ADVERTISEMENT

എരുമേലി/കാഞ്ഞിരപ്പള്ളി/മുണ്ടക്കയം ∙ രണ്ടുദിവസമായി ഇടമുറിയാതെ പെയ്യുന്ന കനത്ത മഴയിൽ കിഴക്കൻ മലയോര മേഖല ഭീതിയിൽ. പരിസ്ഥിതിലോല മേഖലകളിൽ മണ്ണിടിച്ചിൽ ഉണ്ടാകുമോ എന്നാണ് ആശങ്ക. മണിമല, പമ്പ, അഴുത ആറുകളിൽ ജലനിരപ്പ് അപകട നിലയിലേക്ക് ഉയരുകയാണ്.

ജലസ്രോതസ്സുകൾ എല്ലാം നിറഞ്ഞുകവിഞ്ഞ നിലയിലാണ്. ദേശീയ, സംസ്ഥാന പാതകളിൽ വെള്ളക്കെട്ട് വ്യാപകമാണ്. ഇന്നലെ രാവിലെ മുതൽ രാത്രി വരെ മഴ തോർന്നിട്ടില്ല. ശക്തി കൂടിയും കുറഞ്ഞും മഴ പെയ്യുകയാണ്. പൊൻകുന്നത്ത് ദേശീയ പാതയിലേക്കു മരം വീണത് ഏറെ സമയം ഗതാഗതക്കുരുക്കിനു കാരണമായി.

kottayam-tree
പൊൻകുന്നം ഗവ.സ്കൂളിനു സമീപം മരം ദേശീയപാതയിലേക്ക് കടപുഴകി വീണ നിലയിൽ.

പൊൻകുന്നത്ത്  മരം വീണു
പൊൻകുന്നം ∙ ടൗണിനു സമീപം ദേശീയപാതയിലേക്കു കൂറ്റൻ തണൽമരം കടപുഴകി വീണു. ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിയോടെ ഗവ.ഹൈസ്കൂളിനു സമീപം നിന്ന തണൽ മരമാണ് കടപുഴകിയത്. കനത്ത മഴ പെയ്തു കൊണ്ടിരുന്നതിനാൽ കാൽനടയാത്രക്കാർ ആരുമില്ലാതിരുന്നതും വാഹനങ്ങളൊന്നും എത്താതിരുന്നതും അപകടം ഒഴിവായി. എതിർവശത്ത് കടകളില്ലാത്ത ഭാഗത്തേക്കാണ് വീണത്.

kottayam-rubber
കപ്പാട് വണ്ടനാമല കൈത്തോടു നിറഞ്ഞു സമീപ റബർ തോട്ടങ്ങളിൽ വെള്ളം കയറിയപ്പോൾ

ഫെഡറൽ ബാങ്ക് ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ അരികിലേക്കാണു മരത്തിന്റെ അഗ്രഭാഗം വീണത്. വൈദ്യുതി ലൈൻ പൊട്ടി വൈദ്യുതിവിതരണവും നിലച്ചു. ഒരു മണിക്കൂറിലേറെ നേരം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. മറ്റ് വഴികളിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ടു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണു മരം മുറിച്ചുമാറ്റിയത്. 4മണിക്കൂറിലേറെ പൊൻകുന്നം ടൗണിൽ വൈദ്യുതിവിതരണം നിലച്ചു.

kottayam-wall
എരുത്വാപ്പുഴ കൊച്ചുമാണിക്കുന്നേൽ കെ.വി. ജോസഫിന്റെ വീടിന്റെ മുകളിലേക്ക് മണ്ണടിഞ്ഞു വീണ് വീടിന്റെ ഭിത്തി തകർന്ന നിലയിൽ.

ഇടിമിന്നൽ ഭീതിയിൽ നാട്
ഉയരം കൂടിയ പ്രദേശങ്ങളിൽ ഇടി മിന്നൽ മൂലം മുൻപ് ഒട്ടേറെ  നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ ജനങ്ങൾ ഭീതിയിലാണ്. 2 ദിവസമായി മഴയ്ക്കൊപ്പം ഇടിമുഴക്കവും ഉണ്ട്.

മാറ്റി പാർപ്പിക്കാനും ശ്രമങ്ങൾ 
ശക്തമായ മഴ ഉണ്ടായാൽ കൂട്ടിക്കൽ പഞ്ചായത്തിലെ മലയോര മേഖലയിലെ ജനങ്ങളെ മാറ്റി താമസിപ്പിക്കാൻ പഞ്ചായത്ത് ഒരുക്കത്തിലാണ്. വാർഡ് തലങ്ങളിൽ മുൻപ് രൂപീകരിച്ച ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാകും ഇൗ പ്രവർത്തനങ്ങൾ നടത്തുക. എല്ലാ വാർഡുകളിലും പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.

ജലനിരപ്പ് ഉയരുന്നു
കനത്ത മഴയിൽ മണിമല ആറിന്റെ ഇരുകരകളും തൊട്ടാണ് വെള്ളം ഒഴുകുന്നത്. ഇന്നലെ വൈകിട്ട് മുണ്ടക്കയം ഭാഗത്ത് ജാഗ്രതാ മുന്നറിയിപ്പിന് 2 മീറ്റർ താഴെ വരെ ജലനിരപ്പുയർന്നു. മണിമല പഴയിടം പാലത്തിൽ ഒന്നര മീറ്റർ കൂടി ഉയർന്നാണ് കോസ്‌വേയിൽ വെള്ളം കയറുന്ന നിലയിലാണെന്നാണ് ഹൈഡ്രോളജി വകുപ്പിന്റെ കണ്ടെത്തൽ.

മണ്ണിടിച്ചിൽ വ്യാപകം
ദേശീയപാതയ്ക്ക് സമീപം കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംക്‌ഷനിൽ നിർമാണത്തിലിരുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുവീണു. ഇവിടെ ഉണ്ടായിരുന്ന സ്കൂട്ടറിനെ കേടുപാട് ഉണ്ടായി. എരുത്വാപ്പുഴ കൊച്ചുമാണിക്കുന്നേൽ കെ.വി. ജോസഫിന്റെ വീടിനു സമീപത്തുനിന്ന് മണ്ണിടിഞ്ഞുവീണ് വീടിനു കേടുപാട് സംഭവിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയപാത 183ൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

പെരുവന്താനം മുതൽ കുട്ടിക്കാനം വരെയുള്ള ഭാഗത്താണ് മണ്ണിടിച്ചിൽ ഭീഷണി ഏറെയുള്ളത് അതുകൊണ്ട് തന്നെ രാത്രികാല യാത്ര ഒഴിവാക്കുകയാണ് യാത്രക്കാരിലേറെയും.കൂട്ടിക്കൽ പോലുള്ള സ്ഥലങ്ങളിൽ പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന ഉരുൾപൊട്ടൽ പോലെയുള്ള ദുരന്തങ്ങൾക്ക് യാതൊരു പ്രതിവിധിയും നടത്തിയിട്ടില്ല.

കഴിഞ്ഞ പ്രളയത്തിന് ശേഷം വ്യക്തമായ പഠനങ്ങൾ നടത്തി ദുരന്ത സാധ്യതകൾ പഠിച്ച് മുൻകൂട്ടി അറിയാൻ കഴിയുന്ന സംവിധാനം ഏർപ്പെടുത്തും എന്ന് അറിയിച്ചു എങ്കിലും നടപടികൾ ഒന്നും ആയിട്ടില്ല.വെള്ളപ്പൊക്ക സാധ്യത ഒഴിവാക്കാൻ പ്രളയത്തിന് ശേഷം പുഴ പുനർജനി പദ്ധതി പ്രകാരം മണ്ണും മണലും ആറ്റിൽ നിന്നും നീക്കം ചെയ്തിരുന്നു.എന്നാൽ ചെറിയ മഴയിൽ ചെക്ക് ഡാമുകളിൽ ഉൾപ്പെടെ മണൽ നിറഞ്ഞിട്ടുണ്ട്.

പമ്പിന്റെ സംരക്ഷണ ഭിത്തി തകർന്നു
കാഞ്ഞിരപ്പള്ളി∙ കനത്ത മഴയിൽ പെട്രോൾ പമ്പിന്റെ സംരക്ഷണ ഭിത്തി തകർന്നു. പമ്പിൽ പാർക്ക് ചെയ്ത സ്കൂട്ടർ താഴേക്കു പതിച്ചു. ഇവിടെ പാർക്ക് ചെയ്തിരുന്ന കാർ മറ്റൊരു വാഹനത്തിൽ കെട്ടി വലിച്ച് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. 20 അടിയോളം പൊക്കമുള്ള സംരക്ഷണ ഭിത്തിയാണു തകർന്ന വീണത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT