കണക്കുതീർത്ത് പ്രതിഷേധം; പ്രതിരോധിച്ച് പൊലീസ്

Mail This Article
കോട്ടയം ∙ അയ്മനം പാണ്ഡവത്ത് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് നാഗമ്പടത്തെ കർണാടക ബാങ്കിനു മുന്നിൽ സമരങ്ങളുടെ വേലിയേറ്റം. നാട്ടുകാർക്കും ബന്ധുക്കൾക്കും പുറമേ വ്യാപാരികളും ഡിവൈഎഫ്ഐ പ്രവർത്തകരും സമരവുമായി എത്തി. സമരം ആരംഭിക്കുന്നതിനു മുൻപു തന്നെ ബാങ്കിന്റെ ഷട്ടർ താഴ്ത്തിയിരുന്നു. സമീപത്തെ കടകൾ അടച്ചു.
ഡിവൈഎഫ്ഐ പ്രവർത്തകരാണു സമരവുമായി ആദ്യം ബാങ്കിനു മുന്നിലെത്തിയത്. വ്യാപാരി വ്യവസായി ഏകോപന സമിതിയും പ്രതിഷേധവുമായെത്തി. ഈ സമയം പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹവുമായി ബിനുവിന്റെ കുടുംബവും ആംബുലൻസിൽ ബാങ്കിനു മുന്നിൽ എത്തി. ബിനുവിന്റെ ഭാര്യ ഷൈനിയും മക്കളായ നന്ദനയും നന്ദിതയും ആംബുലൻസിൽ ഉണ്ടായിരുന്നു.
ബാങ്ക് കെട്ടിടത്തിനു മുന്നിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നതിനാൽ റോഡിലാണ് ആംബുലൻസ് നിർത്തിയത്. മൃതദേഹം റോഡിൽ ഇറക്കിവച്ച് പ്രതിഷേധിച്ചെങ്കിലും കുറച്ചു സമയത്തിനു ശേഷം ആംബുലൻസിലേക്കു മാറ്റി. സമരം തുടർന്നെങ്കിലും നടപടി ഇല്ലാതെ വന്നതോടെ ഡിവൈഎഫ്ഐ പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റി കെട്ടിടത്തിലേക്ക് കയറാൻ ശ്രമിച്ചു. പൊലീസുമായുള്ള ഉന്തിലും തള്ളിലും നിലത്തുവീണ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ജെയ്ക് സി.തോമസിന്റെ കൈ മുറിഞ്ഞു. ബാങ്ക് കെട്ടിടത്തിനു നേരെ പ്രവർത്തകർ കല്ലെറിഞ്ഞു.

ഈ സമയം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ.തോമസുകുട്ടി, ജനറൽ സെക്രട്ടറി എ.കെ.എൻ.പണിക്കർ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം.കെ.ഖാദർ എന്നിവരുടെ നേതൃത്വത്തിൽ വ്യാപാരികൾ റോഡ് ഉപരോധിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സ്ഥലത്ത് എത്തി വീട്ടുകാരുമായി സംസാരിച്ചു.

കലക്ടറോ ജില്ലാ പൊലീസ് മേധാവിയോ സംഭവത്തിൽ ഇടപെടണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. ബിനുവിന്റെ മകൾ നന്ദനയും റോഡ് ഉപരോധത്തിൽ പങ്കുചേർന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാറും സ്ഥലത്ത് എത്തിയിരുന്നു.ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് എത്തി ബിനുവിന്റെ കുടുംബത്തോടും സമരക്കാരോടും സംസാരിച്ചതിനെത്തുടർന്ന് സമരം അവസാനിപ്പിച്ചു. നാഗമ്പടം–റെയിൽവേ സ്റ്റേഷൻ റോഡിൽ ഇന്നലെ ഉച്ചയ്ക്കു രണ്ടു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ പൊലീസ് വഴിതിരിച്ചുവിട്ടു.

ബാങ്കിന് എതിരെ നടപടിവേണമെന്ന് വ്യാപാരികൾ
വ്യാപാരിയുടെ ആത്മഹത്യയ്ക്കു കാരണക്കാരായ കർണാടക ബാങ്ക് അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും വ്യാപാരിയുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനു സഹായം ബാങ്കിൽ നിന്ന് ഈടാക്കണമെന്നും വ്യാപാരി വ്യവസായി സമിതി. ഗുണ്ടകളെ പോലെയാണ് ബാങ്കിന്റെ ചുമതലക്കാർ വ്യാപാരിയോടു പെരുമാറിയത്.

ഇതിൽ മനംനൊന്താണ് അദ്ദേഹം ജീവനൊടുക്കിയതെന്നു സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു, സംസ്ഥാന കമ്മിറ്റിയംഗം പി.എ.അബ്ദുൽ സലിം, ജില്ലാ കമ്മിറ്റിയംഗം കെ.വി.സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു.