സ്വദേശ് ദർശൻ 2.0 കുമരകത്ത് പുതിയ ടൂറിസം സാധ്യതകൾ തുറക്കുന്നു

Mail This Article
കുമരകം ∙ പുതിയ ടൂറിസം സാധ്യതകൾ തുറന്നിട്ട് വേമ്പനാട്ട് കായൽ തീരത്തെ നാലുപങ്ക് ബോട്ട് ടെർമിനൽ. കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി നാലുപങ്ക് ബോട്ട് ടെർമിനൽ സഞ്ചാരികൾക്കായി ഒരുക്കാനാണു നീക്കം. പദ്ധതിയുടെ രൂപ രേഖ കേന്ദ്ര സർക്കാരിനു സമർപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം യോഗം നടന്നിരുന്നു.
നാലുപങ്ക് ബോട്ട് ടെർമിനലിനൊപ്പം കുമരകത്തെ പക്ഷിസങ്കേതം, കൈപ്പുഴമുട്ടിലെ ബോട്ട് ടെർമിനൽ, ചീപ്പുങ്കലിലെ കായൽ പാർക്ക് എന്നീ പദ്ധതികളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കാൻ ഉദേശിക്കുന്നത്. വർഷങ്ങളായി ഈ പദ്ധതികളൊന്നും നടപ്പാകാതെ കിടക്കുകയാണ്. സ്വദേശ് ദർശൻ പദ്ധതിയിലൂടെ ഈ പ്രദേശങ്ങൾ സഞ്ചാരികൾക്കായി ഒരുക്കുകയാണ് ലക്ഷ്യം.
നാലുപങ്ക് ബോട്ട് ടെർമിനൽ
കുമരകത്തിന്റെ വടക്ക് നിന്ന് തെക്കൻ മേഖലയിലേക്കു വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനു നാലുപങ്ക് ബോട്ട് ടെർമിനൽ ഉപകരിക്കും. സംസ്ഥാന ടൂറിസം വകുപ്പ് പൂർത്തിയാക്കിയ പദ്ധതി പിന്നീട് പഞ്ചായത്തിനു കൈമാറിയെങ്കിലും പ്രവർത്തനം തുടങ്ങിയില്ല. ഉദ്ഘാടനം കഴിഞ്ഞു മൂന്നു വർഷമാകാറായിട്ടും ടെർമിനലിൽ ഒരു ഹൗസ് ബോട്ട് പോലും അടുത്തിട്ടില്ല. ടൂറിസം വകുപ്പ് 3.8 കോടി രൂപ ചെലവഴിച്ചാണു പദ്ധതി നടപ്പാക്കിയത്. നിലവിൽ കുമരകത്ത് ഹൗസ് ബോട്ട് പാർക്ക് ചെയ്യുന്നതിനു ടെർമിനലുകളില്ല .
ബോട്ട് ജെട്ടി, കവണാറ്റിൻകര എന്നിവിടങ്ങളിൽ ഉള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണു ഹൗസ് ബോട്ട് അടുക്കുന്നത്.2016–ൽ സർക്കാർ അനുമതി കിട്ടിയ ബോട്ട് ടെർമിനലിന്റെ നിർമാണം പിന്നീട് പല കാരണങ്ങളാൽ മുടങ്ങി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുൻപു തിടുക്കം കൂട്ടി ഉദ്ഘാടനം നടത്തി എന്ന് മാത്രം. 40 ഹൗസ് ബോട്ടുകൾക്കു ഒരേ സമയം പാർക്ക് ചെയ്യാൻ കഴിയും എന്നതാണ് പ്രത്യേകത.
കായൽ മനോഹാരിത ആസ്വദിക്കാൻ വാച്ച് ടവർ, സഞ്ചാരികൾക്കായി വിശ്രമ കേന്ദ്രം, കോഫി ഷോപ്പ്, റസ്റ്ററന്റ് ശുചിമുറികൾ എന്നിവയായിരുന്നു പദ്ധതി രൂപരേഖയിൽ ഉണ്ടായിരുന്നത്. ഇവയ്ക്കൊപ്പം മറ്റു ചില വികസന പദ്ധതികൾ കൂടി ചേർത്തു രൂപ രേഖ തയാറാക്കി നടപ്പാക്കുകയാണ് ലക്ഷ്യം.
പക്ഷിസങ്കേതം
കവണാറ്റിൻകര പക്ഷി സങ്കേതത്തിനു അടിസ്ഥാന സൗകര്യങ്ങളില്ല. പക്ഷി സങ്കേതത്തിനു ചുറ്റം സംരക്ഷണ വേലി കെട്ടിയും സഞ്ചാരികൾക്കു സുരക്ഷിതമായി നടന്നു പോകുന്നതിനു നാടപ്പാതയും നിലിവിലെ വാച്ച് ടവറുകൾ സംരക്ഷിച്ച് ഉപയോഗപ്പെടുത്തുകയോ പുതിയവ സ്ഥാപിക്കുകയോ ചെയ്താൽ മാത്രമേ വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ കഴിയൂ. പക്ഷിസങ്കേതത്തിലെ ഇടത്തോടുകൾ സംരക്ഷിച്ചു ഇവിടെ മത്സ്യങ്ങളെ വളർത്തിയാൽ അതും സഞ്ചാരികളെ ആകർഷിക്കും. വർഷങ്ങളായി പക്ഷിസങ്കേതം എന്ന വിളക്കപ്പെടുന്നുണ്ടെങ്കിലും ഇനിയും അംഗീകാരം ലഭിച്ചിട്ടില്ല
കായൽ പാർക്ക്
അയ്മനം പഞ്ചായത്തിലെ ചീപ്പുങ്കൽ ഭാഗത്തെ കായൽ പാർക്ക് പദ്ധതി എങ്ങുമെത്താതെ കിടക്കുകയാണ്. നേരത്തെ ചില പദ്ധതികൾ നടപ്പാക്കിയെങ്കിലും സഞ്ചാരികൾക്കു പ്രയോജനപ്പെട്ടില്ല. സംസ്ഥാന ടൂറിസം വകുപ്പ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനു നടപടി എടുത്തിരുന്നെങ്കിലും കാര്യമായി മുന്നോട്ട് പോയില്ല.കുമരകത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഉൾപ്പെടെ ഈ പാർക്ക് പ്രയോജനപ്പെടുത്തനാകും .
കൈപ്പുഴമുട്ട് ടെർമിനൽ
ആർപ്പൂക്കര പഞ്ചായത്തിലെ കൈപ്പുഴമുട്ട് ഭാഗത്ത് നിലവിൽ ഹൗസ് ബോട്ടുകൾ അടുക്കുന്നുണ്ടെങ്കിലും സ്ഥിരമായ സംവിധാനങ്ങളില്ല. നൂറുകണക്കിനു സഞ്ചാരികളാണു ഇവിടെ നിന്നു കായൽ യാത്രയ്ക്ക് പോകുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ഇവിടെ എത്തുന്ന സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കുന്നു.