ADVERTISEMENT

കുറവിലങ്ങാട് ∙ എന്തിനാണ് ഇങ്ങനെയൊരു കെണി. എംസി റോഡിൽ കോഴാ പെട്രോൾ പമ്പിനു മുൻവശത്തു വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ സ്ഥാപിച്ച വേഗത്തട ഇപ്പോൾ അപകടക്കെണി. ദിവസവും ഒട്ടേറെ വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല.

∙വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ വേണ്ടിയാണ് എംസി റോഡിൽ കുറവിലങ്ങാട് പള്ളിക്കവല, കോഴാ, വെമ്പള്ളി, തോട്ടുവാ റോഡിൽ തോട്ടുവ എന്നിവിടങ്ങളിൽ റംബിൾ സ്ട്രിപ്പുകൾ സ്ഥാപിച്ചത്. ഇതിൽ വെമ്പള്ളിയിലെ ഒരു വേഗത്തട നീക്കം ചെയ്തു. കോഴാ ഭാഗത്തു വേഗത്തടയുടെ ഉയരം മാത്രമല്ല പ്രശ്നം. ഭാരവാഹനങ്ങൾ കയറി ഈ ഭാഗത്തു റോഡ് ഇടിഞ്ഞു താഴ്ന്നു. ശ്രദ്ധ അൽപം തെറ്റിയാൽ വേഗത്തടകളിൽ കയറുന്ന വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥ. വേഗത്തടയുടെ വശങ്ങളും കുഴിയായി മാറി.

∙ഇരുചക്ര വാഹനങ്ങളാണ് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വേഗത്തട ഇവിടെയുള്ള കാര്യം അറിയാതെ രാത്രി സമയത്തും മറ്റും എത്തുന്ന ഇരുചക്ര വാഹനങ്ങൾ ഇതിൽ കയറി നിയന്ത്രണം വിടുന്നു. ടോറസ് ലോറികൾ വേഗത്തടയിൽ കയറുമ്പോൾ കാതടപ്പിക്കുന്ന ശബ്ദം. കാറുകളുടെ അടിഭാഗം വേഗത്തടയിൽ ഇടിക്കും.

kottayam-speed-break
അപകടക്കെണിയായ വേഗത്തടകളിൽ കയറി നിന്നുപോയ സ്കൂട്ടർ.

∙വേഗത്തടകളുടെ നിർമാണം അശാസ്ത്രീയമാണെന്നു നാറ്റ്പാക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. നാറ്റ്പാക് നൽകിയ രൂപരേഖ അനുസരിച്ചല്ല സ്ട്രിപ്പുകൾ വരച്ചത്. ഉയരം കൂടുതലാണ്. ഇതു അപകടസാധ്യത വർധിപ്പിക്കുകയും വാഹനങ്ങൾ കയറുമ്പോൾ പരിസരത്തു പ്രകമ്പനത്തിനു കാരണമാകുകയും ചെയ്യുന്നു. രാത്രി കാണുന്നതിനു സ്റ്റഡ്സ് സ്ഥാപിക്കണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ല.

∙വേഗത്തടകൾ നീക്കം ചെയ്തു ശാസ്ത്രീയമായ പുന:ക്രമീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിരുന്നു. പക്ഷേ തുടർനടപടി ആയില്ല.കുറവിലങ്ങാട് പള്ളിക്കവല, കോഴാ പമ്പിനു സമീപം, വെമ്പള്ളി, തോട്ടുവാ എന്നിവിടങ്ങളിൽ സ്ഥാപിച്ച വേഗത്തടകൾ പൂർണമായി നീക്കം ചെയ്യാനാണു തീരുമാനം എടുത്തത്. ഉയരം പകുതിയായി കുറച്ചു ശാസ്ത്രീയമായി പുന:സ്ഥാപിക്കും. പക്ഷേ ഉത്തരവിനു ശേഷം നടപടി ഉണ്ടായില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com