കോട്ടയത്ത് ഒന്നാം നമ്പർ പ്ലാറ്റ്ഫോം ഉഷാറായി; ഇന്നു മുതൽ ട്രെയിനുകൾ ഓടും

Mail This Article
കോട്ടയം ∙ ഇനി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ കൂടി ട്രെയിൻ വളരെ വേഗത്തിൽ കൂകി പായും!. ഇന്നു മുതൽ ഒരാഴ്ച മിതമായ വേഗത്തിൽ പരീക്ഷണ ഓട്ടമാണ്. തുടർദിവസങ്ങളിലേ ട്രെയിൻ കൂടുതൽ വേഗം സ്വീകരിക്കൂ. ഒരാഴ്ചത്തെ നിരീക്ഷണത്തിനു ശേഷം സ്ഥിരമായ വേഗ സംവിധാനം ക്രമീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. ഒന്നാം പ്ലാറ്റ്ഫോമിലെ റെയിലുകൾ മാറ്റി പുതുക്കുകയാണ് ചെയ്തത്.
ട്രെയിനുകൾ കൂടുതൽ വേഗത്തിൽ പോകുന്നതിന് ഇതു സഹായകമാകും. കോൺക്രീറ്റ് റെയിലുകളാണ് ഇവിടെ ഉണ്ടായിരുന്നത്. അതുമൂലം ഈ ഭാഗത്ത് ട്രെയിനുകൾ വേഗം കുറച്ചാണു പോയിരുന്നത്. കോൺക്രീറ്റിനു പകരം മെറ്റാലിക് റെയിലുകൾ ഉപയോഗിച്ചാൽ ട്രെയിനുകൾ കൂടുതൽ വേഗത്തിൽ കടത്തിവിടാനാകുമെന്നാണ് വിദഗ്ധർ റിപ്പോർട്ട് നൽകിയത്.
അതനുസരിച്ചാണു മാറ്റം. അറ്റകുറ്റപ്പണി നടന്ന അവസരത്തിൽ തിരുവനന്തപുരം –എറണാകുളം റൂട്ടിൽ സർവീസ് നടത്തിയിരുന്ന ട്രെയിനുകൾ താൽക്കാലികമായി മൂന്നാം പ്ലാറ്റ്ഫോം വഴിയാക്കിയിരുന്നു. ഈ റൂട്ടിലെ ട്രെയിനുകൾ ഇന്നു മുതൽ മുൻപ് സർവീസ് നടത്തിയിരുന്നതു പോലെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.