കനത്ത മഴ; ഒട്ടേറെ വീടുകൾ വെള്ളത്തിൽ

Mail This Article
കടുത്തുരുത്തി ∙ കനത്ത മഴയെത്തുടർന്ന് കടുത്തുരുത്തി പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ഒട്ടേറെ വീടുകൾ വെള്ളത്തിലായി. ആയാംകുടി എൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു. അഞ്ച് കുടുംബങ്ങൾ ക്യാംപിൽ അഭയം തേടി. കനത്ത മഴയിൽ വലിയ തോടും ചുള്ളിത്തോടും കര കവിഞ്ഞാണ് താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിലായത്. ആപ്പുഴ, എരുമത്തുരുത്ത്, കാന്താരിക്കടവ്, വെള്ളാശേരി പ്രദേശങ്ങളിലാണ് ഉച്ചയോടെ വീടുകളിൽ വെള്ളം കയറിയത്. തുടർന്ന് പഞ്ചായത്തംഗം കെ.സി. പ്രമോദിനോട് ദുരിതാശ്യാസ ക്യാംപിൽ അഭയം നൽകണമെന്ന് കുടുംബങ്ങൾ ആവശ്യപ്പെടുകയായിരുന്നു.
റവന്യു വകുപ്പും പഞ്ചായത്തും ചേർന്നാണ് ആയാംകുടി എൽപി സ്കൂളിൽ ക്യാംപിന് സൗകര്യം ഒരുക്കിയത്. കിഴക്കു നിന്നു വലിയ തോതിൽ വെള്ളം എത്തുന്നുണ്ട്. പല കുടുംബങ്ങളിലെയും താമസക്കാർ ബന്ധുവീടുകളിൽ അഭയം തേടിയിട്ടുണ്ട്. ചിലർ വീടുകളിൽത്തന്നെ കഴിയുകയാണ്. കട്ടിലുകൾ തടിയും കല്ലും വച്ചുയർത്തി വസ്ത്രങ്ങളും വീട്ടു സാധനങ്ങളും ഉയർത്തി വച്ചു കഴിയുന്നു. വളർത്തു മൃഗങ്ങളെയും കോഴികളെയും മറ്റും ഉയർന്ന സ്ഥലങ്ങളിലേക്കു മാറ്റി. മഴ കനത്താൽ രാത്രിയോടെ കൂടുതൽ കുടുംബങ്ങൾ ക്യാംപിൽ എത്തുമെന്നാണ് കരുതുന്നത്. ഒരുക്കങ്ങൾ നടത്തിയിട്ടുള്ളതായി പഞ്ചായത്തും റവന്യു വകുപ്പും അറിയിച്ചു.

കനത്ത മഴയിൽ വലിയ തോടും ചുള്ളിത്തോടും നിറഞ്ഞ് ഒഴുകുകയാണ്. കിഴക്കൻ പ്രദേശങ്ങളിൽ തോടിനു സമീപമുള്ള കൃഷിയിടങ്ങളും തോട്ടങ്ങളും വെള്ളത്തിലായി. ഞീഴൂർ പഞ്ചായത്തിലെ തുരുത്തിപ്പള്ളി, മഠത്തിപ്പറമ്പ്, കടുത്തുരുത്തി പഞ്ചായത്തിലെ മാവടി, പത്തുപറ, എഴുമാംതുരുത്ത്, ആപ്പുഴ, പുലിത്തുരുത്ത്, ആയാംകുടി, മാന്നാർ കല്ലറ പഞ്ചായത്തിലെ പെരുംതുരത്ത്, ഉദിയന്തറ, മുണ്ടാർ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പാടശേഖരങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളം നിറഞ്ഞു നിൽക്കുകയാണ്. മഴ ശക്തമായാൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയുണ്ട്. കിഴക്കൻ പ്രദേശങ്ങളിൽ തോടിന് അരികിലുള്ള റബർ, ജാതി, തെങ്ങിൻ തോട്ടങ്ങളിൽ വെള്ളം കയറി. പാഴുത്തുരുത്ത് പൂവക്കോട് ഭാഗത്ത് തോട്ടങ്ങൾ വെള്ളത്തിലാണ്.
വേനൽ കൃഷി: വിത്തിറക്കാനാവാതെ കർഷകർ
കല്ലറ ∙ കനത്ത മഴയും വെള്ളക്കെട്ടും കല്ലറയിൽ വേനൽ കൃഷിക്ക് വിത്തിറക്കാനാവാതെ കർഷകർ. ആഴ്ചകൾക്ക് മുൻപ് 16 പാടശേഖരങ്ങൾ ഉഴവ് നടത്തി വിത്തിടുന്നതിനു ഒരുക്കങ്ങൾ നടത്തിയെങ്കിലും സമയത്ത് കൃഷി ഭവനിൽ നിന്നു വിത്ത് ലഭിച്ചിരുന്നില്ല. അതിനാൽ വിത വൈകി. മൂന്നു ദിവസം മുൻപാണ് വിത്ത് വിതരണം നടത്താനായത്. അപ്പോഴേക്കും കനത്ത മഴയിൽ പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞു. വെള്ളം അടിച്ചു വറ്റിച്ചാലും കനത്ത മഴയിൽ വീണ്ടും പാടത്ത് വെള്ളം നിറയുന്ന സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. എന്ന് വിത നടത്താൻ കഴിയുമെന്ന് നിശ്ചയമില്ല എന്നാണ് പാടശേഖര സമിതി ഭാരവാഹികൾ പറയുന്നത്.