പുലർച്ചെ എഴുന്നേൽക്കുമ്പോൾ വീട്ടിനുള്ളിൽ മുട്ടറ്റം വെള്ളം; രക്ഷയില്ലാതെ സണ്ണിയുടെ കുടുംബം

Mail This Article
കോട്ടയം ∙ പുലർച്ചെ എഴുന്നേൽക്കുമ്പോൾ വീട്ടിനുള്ളിൽ മുട്ടറ്റം വെള്ളം; കഴിഞ്ഞ 70 വർഷമായി ആർപ്പൂക്കര വില്ലൂന്നി ഐക്കരമുക്ക് മേരി തോമസും കുടുംബവും മഴക്കാലത്ത് അനുഭവിക്കുന്ന ദുരിതമാണിത്. 80 വയസ്സുകാരി മേരിയുടെ ജീവിതം തകർത്തതും 2020ലെ മഴക്കാലത്തെ ഒരു പ്രളയമാണ്. വെള്ളപ്പൊക്കമുണ്ടായ ശേഷം വീടു ശുചീകരിക്കുന്നതിനിടെ തെന്നിവീണു മേരിയുടെ നട്ടെല്ലു പൊട്ടുകയും കയ്യൊടിയുകയും ചെയ്തു. സാമ്പത്തിക പരാധീനതയും മകന്റെ ഭാര്യയുടെ രോഗാവസ്ഥയും കാരണം വേണ്ട ചികിത്സ നടത്താൻ കഴിയാതെ മേരി കിടപ്പിലായി. മകൻ സണ്ണി എം.തോമസ്, ഭാര്യ കുഞ്ഞുമോൾ, മകൻ മെൽവിൻ എന്നിവരാണ് ഒപ്പമുള്ളത്. കുഞ്ഞുമോൾ ഹൃദ്രോഗിയാണ്.
കട്ടിലിനൊപ്പം വെള്ളം എത്തിയതോടെ സണ്ണി അമ്മ മേരിയെയും ഭാര്യ കുഞ്ഞുമോളെയും ഇന്നലെ ഉച്ചയോടെ വെച്ചൂരിലെ ബന്ധുവീട്ടിലേക്കു മാറ്റി. അടുക്കളയിൽ പാചകം ചെയ്യാൻ പോലും കഴിയാത്ത സാഹചര്യമാണ്. വീടിനു സമീപത്ത് ഒരു കിലോമീറ്ററോളം ദൂരത്തിൽ വെള്ളം ഉയർന്നു. മഴക്കാലം എത്തുമ്പോൾ ബന്ധുവീട്ടിലേക്കു മാറുക മാത്രമാണ് കുടുംബത്തിന്റെ മുന്നിലുള്ള ഏകമാർഗം. 2 സെന്റ് സ്ഥലത്താണു വീട്. ഈ സ്ഥലത്തിനു രേഖയൊന്നുമില്ല. പഞ്ചായത്തിൽ ലൈഫ് മിഷൻ ഭവന പദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും സ്ഥലമുള്ളവർക്കേ വീടു നൽകൂവെന്ന മറുപടിയാണു ലഭിച്ചത്.