ADVERTISEMENT

കോട്ടയം ∙ പയ്യപ്പാടി വെണ്ണിമല കേന്ദ്രീകരിച്ച് സ്വന്തം വീടിന്റെ അടുക്കളയിൽ വച്ച് വൻ തോതിൽ ചാരായം വാറ്റി വിൽപന നടത്തിയിരുന്ന മൂലകുന്നേൽ ജോർജ് റപ്പേൽ (42) പിടിയിലായി. രണ്ട് ലീറ്റർ ചാരായവും 300 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി കോട്ടയം എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബും സംഘവുമാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച എൻഫീൽഡ് ബൈക്കും കസ്റ്റഡിയിലെടുത്തു. 

കഴിഞ്ഞ രണ്ട് വർഷമായി സ്വന്തം വീടിന്റെ അടുക്കളയിൽ പത്ത് ലിറ്ററിന്റെ കുക്കറുകളിൽ വാറ്റുപകരണം ഘടിപ്പിച്ച് വൻ ചാരായം വാറ്റ് നടത്തുകയായിരുന്നു ഇയാൾ. എക്സൈസ് സ്പെഷൽ സ്ക്വാഡ് ഉദ്യോഗസ്ഥർ ഇയാളെ കഴിഞ്ഞ കുറെ ദിവസങ്ങളിലായി  നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസം ഡ്രൈ ഡേ ആയതിനാൽ വൻ വിൽപന പ്രതീക്ഷിച്ച് ശർക്കരയും പഞ്ചസാരയും മറ്റ് സുഗന്ധ ദ്രവ്യങ്ങളും ഇയാൾ ശേഖരിക്കുന്നതായി എക്സൈസിനു വിവരം ലഭിച്ചിരുന്നു.

ഓട്ടോ റിക്ഷക്കാരന്റെ വേഷത്തിലെത്തിയ എക്സൈസ് സംഘത്തിനു ആളറിയാതെ തന്റെ എൻഫീൽഡ് ബൈക്കിലെത്തി ചാരായം കൊടുക്കുകയും പിടിയിലാവുകയുമായിരുന്നു. ഉടൻ തന്നെ ഇയാളുടെ വീട് പരിശോധിച്ചപ്പോൾ വീടിന്റെ അടുക്കളയിൽ നിന്നും ചാരായവും ചാരായം വാറ്റുന്നതിനുള്ള കോടയും പ്രഷർ കുക്കറിനോട് ചേർന്ന് വാറ്റുപകരണങ്ങൾ ഘടിപ്പിച്ചിരിക്കുന്നതും കണ്ടെടുത്തു.

illegal-liquor-1

ആയുർവേദ ഉൽപന്നങ്ങൾ ചേർത്തുണ്ടാക്കുന്ന ചാരായം സ്പൂൺ ഉപയോഗിച്ച് കോരി കത്തിച്ച് ഗാഢത മനസ്സിലാക്കിയിരുന്നു. ലീറ്ററിന് 800 രൂപ നിരക്കിലായിരുന്നു ഇയാൾ ചാരായം വിറ്റിരുന്നത്. ചാരായം വാറ്റുമ്പോൾ ഉണ്ടാകുന്ന ഗന്ധം അയൽക്കാർ അറിയാതിരിക്കുവാൻ സാബ്രാണി പുകയ്ക്കുക പതിവായിരുന്നു. ആയതിനാൽ സമീപവാസികൾക്ക് യാതൊരു സംശയവും ഇല്ലായിരുന്നു. മാത്രവുമല്ല പൊതുജനങ്ങളുടെ മുന്നിൽ മാന്യമായ പെരുമാറ്റവും ആയിരുന്നതിനാൽ നാളുകളായി ഇയാൾ പിടിക്കപ്പെട്ടിട്ടില്ലായിരുന്നു. 

എക്സൈസ് കസ്റ്റഡിയിലിരിക്കുമ്പോഴും ഇയാളുടെ മൊബൈൽ ഫോണിലേക്ക് നിരവധി കോളുകൾ വന്നുകൊണ്ടിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്ന് എക്സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. റെയ്ഡിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബ്, പ്രിവന്റീവ് ഓഫിസർമാരായ കെ.ആർ. ബിനോദ്, അനു.വി ഗോപിനാഥ്, കെ.എൻ.വിനോദ്, അനിൽകുമാർ.ജി, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്യാം ശശിധരൻ, പ്രദീപ്.എം.ജി, പ്രശോഭ്.കെ.വി, രജിത്ത് കൃഷ്ണ, വനിത സിവിൽ എക്സൈസ് ഓഫിസർ വിജയ രശ്മി. വി എന്നിവർ പങ്കെടുത്തു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT