ഒരു പഞ്ചായത്തിൽ 2 സ്ഥലങ്ങളിൽ മഴവ്യത്യാസം 100 മില്ലീമീറ്റർ!; മേഘവിസ്ഫോടനത്തിന് സാധ്യത

Mail This Article
തീക്കോയി ∙ ജില്ലയുടെ കിഴക്കൻ മേഖലകളിൽ വ്യാഴാഴ്ചയുണ്ടായ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണം ചെറിയ പ്രദേശത്തുണ്ടായ അതിശക്തമായ മഴ. ഉരുൾപൊട്ടലുണ്ടായ തീക്കോയി പഞ്ചായത്തിലെ തന്നെ രണ്ടു പ്രദേശങ്ങളിൽ ലഭിച്ച മഴ വ്യത്യാസം 100 മില്ലീമീറ്ററിൽ ഏറെയാണ്. ലഘു മേഘവിസ്ഫോടനം അടക്കമുള്ള സാധ്യതകളിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെ വാഗമൺ മലനിരകളുടെ താഴ്‌വാരത്തുണ്ടായ ശക്തമായ മഴയാണു നാശനഷ്ടങ്ങൾക്കു കാരണമായത്.
ഈരാറ്റുപേട്ട - വാഗമൺ റോഡിൽ തീക്കോയി പഞ്ചായത്തിലെ കാരികാട് ഉരുൾപൊട്ടലുണ്ടായ വ്യാഴാഴ്ച ആകെ പെയ്ത മഴ 212.210 മില്ലീമീറ്റർ. ഇതേ പഞ്ചായത്തിൽ ഇതേ റോഡിൽ ഏകദേശം 6 കിലോമീറ്റർ മാത്രം അകലെ വേലത്തുശ്ശേരിയിൽ പെയ്ത മഴ 89.475 മില്ലീമീറ്റർ മാത്രം! വാഗമൺ മലനിരകൾക്കു താഴെ ഏകദേശം രണ്ടു കിലോമീറ്റർ ചുറ്റളവിലെ പ്രദേശത്താണു അതിശക്തമായ മഴ വ്യാഴാഴ്ച ചെയ്തിറങ്ങിയത്. പഞ്ചായത്തിലെ മറ്റു സ്ഥലങ്ങളിൽ താരതമ്യേന കുറഞ്ഞ മഴയാണു പെയ്തത്.

ആറുകളിൽ ജലനിരപ്പ് കൂടി; ഭീഷണിയില്ല
മുണ്ടക്കയം, എരുമേലി ഭാഗത്തു മഴ തുടരുന്നുണ്ട്. പുല്ലകയാർ, മണിമല, പമ്പ, അഴുത ആറുകളിൽ ജലനിരപ്പ് ഉയർന്നെങ്കിലും അപകടഭീഷണിയില്ല. ഏതാനും മീറ്റർ കൂടി ജലനിരപ്പ് ഉയർന്നാൽ പഴയിടം കോസ്‌വേയിലെ ഗതാഗതം തടസ്സപ്പെടും. പാലങ്ങളുടെയും കോസ്‌വേകളുടെയും തൂണുകളിൽ വ്യാപകമായി മാലിന്യമടിഞ്ഞു. സംസ്ഥാനപാതകളിലും ശബരിമല റോഡിലും പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. എരുമേലി പഞ്ചായത്ത് 15–ാം വാർഡിലെ കെഒടി– ചീനിമരം റോഡിലെ ഉള്ളട്ടുപടി ഭാഗത്ത് സംരക്ഷണഭിത്തി ഇടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു.

ഉരുൾക്കരുത്തിൽഭൂമി കാണാനില്ല!
ബുധൻ ഉച്ചകഴിഞ്ഞു തിമിർത്തു പെയ്ത മഴയും തുടർന്നുണ്ടായ മണ്ണിടിച്ചിലും ഉരുൾപൊട്ടലും വെള്ളികുളം ഗ്രാമത്തിലെ കർഷകരുടെ വേദനയായി. 4 മണിക്കൂറിൽ ഒലിച്ചുപോയത് ഏക്കർ കണക്കിനു കൃഷിയാണ്. ആളപായമുണ്ടാകാതെ രക്ഷപ്പെട്ടതു മാത്രമാണ് ആശ്വാസം.മുണ്ടപ്പള്ളിൽ അജി ജോസഫ്, ഷാജി ജോസഫ്, കല്ലേക്കുളത്ത് ഷാജി, നടുവിലേടത്ത് എൻ.എം.ജോസഫ്, മേരി കളപ്പുരയ്ക്കൽ എന്നിവരുടെ കൃഷി മാത്രമല്ല മണ്ണും നഷ്ടപ്പെട്ടു.
ഒന്നേമുക്കാൽ ഏക്കർ സ്ഥലമുള്ള ജോസഫിന്റെ ഒരേക്കർ സ്ഥലം പൂർണമായും ഒലിച്ചുപോയി. ഈ സ്ഥലത്തുണ്ടായിരുന്ന 17 ജാതി, 30 ഗ്രാമ്പൂ, 35 റബർ മരങ്ങൾ, മാവ്, തെങ്ങ് കാപ്പി എന്നിവയെല്ലാം നാമാവശേഷമായി. കിണർ, റബർപുര, ശുചിമുറി എന്നിവയും തകർന്നു. ഇവിടെ ഇനി കൃഷി പോലും സാധിക്കാത്ത രീതിയിൽ കല്ലു തെളിഞ്ഞു.

