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നായിരുന്നു കരാർ ചട്ടം. പക്ഷേ 2 വർഷവും 6 മാസവും കഴിഞ്ഞിട്ടും പണികൾ പൂർത്തിയായില്ല. രണ്ടര ലക്ഷം രൂപ മുടക്കി വാങ്ങിയ കൂറ്റൻ ജനറേറ്റർ തുരുമ്പെടുത്തു നശിക്കുന്നു. ഉൾഭാഗത്തെ റോഡുകൾക്കായി 2 കോടിയിലധികം രൂപയുടെ കരാർ നൽകി. പക്ഷേ റോഡ് നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല. പാത കാട് കയറി കിടക്കുന്നു. കൂറ്റൻ ജലസംഭരണി നിർമിച്ചു. പക്ഷേ വിവിധ കെട്ടിടങ്ങളിലേക്കു വെള്ളം എത്തിക്കാനുള്ള വിതരണ സംവിധാനം ഇപ്പോഴും പാതിവഴിയിൽ.

കരാർ, ഉപകരാർ, പിന്നെയും ഉപകരാർ

നിർമാണത്തിന് ഒരു ഏജൻസിക്കു കരാർ നൽകും. അവർ ഉപകരാർ നൽകും. കെഎൽ, ഹാബിറ്റാറ്റ്, എച്ച്എൽഎൽ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഇതാണ് ചെയ്തത്. ഫലമോ നിർമാണ ജോലികൾ എങ്ങും എത്തിയില്ല. കോടികൾ മുടക്കിയിട്ടും ഒന്നാം ഘട്ടം പോലും പൂർത്തിയായില്ല. നിലവിൽ ഒരു തൊഴിലാളി പോലും ഇവിടെയില്ല. 

ദിവസവേതന അടിസ്ഥാനത്തിൽ ചില ജോലിക്കാരെ നിയമിച്ചിട്ടുണ്ട്. ഇവർക്കു ശമ്പളം കൃത്യമായി ലഭിക്കുന്നു. പക്ഷേ കാര്യമായ ജോലികളില്ല. ഫണ്ട് ലഭ്യതയല്ല പ്രശ്നം. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലാത്തതും കരാറുകാർ കൃത്യമായി ജോലി ചെയ്യാത്തതുമാണ് പ്രധാന പ്രശ്നം. നിർമാണ പുരോഗതി സംബന്ധിച്ചു കൃത്യമായ പരിശോധനയും നടത്തുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT