പണമിടപാട് സ്ഥാപനത്തിൽ ഡിവൈഎഫ്ഐ നേതാവിന്റെ തട്ടിപ്പ്; അക്കൗണ്ടുകൾ കാലി, പണം കണ്ടെത്താൻ കഴിയാതെ പൊലീസ്

Mail This Article
തലയോലപ്പറമ്പ് ∙ ഡിവൈഎഫ്ഐ തലയോലപ്പറമ്പ് മേഖലാ ജോയിന്റ് സെക്രട്ടറി ഉൾപ്പെടെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ 2 ജീവനക്കാരികൾ പണയ ഉരുപ്പടികളിൽ കൃത്രിമം കാട്ടി 42.72 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയ സംഭവത്തിൽ, തട്ടിയെടുത്ത പണം എവിടെയെന്നു കണ്ടെത്താനാകാതെ പൊലീസ്. ഡിവൈഎഫ്ഐ നേതാവ് തലയോലപ്പറമ്പ് പുത്തൻപുരയ്ക്കൽ കൃഷ്ണേന്ദു (27), വൈക്കം വൈക്കപ്രയാർ ബ്രിജേഷ് ഭവനിൽ ദേവി പ്രജിത് (35) എന്നിവരാണു തട്ടിപ്പു നടത്തിയത്.
ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൃഷ്ണേന്ദുവിന്റെ ഭർത്താവ് അനന്തു ഉണ്ണിയുടെ അക്കൗണ്ട് വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചെങ്കിലും ആ അക്കൗണ്ടുകളിൽ ചെറിയ തുക മാത്രമേ നിക്ഷേപമായുള്ളൂവെന്നു പൊലീസ് പറയുന്നു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം എന്തു ചെയ്തെന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. ഇവരുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ളവരെ ഇന്നലെയും ചോദ്യം ചെയ്തു.