ADVERTISEMENT

അയ്മനം ∙ നേരത്തേ ഓട്ടോറിക്ഷ തൊഴിലാളിയായതിനാൽ നാട്ടുകാർക്കു സുപരിചിതനായിരുന്നു ബിനു. കുടയംപടി സ്റ്റാൻഡിലാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. സ്കൂൾ ഓട്ടവും ഈ സമയത്തുണ്ടായിരുന്നു.പാണ്ഡവത്ത് ഇലഞ്ഞിക്കൽ – രജിരാജ മന്ദിരം റോഡിലാണ് ബിനു താമസിച്ചിരുന്ന വാടകവീട്. രണ്ടര വർഷമായി ഇവിടെയാണു താമസം. 

ഓട്ടോ വിറ്റ പണവും വായ്പയും ചേർത്താണു 2 വർ‍ഷം മുൻപു ചെരിപ്പുകട തുടങ്ങിയത്. തുടർന്ന് ഇതിനോടുചേർന്ന് ലേഡീസ് സ്റ്റോർ തുടങ്ങി. പ്രതീക്ഷിച്ച വരുമാനം ഉണ്ടായില്ല. വായ്പയുടെ തിരിച്ചടവ് 2 മാസം വൈകി. തിരിച്ചടവു മുടങ്ങിയ സമയത്തു ബാങ്കുകാർ കടയിൽ എത്തി കലക്‌ഷൻ തുക കൊണ്ടുപോയ സംഭവം ബിനു ആരോടും പറഞ്ഞിരുന്നില്ല. കടയിലെ ജീവനക്കാരിയാണ് ഇക്കാര്യം മറ്റുള്ളവരോടു പറഞ്ഞത്. രണ്ടു തവണ കർണാടക ബാങ്കിൽ നിന്നു വായ്പ എടുത്തതു കൃത്യമായി അടച്ചുതീർത്തിരുന്നു. 

ബാങ്ക് ജീവനക്കാർ ഭീഷണിപ്പെടുത്തിയ കാര്യം ഭാര്യ ഷൈനിയോടു ബിനു പറഞ്ഞിരുന്നു.  ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നെങ്കിലും പേടിച്ച് അതു ഡിലീറ്റ് ചെയ്തെന്നു ബിനുവിന്റെ മകൾ നന്ദന പറഞ്ഞു.കുടമാളൂർ ചാമത്തറയിലെ കുടുംബവീട്ടിലാണു ബിനുവിന്റെ മൃതദേഹം എത്തിച്ചത്. സംസ്കാരച്ചടങ്ങും ഇവിടെയാണു നടത്തിയത്. ബിനുവിന് ആദരാഞ്ജലി അർപ്പിക്കാൻ വ്യാപാരികളും ഓട്ടോറിക്ഷാ തൊഴിലാളികളും അടക്കം നൂറുകണക്കിനു പേരാണ് എത്തിയത്.

വായ്പക്കുടിശികയിൽ ബാങ്ക് ഭീഷണി; വ്യാപാരി ജീവനൊടുക്കിയ നിലയിൽ 

അയ്മനം (കോട്ടയം) ∙ വ്യാപാരിയെ മരിച്ചനിലയിൽ കണ്ടെത്തി; വായ്പ തിരിച്ചടവ് ഒരു തവണ മുടങ്ങിയതിനെത്തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥർ കടയിലെത്തി ഭീഷണിപ്പെടുത്തിയതാണു ജീവനൊടുക്കാൻ കാരണമെന്നു ബന്ധുക്കൾ ആരോപിച്ചു. കുടമാളൂർ ചാമത്തറ അഭിരാമിൽ കെ.സി.ബിനു (50) ആണ് മരിച്ചത്. പാണ്ഡവത്തെ വാടകവീടിനുള്ളിലാണു മൃതദേഹം കണ്ടെത്തിയത്. ബിനുവിന്റെ മൃതദേഹവുമായി ഭാര്യയും 2 പെൺമക്കളും നാട്ടുകാരും നാഗമ്പടത്തെ ബാങ്ക് ശാഖയ്ക്കു മുന്നിലെത്തി 2 മണിക്കൂറോളം പ്രതിഷേധിച്ചു.മെഡിക്കൽ കോളജ് റോഡിൽ കുടയംപടി ജംക്‌ഷനു സമീപം രണ്ടു വർഷമായി സ്റ്റെപ്സ് എന്ന ചെരിപ്പുകട നടത്തുകയായിരുന്നു ബിനു. 

കട തുടങ്ങാനായി കർണാടക ബാങ്കിന്റെ നാഗമ്പടം ശാഖയിൽ നിന്ന് 5 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. പ്രതിമാസം 14,000 രൂപയായിരുന്നു തിരിച്ചടവ്. ഈ മാസത്തെ തുക മുടങ്ങി. ബാങ്ക് അധികൃതർ തിങ്കളാഴ്ച രാവിലെ കടയിലെത്തി നോട്ടിസ് നൽകുകയും അന്നത്തെ കലക്‌ഷൻ തുക മേശയിൽ നിന്ന് എടുത്തുകൊണ്ടു പോവുകയും ചെയ്തെന്നു മറ്റു വ്യാപാരികൾ ആരോപിക്കുന്നു.അന്ന് ഉച്ചയോടെ കടയടച്ചു ബിനു വീട്ടിലെത്തി. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വൈകിട്ട് ഭാര്യയും ഒരു മകളും എത്തിയപ്പോൾ വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ കതക് പൊളിച്ചു അകത്തുകടന്നപ്പോൾ ബിനുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബിനുവിന്റെ മൃതദേഹം നാഗമ്പടത്തെ കർണാടക ബാങ്കിനു മുൻപിൽ കൊണ്ടുവന്ന് പ്രതിഷേധിച്ചപ്പോൾ സമീപമിരുന്ന് വിതുമ്പുന്ന മൂത്തമകൾ നന്ദന.
ബിനുവിന്റെ മൃതദേഹം നാഗമ്പടത്തെ കർണാടക ബാങ്കിനു മുൻപിൽ കൊണ്ടുവന്ന് പ്രതിഷേധിച്ചപ്പോൾ സമീപമിരുന്ന് വിതുമ്പുന്ന മൂത്തമകൾ നന്ദന.

ഇതിനു മുൻപ് 2 മാസം തിരിച്ചടവ് മുടങ്ങിയത് ഒരുമിച്ച് അടച്ചിരുന്നു. എന്നിട്ടും ഒരു തവണ മുടങ്ങിയതിനു ബാങ്ക് ഉദ്യോഗസ്ഥർ കടയിലെത്തി ഭീഷണിപ്പെടുത്തിയെന്നാണു വീട്ടുകാരുടെ പരാതി.കോട്ടയം റെയിൽവേ സ്റ്റേഷൻ റോഡിൽ ബിനുവിന്റെ മൃതദേഹവുമായുള്ള സമരം ശക്തമായതോടെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് സ്ഥലത്തെത്തി ബന്ധുക്കളുമായി സംസാരിച്ചു. തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. ബിനുവിന്റെ മൃതദേഹം സംസ്കരിച്ചു. ഭാര്യ: ഷൈനി. മക്കൾ: നന്ദന, നന്ദിത (വിദ്യാർഥിനികൾ). കുടിശിക അടയ്ക്കാനുള്ള നോട്ടിസ് നൽകാൻ മാത്രമേ കടയിൽ പോയിട്ടുള്ളൂവെന്നും തിരിച്ചടവു സംബന്ധിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കർണാടക ബാങ്ക് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT