അങ്കണവാടി അധ്യാപികയെ കണ്ടെത്താനായില്ല; സൂചനകളൊന്നും കിട്ടാതെ പൊലീസ്

Mail This Article
ഏറ്റുമാനൂർ∙ 22 ദിവസങ്ങൾക്ക് മുൻപ് കിടങ്ങൂരിലെ വീട്ടിൽ നിന്നും കാണാതായ അങ്കണവാടി അധ്യാപികയെ ഇനിയും കണ്ടെത്താൻ കഴിയാത്തതിൽ ബന്ധുക്കളും നാട്ടുകാരും ആശങ്കയിൽ. പൊലീസ് അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ സൂചനകളൊന്നും ഇനിയും ലഭിച്ചിട്ടില്ല. യുവതിയെ എത്രയും വേഗം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് കുടുംബം. നാലിനാണ് പുന്നത്തുറ അങ്കണവാടി അധ്യാപിക പേരൂർ കരോട്ടത്തറ കെ.കെ.പുഷ്പകുമാരിയെ (36) കാണാതാകുന്നത്. കിടങ്ങൂർ സൗത്ത് വില്ലേജ് ചെക്ക് ഡാം ഭാഗത്ത് ഭർത്താവുമൊത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു.
കാണാതാകുന്നതിനു 2 ദിവസം മുൻപു മുതൽ ഓർമക്കുറവു കാണിച്ചിരുന്നതായി ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പണമോ മൊബൈൽ ഫോണോ, ചെരുപ്പോ കൊണ്ടുപോയിട്ടില്ല. ബന്ധു വീടുകളിലും പോകാൻ സാധ്യതയുള്ള മറ്റു സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തിയിട്ടും കാണാതെ വന്നതോടെയാണ് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. കിടങ്ങൂർ പൊലീസിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയെത്തി വീടിനു സമീപം മീനച്ചിലാറ്റിലെ ചെക്ക് ഡാമിന്റെ പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു.
പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. കൂടാതെ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ബന്ധുക്കളും പൊലീസും ചേർന്നു തിരച്ചിൽ നടത്തുകയാണ്. കാണാതാകുമ്പോൾ പച്ചയിൽ മഞ്ഞ വരകളോടു കൂടിയ ടോപ്പും, മഞ്ഞ പാന്റുമായിരുന്നു വേഷം. കഴിഞ്ഞ 15നു പള്ളിക്കത്തോട് ബസ് സ്റ്റാൻഡിൽ മുഷിഞ്ഞ വേഷം ധരിച്ച നിലയിൽ ഇവരെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ ദിവസങ്ങളോളം ഇവിടെ അന്വേഷണം നടത്തിയിരുന്നു.
പോകാനിടയുള്ള തീർഥാടന കേന്ദ്രങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. എന്നിട്ടും യുവതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ആഴ്ചകൾ പിന്നിട്ടിട്ടും ഒരു സൂചനപോലും ലഭിക്കാത്തത് പൊലീസിനെയും കുഴയ്ക്കുകയാണ്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് കിടങ്ങൂർ പൊലീസ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local