ADVERTISEMENT

കോട്ടയം ∙ മഴ ഇന്നലെയും ജില്ലയിൽ തിമിർത്തു പെയ്തു. കാര്യമായ നാശനഷ്ടം സംഭവിക്കാതിരുന്നത് ആശ്വാസമായി. മഴ തുടർന്നാൽ സ്ഥിതി അപകടരമാകും. നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പൊൻകുന്നത്ത് ഗവ. സ്കൂൾ വളപ്പിലെ മരം ദേശീയപാതയ്ക്കു കുറുകെ കടപുഴകി ട്രാൻസ്ഫോമറിനു മുകളിലേക്കു വീണെങ്കിലും അപകടം ഒഴിവായി. വാഹനങ്ങൾ ഈ സമയം ഇതുവഴി കടന്നു പോകാതിരുന്നതാണ് അപകടം ഒഴിവാകാൻ കാരണമായത്. 

റോഡിന്റെ എതിർവശത്തെ ട്രാൻസ്ഫോമറിനു മുകളിലേക്കാണു വൈദ്യുത പോസ്റ്റുകൾ തകർത്ത് കൂറ്റൻമരം നിലംപൊത്തിയത്. കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംക്‌ഷനിൽ നിർമാണത്തിലിരുന്ന സ്ഥലത്ത് മണ്ണിടിഞ്ഞു. ഇവിടെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിനു കേടുപാടു സംഭവിച്ചു. 2 ദിവസമായി തുടരുന്ന കനത്തമഴയിൽ മലയോര േമഖലയിൽ ആറുകളും തോടുകളും നിറഞ്ഞൊഴുകുകയാണ്. 

മണിമല, പമ്പ, അഴുത ആറുകളിലെ ജലനിരപ്പ് അപകട നിലയിലേക്ക് ഉയർന്നിട്ടില്ലെങ്കിലും മഴ തുടർന്നാൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നാണ് ഹൈഡ്രോളജി വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. പഴയിടം കോസ്‌വേയിൽ തൊട്ടാണ് വെള്ളം ഒഴുകുന്നത്. മഴ തുടർന്നാൽ കോസ്‌വേയിൽ വെള്ളം കയറും. മൂക്കൻപെട്ടി, അറയാഞ്ഞിലിമൺ കോസ്‌വേകളിലും ജലനിരപ്പ് ഉയരുകയാണ്. 

കനത്തമഴയിൽ എരുത്വാപ്പുഴ കൊച്ചുമാണിക്കുന്നേലിന്റെ കെ.വി ജോസഫിന്റെ വീടിന്റെ പിന്നിൽ നിന്ന് മണ്ണിടിഞ്ഞ് വീടിന് നാശനഷ്ടം നേരിട്ടു. കിഴക്കൻ മേഖലകളിൽ ഇന്നലെ പകൽ ശക്തി കൂടിയും കുറഞ്ഞും ഇടവിടാതെ മഴ പെയ്യുകയായിരുന്നു. ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും ഇടവിട്ട് ശക്തമായ മഴ പെയ്തു. മീനച്ചിലാറ്റിലെ ജലനിരപ്പു കാര്യമായി ഉയർന്നില്ല.

മുണ്ടക്കയത്തും മഴ ശക്തമായിരുന്നെങ്കിലും അനിഷ്ട സംഭവങ്ങളില്ല. മണിമലയാറ്റിൽ ജലനിരപ്പ് ഉയരുന്നുണ്ട്.മുണ്ടക്കയം കോസ്‍‌വേ പാലത്തിന്റെ നാലടി താഴ്ചയിൽ വരെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മലയോര മേഖലയിലെ കൂട്ടിക്കൽ പഞ്ചായത്തിൽ ഉരുൾപൊട്ടൽ സാധ്യതകൾ ഉള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രതയിലാണ്. പഞ്ചായത്തിന്റെ ഓരോ വാർഡിലും പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ സേന സജ്ജമാണ്.

2021ൽ ഇതേ രീതിയിൽ മൂന്നു ദിവസം പെയ്ത കനത്ത മഴയാണ് വലിയ ഉരുൾപൊട്ടലുകൾക്കും പ്രളയത്തിനും കാരണമായത് പടിഞ്ഞാറൻമേഖലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ചെങ്ങളം,കുമ്മനം, കാഞ്ഞിരം, തിരുവാർപ്പ്  പ്രദേശങ്ങളിലാണു വെള്ളം കയറിയത്.

മീനച്ചിലാറും കൈവഴികളും നിറഞ്ഞൊഴുകുന്നു. മഴ തുടർന്നാൽ മീനച്ചിലാർ കരകവിയും.പാടശേഖരങ്ങൾ പലതും മട വീഴ്ച ഭീഷണിയിലാണ്. കുമരകം റോഡിൽ വെള്ളം കയറിയിട്ടില്ല. ഇനിയും ജല നിരപ്പ് ഉയർന്നാൽ പാടശേഖരങ്ങൾ കവിഞ്ഞു വെള്ളം നിറഞ്ഞ് റോഡ് മുങ്ങും.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ; രണ്ടാമത് തീക്കോയി
സെപ്റ്റംബർ മാസത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ച പ്രദേശങ്ങളിൽ രണ്ടാം സ്ഥാനം തീക്കോയിക്ക്. 999 മില്ലിമീറ്ററാണു സെപ്റ്റംബറിൽ ഇവിടെ പെയ്തത്. ഒന്നാം സ്ഥാനം ഇടുക്കി ജില്ലയിലെ പൈനാവിനാണ്. 1050.2 മില്ലിമീറ്റർ.

ജില്ലയിലെ മറ്റു സ്ഥലങ്ങളിൽ സെപ്റ്റംബറിൽ ലഭിച്ച മഴയുടെ അളവ് (മില്ലി മീറ്ററിൽ)

ഈരാറ്റുപേട്ട – 834.4

മുണ്ടക്കയം – 721.6

കോട്ടയം – 672

വൈക്കം – 612.2

പാമ്പാടി – 607.6

ഇന്നും മഴയ്ക്ക് സാധ്യത
ഇന്നു ജില്ലയിൽ മഴ തുടരാൻ സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. 15.6 മുതൽ 64.4 മില്ലിമീറ്റർ വരെ പെയ്തേക്കാം.

ഇന്നലെ പെയ്തത്
ഇന്നലെ രാവിലെ 8.30 വരെ 24 മണിക്കൂറിൽ ജില്ലയിലാകെ പെയ്ത മഴയുടെ അളവ് – 382.6 മില്ലി മീറ്റർ

കോട്ടയം – 67.2 (മില്ലി മീറ്റർ)

കോഴാ – 31.8

പാമ്പാടി – 53.8

ഈരാറ്റുപേട്ട – 62

തീക്കോയി – 46

മുണ്ടക്കയം – 56

കാഞ്ഞിരപ്പള്ളി – 65.8 

കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.

ജില്ലാ എമർജൻസി ഓപറേഷൻസ് സെന്റർ:
കോട്ടയം: 0481 2568007,0481 2565400
വൈക്കം: 04829 231331
ചങ്ങനാശേരി: 0481 2420037
കാഞ്ഞിരപ്പള്ളി: 0482 8202331
മീനച്ചിൽ: 0482 2212325

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT