വീടിനു മുൻപിൽ നിന്ന അച്ഛനെയും മകനെയും പൊലീസ് മർദിച്ചതായി പരാതി; നാട്ടുകാർ പൊലീസ് ജീപ്പ് തടഞ്ഞു

Mail This Article
എരുമേലി ∙ കുട്ടികൾ നടത്തിയ ഓണാഘോഷത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് എത്തിയ പൊലീസ്, വീടിനു മുന്നിൽ നിന്ന അച്ഛനെയും പ്രായപൂർത്തിയാകാത്ത മകനെയും മർദിച്ചതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പൊലീസ് ജീപ്പ് തടഞ്ഞു. തുടർന്ന് മുണ്ടക്കയം എസ്എച്ച്ഒ എത്തി നാട്ടുകാരുമായി ചർച്ച നടത്തിയ ശേഷമാണ് പൊലീസിനു തിരികെ പോരാൻ കഴിഞ്ഞത്.
കനകപ്പലം ശ്രീനിപുരം നാല് സെന്റ് കോളനിക്കുള്ളിൽ ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. നിരപ്പേൽ ബിനീഷ് (47), മകൻ അമ്പാടി ബിനീഷ് (17) എന്നിവരെ പൊലീസ് ലാത്തി കൊണ്ട് അടിച്ചതായാണു പരാതി. ബിനീഷിന്റെ ഇടതു തുടയിൽ ലാത്തികൊണ്ടുള്ള അടിയേറ്റ ഭാഗം തടിച്ച് നീരു വന്ന നിലയിലാണ്. ഇതു ചോദ്യം ചെയ്ത കോളനിയിലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പൊലീസ് ഭീഷണിപ്പെടുത്തുകയും ബലപ്രയോഗം നടത്തുകയും ചെയ്തതായി നാട്ടുകാർ ആരോപിച്ചു.
പൊലീസ് അകാരണമായി മർദിച്ചതിനെതിരെ എസ്എച്ച്ഒയ്ക്കും ബാലാവകാശ കമ്മിഷനും ബിനീഷും അമ്പാടിയും നാട്ടുകാരും പരാതി നൽകി. കോളനിയിലെ കുട്ടികൾ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയാണ് ഇവിടെ നടന്നത്. ഇതിനിടെ സമീപമുള്ള പൊര്യൻമല, അടുക്കള കോളനിയിലെ ചില യുവാക്കൾ എത്തി പാട്ടുപാടി ഡാൻസ് ചെയ്തതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കവും അടിപിടിയും ഉണ്ടായി. കോളനിയിലെ സംഘാടകരായ കുട്ടികൾ ഈ തർക്കത്തിലും സംഘർഷത്തിലും ഇടപെട്ടില്ല. പൊലീസ് എത്തിയതോടെ, സംഘർഷം ഉണ്ടാക്കിയവർ കടന്നുകളഞ്ഞു.
ബിനീഷും മകനും വീടിനു മുന്നിൽ നിൽക്കുമ്പോഴാണ് പൊലീസ് സംഘം എത്തിയത്. എസ്ഐ ശാന്തി ബാബു ഒരു പ്രകോപനവും ഇല്ലാതെ ഫൈബർ ലാത്തി കൊണ്ട് തന്റെ ഇടതു തുടയിൽ അടിച്ചതായി ബിനീഷ് പറഞ്ഞു. ഇതു കണ്ടു തടസ്സം പിടിക്കാനെത്തിയ അമ്പാടിയെയും എസ്ഐ അടിച്ചു. ഇതു ചോദ്യം ചെയ്തതോടെ പിന്നാലെ എത്തിയ സിവിൽ പൊലീസ് ഓഫിസറും അമ്പാടിയെ അടിച്ചുവെന്നാണു പരാതി. അമ്പാടിയും ബിനീഷും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ആരെയും മർദിച്ചിട്ടില്ല: എസ്ഐ
കോളനിയിൽ ആരെയും മർദിച്ചിട്ടില്ലെന്നു എസ്ഐ ശാന്തി പി. ബാബു പറഞ്ഞു. കോളനിയിൽ ഓണാഘോഷ സ്ഥലത്ത് പുറത്തുനിന്നുള്ള സംഘം സംഘർഷവും അടിപിടിയും നടത്തുന്നതായി വിവരം ലഭിച്ചിട്ടാണ് ഇവിടെ എത്തിയത്. ഈ സമയം വീടിനു മുന്നിൽ ബിനീഷും മകൻ അമ്പാടിയും പ്രകോപിതരായി നിൽക്കുന്നുണ്ടായിരുന്നു. ഇവരെ വീട്ടിലേക്ക് വിടാനാണ് ശ്രമിച്ചത്. ലാത്തി കൊണ്ട് അടിച്ചിട്ടില്ല. തുടർന്ന് പരിപാടി സ്ഥലത്ത് എത്തി നാട്ടുകാരെ ശാന്തരാക്കാൻ ശ്രമിച്ചു. മൈക്ക് സമയം കഴിഞ്ഞതിനാൽ മൈക്ക് നിർത്തിവയ്ക്കാനും ആവശ്യപ്പെട്ടു. ശാന്തരായാൽ പരിപാടി നടത്താൻ അനുവദിക്കാമെന്ന് അറിയിച്ചതായും എസ്ഐ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local