ADVERTISEMENT

കോട്ടയം ∙ മാസങ്ങളുടെ ഇടവേളയിൽ രണ്ടാം വന്ദേഭാരത് ട്രെയിനും കാസർകോടു നിന്ന് ഇന്നലെ ആരംഭിച്ചപ്പോൾ ഇതുവരെ റെയിൽവേ കേരളത്തോടു പറഞ്ഞിരുന്ന തടസ്സവാദങ്ങളെല്ലാം ഇല്ലാതാകുന്നു. വേണമെന്നു വച്ചാൽ ട്രെയിൻ ഓടിക്കാൻ റെയിൽവേക്കു നിലവിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നു കാസർകോട്ടെ മൂന്നു ട്രാക്ക് മാത്രമുള്ള റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ടു ട്രെയിനുകൾ ആരംഭിച്ചതു വഴി തെളിഞ്ഞു. 

കാസർകോട്ടെ മൂന്നാം ട്രാക്കിലാണു വന്ദേഭാരത് എത്തുന്നത്. ആദ്യ വന്ദേഭാരത് ഉച്ചയ്ക്ക് എത്തി അരമണിക്കൂർ കഴിഞ്ഞു തിരുവനന്തപുരത്തേക്കു മടങ്ങുമ്പോൾ രണ്ടാം വന്ദേഭാരത് രാത്രി എത്തി രാവിലെ മാത്രമാണു മടങ്ങുന്നത്. ഒന്ന്, രണ്ട് ട്രാക്ക് വഴി മറ്റു ട്രെയിനുകൾ തടസ്സമില്ലാതെ കടന്നുപോകുകയും ചെയ്യും.

കേരളത്തിൽ ഇരട്ടപ്പാതയില്ല, തിരുവനന്തപുരം, എറണാകുളം സ്റ്റേഷനുകളിൽ നിന്നു പരമാവധി സർവീസുകൾ ആരംഭിക്കുന്നതിനാൽ ഇവിടെയിനി സ്ഥലമില്ല എന്നീ രണ്ടു പ്രധാന തടസ്സവാദങ്ങളാണ് ട്രെയിൻ ആവശ്യപ്പെടുമ്പോൾ റെയിൽവേ ഉന്നയിച്ചിരുന്നത്. ഈ രണ്ട് വാദങ്ങൾക്കും കോട്ടയത്തു പരിഹാരമുണ്ട്. കോട്ടയം വഴിയുള്ള ഇരട്ടപ്പാതയ്ക്കു പുറമേ സ്റ്റേഷൻ നവീകരണവും പൂർത്തിയായതോടെയാണിത്.

കോട്ടയത്തെ സൗകര്യങ്ങൾ

∙ 24 കോച്ചുകളുള്ള ട്രെയിനുകൾ നിർത്താൻ സാധിക്കുന്ന 5 പ്ലാറ്റ്ഫോമുകളുള്ള സ്റ്റേഷനായി കോട്ടയം റെയിൽവേ സ്റ്റേഷൻ നവീകരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. എറണാകുളം സ്റ്റേഷനിലെ തിരക്കു കുറയ്ക്കാൻ കോട്ടയത്തേക്ക് ഇപ്പോൾത്തന്നെ നീട്ടാവുന്ന ട്രെയിനുകളുടെ കണക്കുകൾ എംപിമാരും പല പാസഞ്ചർ സംഘടനകളും അറിയിച്ചിട്ടും റെയിൽവേക്ക് അനക്കമില്ല.
∙ കോട്ടയത്തു 3 പ്ലാറ്റ്ഫോമുകൾ ട്രെയിനുകൾ നിർത്തിയിടാനും സർവീസ് ആരംഭിക്കാനും സജ്ജമാണ്. കോച്ചുകളിൽ വെള്ളം നിറയ്ക്കുന്നതിനും സാധിക്കും. സർവീസ് ആരംഭിക്കുന്ന സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടത്തി കോട്ടയത്ത് എത്തി മടങ്ങുന്ന പ്ലാറ്റ്ഫോം ടേൺ എറൗണ്ട് തരത്തിൽ ട്രെയിനുകൾ ആരംഭിക്കാം.
∙ മെമു, പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കാൻ 1 എ പ്ലാറ്റ്ഫോമും തയാർ. ഇതുവരെ ഇത് ഉപയോഗിച്ചിട്ടില്ല.
∙ മംഗളൂരു–തിരുവനന്തപുരം വൈദ്യുതീകരിച്ച ഇരട്ടപ്പാത തയാറായതോടെ പാതയില്ല എന്ന വാദവും അപ്രസക്തം.

പിറ്റ്‌ലൈനിന് വഴിയുണ്ട്

ട്രെയിൻ അറ്റകുറ്റപ്പണിക്കു കോട്ടയത്ത് പിറ്റ്‌ലൈൻ ഇല്ല എന്ന പോരായ്മയുണ്ട്.  കോട്ടയത്തെ രണ്ടു ടണലുകൾ വഴിയുള്ള പഴയ സിംഗിൾ ലൈൻ ഇപ്പോൾ ഉപയോഗിക്കുന്നില്ല. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നു തുടങ്ങി മുട്ടമ്പലം ലവൽക്രോസ് വരെ ഒരു കിലോമീറ്ററിൽ അധികമുള്ള ഈ ലൈൻ പിറ്റ്‌ലൈനായി മാറ്റിയാൽ  പ്രശ്നം പരിഹരിക്കാം. ഇവിടെ അറ്റകുറ്റപ്പണികളും നടത്താം. ഈ പ്രദേശമെല്ലാം റെയിൽവേയുടെ കൈവശം തന്നെയായതിനാൽ മറ്റു തടസ്സങ്ങളില്ല. 

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

കോട്ടയത്തേക്കു നീട്ടാവുന്ന ട്രെയിനുകൾ

∙ മുംബൈ– എറണാകുളം തുരന്തോ എക്സ്പ്രസ്
∙ കാരയ്ക്കൽ–എറണാകുളം എക്സ്പ്രസ്
∙ ബെംഗളൂരു –എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്
∙ പുണെ–എറണാകുളം ബൈ വീക്ക്‌ലി
∙ മഡ്ഗാവ്–എറണാകുളം എക്സ്പ്രസ്

(ഈ ട്രെയിനുകൾ കോട്ടയത്തേക്കു നീട്ടണമെന്ന് ആവശ്യപ്പെട്ട് വെസ്റ്റേൺ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷൻ റെയിൽവേയ്ക്കു നിവേദനം നൽകിയിട്ടുണ്ട്)

മെമുവും വേണം

കായംകുളം –എറണാകുളം പാതയിൽ (കോട്ടയം വഴി) രാവിലെ മെമു വേണമെന്ന് ആവശ്യമുണ്ട്. തിരുനെൽവേലി– പാലക്കാട് പാലരുവി എക്സ്പ്രസിനും തിരുവനന്തപുരം– ഷൊർണൂർ വേണാട് എക്സ്പ്രസിനു ഇടയിൽ മെമു വേണമെന്നാണ് ആവശ്യം. ഇരു ട്രെയിനുകളിലും വലിയ തിരക്കാണ്. കോട്ടയം–എറണാകുളം, കോട്ടയം–കൊല്ലം റൂട്ടിലും മെമു വേണമെന്ന് ആവശ്യമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT