ADVERTISEMENT

കോട്ടയം ∙ നായ പരിശീലന കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവു കച്ചവടം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി റോബിൻ ജോർജ് (28) തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ സുരണ്ടൈയിൽ അറസ്റ്റിലായി. പാറമ്പുഴ തെക്കേത്തുണ്ടത്തിൽ റോബിൻ കുമാരനല്ലൂർ വല്യാലിൻചുവടിനു സമീപത്തെ വാടക വീട്ടിലാണ് നായ പരിശീലന കേന്ദ്രവും കഞ്ചാവു വിൽപനയും നടത്തിയിരുന്നത്. ഞായറാഴ്ച രാത്രി വീട്ടിലെത്തിയ പൊലീസിനു നേരെ വളർത്തുനായ്ക്കളെ അഴിച്ചുവിട്ടാണ് പ്രതി കടന്നത്. തിങ്കളാഴ്ച പൊലീസിന്റെ മുന്നിൽപെട്ടെങ്കിലും പിടിക്കാനായില്ല. അന്ന് കടക്കാൻ ഉപയോഗിച്ച ഓട്ടോറിക്ഷ പൊലീസ് കണ്ടെത്തിയിരുന്നു.

വ്യാഴാഴ്ച രാത്രിയോടെ സുരണ്ടൈയിലെ ഒളിയിടത്തിൽ നിന്നാണു പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. അച്ഛന്റെ തട്ടുകടയിലെ തൊഴിലാളിയുടെ വീട്ടിലാണ് പ്രതി ഒളിവിൽ കഴിഞ്ഞത്. തിരുനെൽവേലിയിൽ നിന്ന് 60 കിലോമീറ്ററും തെങ്കാശിയിൽ നിന്ന് 16 കിലോമീറ്ററും അകലെയാണു സുരണ്ടൈ. അറസ്റ്റിലായ പ്രതിയെ ഇന്നലെ രാവിലെ കുമാരനല്ലൂരിലെ വാടക വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. താൻ നിരപരാധിയാണെന്നും കുരുക്കിയതു സുഹൃത്ത് അനന്തു പ്രസന്നനാണെന്നും പൊലീസിനോടു റോബിൻ പറഞ്ഞു.

വാടകവീട്ടിൽ കഞ്ചാവു കണ്ടെത്തിയ 2 ബാഗുകൾ സുഹൃത്ത് കൊണ്ടുവച്ചതാണെന്നും റോബിൻ പറയുന്നു. റോബിന്റെ ഭാര്യയും കഴിഞ്ഞ ദിവസം ഇതേകാര്യം പറഞ്ഞിരുന്നു. ഇതു പൊലീസ് കാര്യമായി എടുത്തിട്ടില്ല. അന്വേഷണത്തെ വഴിതിരിക്കാനുള്ള ശ്രമമാണിതെന്ന് പൊലീസ് കരുതുന്നു. കോടതി റോബിനെ റിമാൻഡ് ചെയ്തു. പൊലീസ് അടുത്ത ദിവസം കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിലെടുത്ത ശേഷമാകും കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിനുള്ള നീക്കം. ലഹരിമരുന്നു കടത്തൽ കുറ്റമാണു റോബിന് എതിരെ ചുമത്തിയത്.

തെളിവെടുപ്പിനായി റോബിനെ വാടകവീട്ടിലെത്തിച്ചപ്പോൾ. കഞ്ചാവ് പിടികൂടാനെത്തിയ  പൊലീസിനു നേരെ റോബിൻ അഴിച്ചുവിട്ട നായ്ക്കളാണ് മുറിക്കുള്ളിൽ.
തെളിവെടുപ്പിനായി റോബിനെ വാടകവീട്ടിലെത്തിച്ചപ്പോൾ. കഞ്ചാവ് പിടികൂടാനെത്തിയ പൊലീസിനു നേരെ റോബിൻ അഴിച്ചുവിട്ട നായ്ക്കളാണ് മുറിക്കുള്ളിൽ.

അമേരിക്കൻ ബുള്ളി ഇനത്തിലെ 2 നായ്ക്കൾ ബാക്കി 

കുമാരനല്ലൂർ ∙ വല്യാലിൻചുവട്ടിലെ ഡെൽറ്റ കെ9 നായ പരിശീലന കേന്ദ്രത്തിൽ ഇനിയുള്ളതു 2 നായ്ക്കൾ മാത്രം. റോബിന്റെ, അമേരിക്കൻ ബുള്ളി ഇനത്തിൽപെട്ട 2 നായ്ക്കളാണു വീടിനുള്ളിൽ. പൊലീസ് അന്വേഷണത്തിന് എത്തുമ്പോൾ 13 നായ്ക്കളാണ് ഇവിടെയുണ്ടായിരുന്നത്. സംഭവം അറിഞ്ഞ് അടുത്ത ദിവസങ്ങളിലായി ഉടമകൾ പലരുമെത്തി നായ്ക്കളുമായി മടങ്ങി. ഇന്നലെ രാവിലെ തെളിവെടുപ്പിന് കൊണ്ടുവന്ന റോബിനു മുന്നിൽ നായ്ക്കൾ അനുസരണയോടെ വാലാട്ടി.

പൊലീസുകാർക്കു നേരെ കുരച്ചപ്പോൾ നായ്ക്കളുടെ തലയിൽ റോബിൻ തലോടി.  അവർ ശാന്തരായി. റോബിൻ ഒളിവിൽ പോയതു മുതൽ നാട്ടുകാരാണ് ഭക്ഷണം നൽകിയിരുന്നത്. ഇന്നലെ മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ഉദ്യോഗസ്ഥരെത്തി നായ്ക്കൾക്കു ഭക്ഷണം നൽകി. നായ്ക്കളെ അടുത്ത ദിവസം തന്നെ റോബിന്റെ ബന്ധുക്കൾക്കു കൈമാറുമെന്ന് പൊലീസ് പറഞ്ഞു.

പ്രതിയെ പിതാവ് ഫോണിൽ വിളിച്ചു; പിന്നാലെ പൊലീസ് 

കുമാരനല്ലൂർ ∙ റോബിന്റെ ഒളിയിടത്തെക്കുറിച്ച് അറിവു ലഭിച്ചത് പിതാവിന്റെ ഫോൺ വിളിയിൽനിന്ന്. റോബിന്റെ കുടുംബാംഗങ്ങളുടെ ഫോൺ വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് പിതാവിന്റെ ഫോണിൽ നിന്നു തമിഴ്നാട്ടിലേക്ക് വിളി പോയിട്ടുണ്ടെന്നു മനസ്സിലാക്കിയത്. തുടർന്നാണു സംസ്ഥാനത്തിനു പുറത്തേക്കു പൊലീസിന്റെ ശ്രദ്ധ കാര്യമായി പതിയുന്നത്. സുരണ്ടൈ സ്വദേശിയായ ഒരാൾ റോബിന്റെ പിതാവിന്റെ തട്ടുകടയിൽ ജീവനക്കാരനായുണ്ടെന്നും മനസ്സിലാക്കി.

ഇതിനിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പിതാവിൽനിന്നു പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. പൊലീസിനു നേരെ നായ്ക്കളെ തുറന്നുവിട്ട് കടന്ന റോബിന്റെ വാർത്തയ്ക്കു വലിയ പ്രാധാന്യം ലഭിച്ചതോടെ ഇയാളുടെ സുഹൃത്തുക്കൾ വിവരം നൽകാൻ മടിച്ചു. ഇവരുടെ സഹായം കാര്യമായി ലഭിക്കുന്നില്ലെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇതോടെയാണു ബന്ധുക്കളെത്തന്നെ നിരീക്ഷിച്ചത്.

