ADVERTISEMENT

മണർകാട് ∙ അച്ചാച്ചനും അമ്മയും അറിയാതെ എനിക്ക് രഹസ്യമായി തന്ന മിഠായികൾക്കും ഒപ്പമിരുന്ന് ഭക്ഷണം വിളമ്പി തന്നതിനും വർത്തമാനം പറഞ്ഞതിനും നന്ദി. മണർകാട് സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ച ദ് ഫെസ്റ്റിവൽ ഓഫ് ലവ് വിത്ത് ഗ്രാൻഡ് പേരന്റ്സ് ആഘോഷത്തിനിടെ വിദ്യാർഥികൾ മുത്തച്ഛനും മുത്തശ്ശിക്കും നൽകിയ കത്തിലെ ഉള്ളടക്കമാണിത്. മുത്തച്​ഛനും മുത്തശ്ശിക്കും സ്നേഹക്കത്തുകളും സമ്മാന പൊതികളുമായാണ്  സ്കൂളിലെ വിദ്യാർഥികൾ എത്തിയത്. മുത്തച്ഛന് പുസ്തകങ്ങൾ അടുക്കി വെയ്ക്കാൻ ഒരു ഷെൽഫാണ് എട്ടാം ക്ലാസ് വിദ്യാർഥി ആൽബിൻ സി ബിനോയി സമ്മാനമായി നൽകിയത്. ഏഴാം ക്ലാസുകാരൻ ജോണിക്കുട്ടി വല്യപ്പനും വല്ല്യമ്മയ്ക്കും സമ്മാനത്തിനൊപ്പം നൽകിയതൊരു സ്നേഹം പൊതിഞ്ഞ കത്താണ്. 

കത്തിലെ ഉള്ളടക്കം പ്രിയപ്പെട്ട  കുഞ്ഞാച്ച, അച്ചീ 

‘‘നിങ്ങൾ എനിക്ക് തന്ന എല്ലാ കാര്യങ്ങൾക്കും നന്ദി പറയുന്നു. ഞാൻ സ്കൂളിൽ നിന്നും മടുത്ത് വരുമ്പോൾ എനിക്ക് നല്ല ഭക്ഷണം തരുന്നതിനും എന്നെ ഇത്രയും നാളും നോക്കിയതിനും നന്ദി. ഞാൻ ടിവി കാണുമ്പോൾ അച്ചി അടുത്ത് വന്നിരുന്നിട്ട്,  ഇതെന്നാടാ ഇവരു പറയുന്നതെന്ന് ചോദിക്കുമ്പോൾ ഞാനതെക്കെ പറഞ്ഞുകൊടുക്കുമ്പോൾ  ഒത്തിരി സന്തോഷമാണ്. എന്നെ ഓർത്ത് ടെൻഷനടിക്കുന്നതിന്  ഞാനെന്തെങ്കിലും  പറയുമെങ്കിലും എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് ഇന്നും എപ്പോഴും.’’ 

മണർകാട് സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ 4 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ മുത്തച്‌ഛൻമാർക്കും മുത്തശ്ശിമാർക്കുമായി ഒരു ദിവസം മാറ്റിവെക്കുന്നതിനായാണ് വടവാതൂർ ഗ്രേസ് കെയർ ജിറിയാട്രിക് ട്രെയ്നിങ് ആൻഡ് ഡവലപ്മെന്റ് സെന്ററിലെ സോഷ്യൽവർക്ക് ട്രെയിനീസിന്റെ സഹകരണത്തോടെ  പാരസ്പര്യം 2023  ദ് ഫെസ്റ്റിവൽ ഓഫ് ലവ് വിത്ത് ഗ്രാൻഡ് പേരന്റ്സ് എന്ന സ്നേഹസംഗമം നടത്തിയത്. 

120 മുത്തശ്ശി–മുത്തച്‌ഛൻമാർ പരിപാടിയിൽ പങ്കെടുത്തു. കൊച്ചുമക്കൾ സമ്മാനം നൽകി കാലിൽ നമസ്കരിച്ച് ആലിംഗനം ചെയ്തപ്പോൾ അവരുടെ  കണ്ണുകളിൽ ആനന്ദാശ്രു നിറഞ്ഞു. സ്കൂൾ മാനേജർ ഫാ.ആൻഡ്രൂസ് ചിരവത്തറ കോറെപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സ്വർണ തോമസ്, സ്കൂൾ സെക്രട്ടറി ജേക്കബ് വർഗീസ് മുണ്ടിയിൽ, സ്കൂൾ ട്രസ്റ്റി ബിനു ടി ജോയ് താഴത്തേടത്ത്, ഗ്രേസ് കെയർ മാനേജർ ടോളി തോമസ്, ഗ്രേസ് കെയർ ഡയറക്ടർ ഡോ.മാത്യു കണമല എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com