ADVERTISEMENT

കോട്ടയം ∙ വായ്പക്കുടിശിക വന്നതോടെ ബാങ്കിൽ നിന്ന് ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ റിക്കോർഡ് കെ.സി. ബിനുവിന്റെ ബന്ധുക്കൾ പൊലീസിനു കൈമാറി. കുടയംപടിയിൽ ചെരിപ്പു കട നടത്തിയിരുന്ന കുടമാളൂർ ചാമത്തറ അഭിരാമിൽ കെ.സി. ബിനു (50) കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്. ആത്മഹത്യയ്ക്കു കാരണം ബാങ്ക് ഉദ്യോഗസ്ഥരുടെ ഭീഷണിയാണെന്നതിനു തെളിവായാണ് ശബ്ദസന്ദേശം കൈമാറിയത്. 

ബിനുവിന്റെ മൊബൈൽ ഫോണിലാണ് ഈ ശബ്ദസന്ദേശം ഉണ്ടായിരുന്നത്. ഇതിൽ ബാങ്ക് ജീവനക്കാരൻ ബിനുവിനോടു മോശമായി സംസാരിക്കുന്നുണ്ട്. ഫോൺ പൊലീസിനു കൈമാറി. പ്രാഥമിക പരിശോധന മാത്രമാണു നടത്തിയതെന്നും വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ തുടർനടപടികളുണ്ടാകൂവെന്നും പൊലീസ് അറിയിച്ചു. അതേസമയം, കർണാടക ബാങ്കിന്റെ ജീവനക്കാരനുമായുള്ള സംസാരമാണോ ശബ്ദരേഖയിൽ എന്നത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇനിയും നാണം കെടുത്തിയാൽ ആത്മഹത്യ ചെയ്യുമെന്നു ബിനു പറയുന്നത് ഓഡിയോ റിക്കോർഡിൽ വ്യക്തമാണ്. രണ്ടു ദിവസത്തിനകം കുറച്ചു പണം അടയ്ക്കാം എന്നും പറയുന്നുണ്ട്.

ഇല്ല എന്നു പറഞ്ഞിട്ടു കാര്യമില്ലെന്നും ലോൺ എടുക്കുമ്പോൾ ഇതറിയില്ലേ എന്നും ബാങ്ക് ജീവനക്കാരൻ ചോദിക്കുന്നതും കേൾക്കാം. മറ്റ് അക്കൗണ്ടുകൾ ഇല്ലെന്നും ആ ബാങ്കിൽ മാത്രമാണ് അക്കൗണ്ട് എന്നും ബിനു പറയുന്നു. ഒരു വർഷമായി ഒരു സമയത്തും കൃത്യമായി പണം അടച്ചിട്ടില്ലെന്നും വിളച്ചിൽ എടുക്കരുതെന്നും ബാങ്ക് ജീവനക്കാരൻ പറയുന്നതായും കേൾക്കാം. 

വ്യാപാരി ധർണ നാളെ
നാഗമ്പടത്തെ കർണാടക ബാങ്കിനു മുന്നിൽ  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ രാവിലെ 10 മുതൽ 12 വരെ ധർണ നടത്തും. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ കർണാടക ബാങ്കിന്റെ എല്ലാ ശാഖകളിലേക്കും നാളെ സമിതി മാർച്ച് നടത്തും. ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും ബിനുവിന്റെ കുടുംബത്തിന് ബാങ്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, ജില്ലാ പ്രസിഡന്റ് എം.കെ.തോമസ്കുട്ടി, ജനറൽ സെക്രട്ടറി എ.കെ.എൻ.പണിക്കർ എന്നിവർ ആവശ്യപ്പെട്ടു. 

മോശമായി പെരുമാറിയിട്ടില്ല: ബാങ്ക് അധിക‍ൃതർ
കോട്ടയം ∙ വായ്പയെടുത്തതിന്റെ പേരിൽ കെ.സി.ബിനുവിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ച് കർണാടക ബാങ്ക്. വായ്പയെടുത്ത ആളെയോ കുടുംബത്തെയോ മോശമാക്കുന്ന തരത്തിൽ ഒരുവിധ പ്രവർത്തനവും ബാങ്ക് ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. നിയമാനുസൃതമുള്ള നടപടികൾ മാത്രമേ ബാങ്കിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളൂ. കലക്‌ഷൻ ഏജന്റുമാരെ ഇടപെടുത്തുകയോ ബാങ്ക് ജീവനക്കാർ ബിനുവിന്റെ കടയിൽ എത്തുകയോ ചെയ്തിട്ടില്ല. ബാങ്കിന് എതിരായ ആരോപണങ്ങൾ തെറ്റാണെന്നും കർണാടക ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ വി.പി.മാധവ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT