ആനത്താനത്ത് കിണർ ഇടിഞ്ഞുതാഴ്ന്നു; ഭൗമാന്തര ഭാഗത്തെ മർദവും കനത്ത മഴയും കാരണമെന്ന് ജിയോളജി വകുപ്പ്

Mail This Article
കോട്ടയം ∙ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. ആനത്താനം മുണ്ടുപൊയ്കയിൽ മാത്യു കുര്യന്റെ വീട്ടിലെ കിണറാണു താഴ്ന്നത്. ഇന്നലെ വീടിനു സമീപത്തു കൂടി പ്രഭാത നടത്തത്തിനു പോയ അയൽക്കാരനാണ് കിണർ താഴ്ന്നത് വീട്ടുകാരെ വിളിച്ചറിയിച്ചത്.ഭൂമി നിരപ്പിൽ നിന്നു മൂന്നര അടി പൊക്കമുണ്ടായിരുന്ന കിണർ ഭൂമിനിരപ്പിലും താഴേക്കു പതിച്ചു. മോട്ടറും പൈപ്പുകളും കിണറിനൊപ്പം താഴേക്കുപോയി.
കഴിഞ്ഞ ദിവസം കിണറിനുള്ളിലെ വശങ്ങൾ പലയിടത്തും ഇടിഞ്ഞതായി വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. വെള്ളത്തിനു കലക്കലുമുണ്ടായിരുന്നു. ഇന്നലെ അറ്റകുറ്റപ്പണി നടത്താനിരിക്കെയാണ് സംഭവം. പ്രദേശത്ത് ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്നു പഞ്ചായത്ത് അംഗം ബിനു മറ്റത്തിൽ പറഞ്ഞു.
ഭൗമാന്തര ഭാഗത്തെ മർദവും ചെറിയ സമയത്തിനുള്ളിൽ പെയ്യുന്ന കനത്ത മഴയും കാരണം ഭൂമിക്കടിയിലേക്കു കിണർ ഇടിഞ്ഞുതാഴാൻ സാധ്യതയുണ്ടെന്ന് ജിയോളജി വകുപ്പ് അധികൃതർ പറഞ്ഞു.ഭൂമിക്കടിയിലെ മർദം പുറത്തേക്കു പോകുന്നത് ഭൗമാന്തര ഭാഗത്തെ വിള്ളലുകൾ വഴിയാണ്. ഇത്തരത്തിലുള്ള വിള്ളലുകളിൽ ഭൂഗർഭ ജലം നിറഞ്ഞിരിക്കും.
കിണറുകളിൽ തിരയിളക്കവും വെള്ളം പൊങ്ങുന്നതും ശബ്ദവും കേൾക്കുന്നത് മർദം പുറത്തേക്കു തള്ളുന്നതാണ്. മർദം പോയി കഴിയുമ്പോൾ പൊങ്ങിയ വെള്ളം താഴുന്ന വേളയിലാണ് കിണർ ഇടിയുന്നത്. എല്ലായിടത്തും ഇതു കാരണമാകില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യുന്നതും ഭൂമിക്കടിയിലെ സമ്മർദം കൂടി കിണറിടിച്ചിലിനു കാരണമാകും. വെള്ളത്തിന്റെ നിറം മാറ്റം, ശബ്ദം എന്നിവയുണ്ടെങ്കിൽ കിണറ്റിൽ നിന്ന് അകലം പാലിക്കണം.