കൃഷിയിടത്തെ വെള്ളത്തിൽ മുക്കി തടയണ

Mail This Article
നെടുംകുന്നം ∙ പഞ്ചായത്തിലെ നെടുമണ്ണി തോട്ടിലെ തടയണ ‘ ഒന്നൊന്നര പണിയാണ്.’ തടയണ വന്നതോടെ ശക്തമായൊരു മഴ പെയ്താൽ കൃഷിയിടം വെള്ളത്തിലാകും. മഴ പിന്നെയും കൂടിയാൽ പാലം കവിഞ്ഞൊഴുകി കറുകച്ചാൽ – മണിമല റോഡിലെ ഗതാഗതം പോലും മുടങ്ങും. കൃഷിയിടത്തിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതോടെ കപ്പ ഉൾപ്പെടെയുള്ള കൃഷിയുടെ കാര്യത്തിൽ ‘ തീരുമാനമാകുമെന്ന് ’ കർഷകർ പറയുന്നു. വെള്ളക്കെട്ടിലെ കപ്പയെല്ലാം വാടി നിൽക്കുകയാണ്. ഓരോ തവണ വെള്ളം പൊങ്ങുമ്പോൾ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടാകുന്നത്.
∙ തടയണയ്ക്ക് വയസ്സ് 7
നെടുംകുന്നം - കങ്ങഴ പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന നെടുമണ്ണി തോട്ടിലെ തടയണ കാരണം ഓരോ കാലവർഷക്കാലത്തും വലിയ ദുരിതമാണ് പ്രദേശവാസികൾക്ക് ഉണ്ടാകുന്നത്.7 വർഷം മുൻപാണ് ഇവിടെ ജലനിധി പദ്ധതിയുടെ കിണറും പമ്പ് ഹൗസും സ്ഥാപിച്ചത്. കിണർ ജലസമൃദ്ധമാക്കുന്നതിനായി സമീപത്തെ നെടുമണ്ണി തോട്ടിൽ തടയണയും നിർമിച്ചു. എന്നാൽ അശാസ്ത്രീയമായി നിർമിച്ച തടയണ വളരെ പെട്ടെന്ന് നിറയും. ആഴം കുറഞ്ഞ തോടായതിനാൽ വളരെ വേഗത്തിൽ സമീപത്തെ കൃഷിയിടങ്ങളും വെള്ളത്തിലാകും.