സുരണ്ടൈ യാത്രയിൽ തമിഴ്നാട് പൊലീസും 

കുമാരനല്ലൂർ ∙ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമ മേഖലയിലേക്കു റോബിൻ കടന്നെന്ന സൂചന ലഭിച്ചതോടെ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. ഈ നീക്കമാണു സുരണ്ടൈയിൽനിന്ന് ഇയാളെ പിടികൂടാൻ സഹായിച്ചത്. ചൊവ്വാഴ്ച തമിഴ്നാട്ടിലേക്കു കടന്നതെന്നാണു വിവരം. മധുര, തിരുനെൽവേലി ജില്ലകളിൽ മോഷ്ടാക്കൾ താമസിക്കുന്ന തിരുട്ടു ഗ്രാമങ്ങളുണ്ട്. പൊലീസിന്റെ പിടിയിൽ നിന്നു രണ്ടു തവണ രക്ഷപ്പെട്ട ശേഷം ഓട്ടോറിക്ഷയിൽ കറങ്ങിയ റോബിൻ കഞ്ഞിക്കുഴിയിലെത്തി പിതാവിനെ കണ്ടതായും പൊലീസ് പറഞ്ഞു. പിതാവിനൊപ്പമാണു ബസ് സ്റ്റാൻഡിലെത്തി തമിഴ്നാട്ടിലേക്കു കടന്നത്.

ലൊക്കേഷൻ ലഭിക്കാതിരിക്കാൻ ഫോൺ ഉപേക്ഷിച്ചു. പകരം പുതിയതു വാങ്ങി. എടിഎം വഴി പണം പിൻവലിച്ചാൽ പിടിക്കപ്പെടുമെന്നു കരുതി  അതൊഴിവാക്കി കോട്ടയത്തു നിന്നു പണവുമായാണു മുങ്ങിയത്. പ്രതി ഒളിവിൽ കഴിയുന്ന പ്രദേശത്തേക്കു നേരിട്ടു ചെന്നാൽ സംഘർഷ സാധ്യത അന്വേഷണ സംഘം മനസ്സിലാക്കി. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് തമിഴ്നാട് പൊലീസിനെ ബന്ധപ്പെട്ടു. തമിഴ്നാട് പൊലീസിനൊപ്പം അന്വേഷണ സംഘം റോബിൻ ഒളിവിൽക്കഴി‍ഞ്ഞ സ്ഥലത്ത് വ്യാഴാഴ്ച രാത്രി എത്തി.

റോബിൻ ആ നാട്ടുകാരനാണെന്നു പറ‍ഞ്ഞ് സംരക്ഷണമൊരുക്കാൻ അവിടെയുള്ളവർ ശ്രമം നടത്തി. റോബിനെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നും അവർ അറിയിച്ചു. അന്വേഷണ സംഘം പിന്മാറിയില്ല. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയിലെടുത്തത്. കോട്ടയം ഡിവൈഎസ്പി എം.കെ.മുരളി, ഗാന്ധിനഗർ എസ്എച്ച്ഒ കെ.ഷിജി, എസ്ഐമാരായ കെ.കെ.മനോജ്, പി.പി.മനോജ്, എഎസ്ഐ പത്മകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 4 ടീമുകളായി തിരിഞ്ഞായിരുന്നു അന്വേഷണം.

കൂടുതൽ പേർ പിടിയിലാകും 

കുമാരനല്ലൂർ ∙ കഞ്ചാവു കേസിൽ കൂടുതൽ അറസ്റ്റിനു സാധ്യതയെന്നു പൊലീസ്. റോബിന്റെ പ്രധാന ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഫോൺ വിശദാംശങ്ങൾ ശേഖരിച്ചുനടത്തിയ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വർഷങ്ങളായി റോബിൻ കഞ്ചാവുവിൽപന നടത്തുന്നുണ്ടെന്നാണു പൊലീസ് പറയുന്നത്. മുൻപ് താമസിച്ചിരുന്ന സ്ഥലത്ത് ഇയാൾക്കെതിരെ നാട്ടുകാർ പരാതിപ്പെട്ടിരുന്നു.

സമീപത്തെ തോട്ടത്തിൽ റോബിൻ പതിവായി ബാഗ് സൂക്ഷിക്കുന്നുണ്ടെന്നായിരുന്നു പരാതി. പുറത്തുനിന്ന് ആളുകൾ റോബിനെ കാണാനെത്തുന്നുണ്ടെന്നും കഞ്ചാവുകച്ചവടമാണു നടക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. പൊലീസ് പരിശോധന നടത്തിയെങ്കിലും തൊണ്ടിയൊന്നും കിട്ടാതെ വന്നതോടെ റോബിൻ രക്ഷപ്പെട്ടു.

English Summary: Notorious Marijuana Dealer Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT