സിനിമയിലെ ത്രില്ലർ രംഗങ്ങൾ പോലെ പൊലീസിന്റെ ഓപ്പറേഷൻ; സംശയം തോന്നിയ റോബിൻ അകത്തേക്കോടി
Mail This Article
കുമാരനല്ലൂർ ∙ കാക്കിനിറമുള്ള എന്തു കണ്ടാലും കടിപ്പിച്ചാണു നായ്ക്കൾക്കു പരിശീലനം നൽകിയിരുന്നതെന്നു ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറയുന്നു. കാക്കി നിറത്തോടു സാമ്യമുള്ള വസ്തുക്കളിൽ നായ്ക്കളെ കടിപ്പിച്ചു പരിശീലനം നടത്തുന്ന വിഡിയോകൾ റോബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്. റിട്ട. ബിഎസ്എഫ് ഉദ്യോഗസ്ഥനിൽ നിന്നാണ് റോബിൻ നായപരിശീലനം പഠിച്ചത്.ഇദ്ദേഹത്തിൽനിന്നു വിവരങ്ങൾ ശേഖരിച്ചു.
കാക്കി നിറത്തെ ആക്രമിക്കാൻ എന്തു പരിശീലനം നൽകണമെന്ന് ഈ പരിശീലകനോടു റോബിൻ ചോദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കമാൻഡോ സംഘങ്ങളുടെ ദൗത്യങ്ങൾക്കു പ്രധാനമായും ഉപയോഗിക്കുന്ന ബൽജിയം മലിനോയ്സ് ഇനത്തിൽപെട്ട നായ്ക്കളെ പ്രത്യേകം പരിശീലിപ്പിച്ചിരുന്നു.
നായ്ക്കളെ മാറ്റാൻ ശ്രമം തുടങ്ങി
കുമാരനല്ലൂർ ∙ നായപരിശീലന കേന്ദ്രത്തിലെ നായ്ക്കളെ മാറ്റാൻ പൊലീസ് ശ്രമം തുടങ്ങി. പ്രതിയായ റോബിന്റെ നാലു നായ്ക്കളെ റോബിന്റെ ബന്ധുക്കൾക്കു കൈമാറാനാണു ശ്രമം. ഇവ ഇപ്പോഴും വീട്ടിൽത്തന്നെയുണ്ട്. ഈ നായ്ക്കൾക്കു നാട്ടുകാരാണു ഭക്ഷണം നൽകിയത്. പരിശീലനത്തിനായി എത്തിച്ച 9 നായ്ക്കളിൽ 6 എണ്ണത്തെ ഉടമകൾ കൊണ്ടുപോയി. 3 എണ്ണത്തിന്റെ ഉടമകൾകൂടി എത്താനുണ്ട്.
നിഗൂഢതകളുടെ ഡെൽറ്റ കെ9
കുമാരനല്ലൂർ ∙ സിനിമയിലെ ത്രില്ലർ രംഗങ്ങൾ പോലെയായിരുന്നു കുമാരനല്ലൂരിൽ നായപരിശീലന കേന്ദ്രത്തിലെ പൊലീസിന്റെ ഓപ്പറേഷൻ. ഞായറാഴ്ച രാത്രി പത്തരയോടെ കഞ്ചാവു വാങ്ങാനെന്ന വ്യാജേനയാണു 2 പൊലീസുകാർ വല്യാലിൻചുവട്ടിലെ റോബിന്റെ വാടകവീട്ടിൽ എത്തിയത്. ഇവർക്കു ‘സാധനം’ നൽകാൻ റോബിനും ഗേറ്റിനടുത്ത് എത്തി. സംശയം തോന്നിയ റോബിൻ അകത്തേക്കോടി ഒരു നായയെ അഴിച്ചുവിട്ടു. പിന്നാലെ രണ്ടു നായ്ക്കളെക്കൂടി അഴിച്ചുവിട്ടു. തുടർന്നു സമീപത്തെ കരീമ്പാടം പാടശേഖരത്തിലൂടെ റോബിൻ ഓടിക്കളഞ്ഞെന്നാണു പൊലീസ് പറയുന്നത്.
നായ്ക്കൾ ഉള്ളതിനാൽ ഗേറ്റ് തുറന്നു പൊലീസ് സംഘത്തിന് ആദ്യം അകത്തു കയറാനായില്ല. ഇതോടെ പൊലീസ് ഡോഗ് സ്ക്വാഡിലെ പരിശീലകരെ വരുത്തി. സ്ക്വാഡിലെ അംഗങ്ങൾ ഗേറ്റിനു പുറത്തു നിന്ന് ഇറച്ചിയിട്ടു കൊടുത്തു ഒരു നായയെ വശത്താക്കി. സ്ക്വാഡിലെ സജി കുമാർ അടുത്തുചെന്നു തലയിൽ തലോടിയപ്പോൾ നായ അനുസരണയോടെ നിന്നു. കൂട്ടിലാക്കിയ ശേഷം പൊലീസ് വീടിനുള്ളിലേക്കു കയറാൻ നോക്കിയപ്പോൾ ഉള്ളിൽനിന്നു 2 നായ്ക്കൾ ഓടിയെത്തി. സമീപത്തുണ്ടായിരുന്ന മേശയെടുത്ത് പൊലീസ് ഇവയെ തടഞ്ഞു.
ഇവയ്ക്കും ഇറച്ചി ഇട്ടുകൊടുത്ത് അനുനയിപ്പിച്ച് മറ്റൊരു മുറിയിൽ അടച്ചു. തുടർന്നാണു പരിശോധന നടത്തിയതും 17.8 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയതും. പൊലീസ് എത്തുമ്പോൾ കഞ്ചാവ് വാങ്ങാനെത്തിയ മറ്റൊരു ഇടപാടുകാരൻ കൂടി ഉണ്ടായിരുന്നെന്നും അയാളും ഓടിക്കളഞ്ഞെന്നും പ്രചാരണമുണ്ടെങ്കിലും സ്ഥിരീകരണമില്ല. നർകോട്ടിക് സെൽ ഡിവൈഎസ്പി സി.ജോൺ, കോട്ടയം ഡിവൈഎസ്പി എൻ.കെ.മുരളി, ഗാന്ധിനഗർ എസ്എച്ച്ഒ കെ.ഷിജി, എസ്ഐ സുധി കെ.സത്യപാലൻ, എഎസ്ഐ പത്മകുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local