മുണ്ടപ്പള്ളി ഷാജിയുടെ 40 സെന്റ് സ്ഥലം മുഴുവൻ ഒലിച്ചുപോയി. 50 ഇഞ്ചിനു മുകളിൽ വണ്ണമുള്ള തേക്ക് മരങ്ങളുടെ കുറ്റി പോലും കാണുന്നില്ല. പ്ലാവ്, മാവ്, തെങ്ങ് തുടങ്ങിയ മരങ്ങളും നഷ്ടപ്പെട്ടു. ഷാജിയുടെ വീട്ടിലേക്കുള്ള വഴിയും തകർന്നു. സഹോദരൻ അജി ജോസഫിന്റെ സ്ഥലത്തെ സാഹചര്യവും ഇതുതന്നെ. 30 സെന്റോളം ഒഴുകിപ്പോയി. ശബ്ദം കേട്ടു നോക്കുമ്പോൾ കല്ലും മണ്ണും മരങ്ങളും ഒഴുകിപ്പോകുന്നതാണു കണ്ടതെന്നു അജിയുടെ ഭാര്യ ഷെറിൻ പറഞ്ഞു. കളപ്പുരയ്ക്കൽ മേരിയുടെ പ്ലാവ്, ആഞ്ഞിലി തേക്ക്, ജാതി, കാപ്പി എന്നിവ നശിച്ചു. മരങ്ങളെല്ലാം ഒഴുകിപ്പോയതോടെ തടി ഇനത്തിലും ഒന്നും കിട്ടാനില്ല.
റോഡ് മഴയെടുത്തു;ഒറ്റപ്പെട്ട് 12 വീട്ടുകാർ
പക്ഷാഘാതം വന്നു തളർന്നു ചികിത്സയിലുള്ള പുത്തൻപുരയ്ക്കൽ പി.ജെ.ജോസഫിന് ഇന്നലെ ആശുപത്രിയിൽ പോകേണ്ട ദിവസമായിരുന്നു. എന്നാൽ വീട്ടിലേക്കു പോകേണ്ട വഴി ഉരുൾ എടുത്തതോടെ യാത്ര മുടങ്ങി. തീക്കോയി പഞ്ചായത്ത് ആറാം വാർഡിലെ അട്ടിക്കളം റിവർവ്യൂ റോഡരികിലാണു ജോസഫിന്റെ വീട്. റോഡ് പൂർണമായി ഇല്ലാതായതോടെ 12 വീട്ടുകാർ ഒറ്റപ്പെട്ടു. ഒരു കലുങ്ക് പൂർണമായും ഒലിച്ചുപോയി. രണ്ടിടത്ത് 20 മീറ്ററിലധികം ദൂരം കാണാനേയില്ല.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
ജോസഫിന്റെ അനുഭവത്തിൽ ഇത്രവലിയ ദുരന്തം ആദ്യമാണ്. വീട്ടിൽനിന്ന് ഇനി പ്രധാന റോഡിൽ എത്തണമെങ്കിൽ ജോസഫിനെ എടുത്തു കൊണ്ടുപോകണം. കലുങ്കു തകർന്നു തിട്ട തിരിഞ്ഞിരിക്കുന്ന റോഡിൽക്കൂടി അതും സാധിക്കില്ല. റോഡ് തകർന്ന വിവരം പഞ്ചായത്തിൽ അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു.
ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾക്കു സമീപം പെയ്ത മഴ (മില്ലീമീറ്ററിൽ)
∙ഇഞ്ചപ്പാറ – 181.809
∙കട്ടുപ്പാറ– 200.050
∙വെള്ളികുളം – 212.210
∙കാരികാട്– 212.210
തീക്കോയിയിലെ മറ്റു പ്രദേശങ്ങളിൽ പെയ്ത മഴ (മില്ലീമീറ്ററിൽ)
∙വേലത്തുശേരി – 89.475
∙ഞണ്ടുകല്ല് – 66.002
∙ഞണ്ടുകല്ല് പാലം – 65.720