പണിക്ക് വിശ്രമം നൽകി അവർ പറന്നു; മേഘങ്ങൾക്ക് മുകളിൽ..

Mail This Article
കുറവിലങ്ങാട് ∙അങ്ങനെ അവർ പറന്നു. പണിയായുധങ്ങൾക്ക് ഒരു ദിവസം വിശ്രമം നൽകി കാണക്കാരി പഞ്ചായത്ത് വാർഡ് 12 വേദഗിരി ഭാഗത്തെ തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ വിമാനയാത്ര എല്ലാവർക്കും മറക്കാനാവാത്ത അനുഭവമായി. കൊച്ചിയിൽനിന്നു ബെംഗളൂരുവിലേക്കു നടത്തിയ വിനോദയാത്രയിൽ പങ്കെടുത്തത് 28 വനിത തൊഴിലാളികളും തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥരും ഉൾപ്പെടെ 34 പേർ. 13 വയസ്സുകാരൻ മുതൽ 66 വയസ്സുള്ള തൊഴിലാളി വരെ സംഘത്തിന്റെ ഭാഗമായിരുന്നു. കൂട്ടത്തിൽ ഏറ്റവും മുതിർന്ന അംഗങ്ങളിൽ ഒരാളായ കാണക്കാരി അമ്മിണിശേരിൽ തങ്കമ്മ തോമസ് (64) പറയുന്ന യാത്രാനുഭവം ഇങ്ങനെ:
ആദ്യ വിമാനയാത്ര. ഞങ്ങളിൽ പലരും ട്രെയിനിൽ പോലും കയറിയിട്ടില്ല. രണ്ടു ആഗ്രഹങ്ങളും നടന്ന സന്തോഷത്തിലാണ് ഇപ്പോൾ. ബസിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി. ചെക്ക് ഇൻ ചെയ്തു വിമാനത്തിൽ കയറാൻ ഒരുങ്ങി. ആവേശത്തോടെ അകത്തു കയറി. കൃത്യം 6.55ന് വിമാനം പറന്നുയർന്നു. നിർദേശങ്ങൾ ലഭിക്കുന്നതിനു മുൻപു തന്നെ ഞങ്ങൾ ബെൽറ്റ് ഇട്ടു റെഡിയായിരുന്നു. പറന്നു ഉയർന്നപ്പോൾ വിമാനത്തിനു ചെറിയ ഒരു ഇളക്കം. പിന്നെ മേഘങ്ങളുടെ ഇടയിലൂടെ യാത്ര.
താഴെ സുന്ദരമായ കാഴ്ചകൾ. മുക്കാൽ മണിക്കൂറിനുള്ളിൽ വിമാനം ബെംഗളൂരുവിൽ എത്തി. കുറച്ചു സമയം കൂടി പറന്നാൽ കൊള്ളാം എന്നുണ്ടായിരുന്നു. വിമാനത്തിൽ നിന്നിറങ്ങി. പിന്നെ നഗരത്തിൽ പകൽ മുഴുവൻ കറക്കം. കാഴ്ചകൾ കണ്ടു. ഭക്ഷണം കഴിച്ചു. രാത്രി ട്രെയിനിൽ നാട്ടിലേക്കു മടക്കയാത്ര. വിമാനയാത്ര നടത്തിയ ഞങ്ങൾ ഇപ്പോൾ നാട്ടിലെ താരങ്ങളാണ്. എല്ലാവരും ചേർന്നു ഞങ്ങളെയും വൈറൽ ആക്കി. ഇനി ഒരു ഡൽഹി യാത്ര കൂടി മനസ്സിൽ ഉണ്ട്.
തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എൻജിനീയർ ഫെബിൻ പുത്തൻപുരയ്ക്കൽ, ഓവർസീയർ ബിജിമോൾ എന്നിവരുടെ നേതൃത്വത്തിൽ വേദഗിരി ഭാഗത്തു പരിശോധനയ്ക്കു എത്തിയപ്പോഴാണു തൊഴിലാളികൾ പറക്കാനുള്ള ആഗ്രഹം പുറത്തു പറഞ്ഞത്– വിമാനത്തിൽ കയറണം. പിന്തുണയുമായി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി സിറിയക്, വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ, വാർഡ് അംഗം മേരി തുമ്പക്കര എന്നിവരും എത്തി. യാത്രയ്ക്കു ആവശ്യമായ പണം തൊഴിലാളികൾ പങ്കിട്ടു എടുത്തു. ഒരാൾക്കു 4000 രൂപ. തൊഴിലുറപ്പ് പദ്ധതിയിൽ സജീവമായ തൊഴിലാളികളാണ് എല്ലാവരും. മിക്കവരും കഴിഞ്ഞ വർഷം 100 തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയവർ.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local